പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഒന്നര കി.മീ റോഡ് ഷോ, തൃശൂർ ന​ഗരം കനത്ത സുരക്ഷാ വലയത്തിൽ, ഗതാഗത നിയന്ത്രണം, കടകൾ തുറക്കരുതെന്ന് നിർദേശം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്  ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായിട്ടുണ്ട്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും.

പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വേറെയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. ചില മത നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമനമായില്ല. തീരുമാനമായാൽ കൂടിക്കാഴ്ച വേദിക്ക് സമീപം നടക്കും.

തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ബി ജെ പി നേതാക്കളുൾപ്പെടെ മൊത്തം  42 പേർ വേദിയിലുണ്ടാകും. നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമൻ, മിന്നുമണി, ബീനാ കണ്ണൻ തുടങ്ങി എട്ടു പ്രമുഖ വനിതകൾ വേദിയിലുണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സുരേഷ്‌ ഗോപി തുടങ്ങി പ്രധാന പുരുഷനേതാക്കൾ മാത്രമേ വേദിയിലുണ്ടാകൂ. ബാക്കി എല്ലാം ബി.ജെ.പി.യിലെ വനിതാനേതാക്കളായിരിക്കും.

 

ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചു. അതിനിടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ഉണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൂരനഗരി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തില്‍. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകടത്തിവിടുന്നത്. മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

 

ഗതാഗത നിയന്ത്രണം

ബുധനാഴ്ച രാവിലെ 11 മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതനിയന്ത്രണം ആരംഭിക്കും. സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ളവ റൗണ്ടിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പാലക്കാട് ഭാഗത്തുനിന്ന്‌ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രക്ക്, ലോറി എന്നിവ മുടിക്കോട്ടുനിന്ന് വലത്തേക്കുതിരിഞ്ഞ് ചിറയ്ക്കാക്കോട്, തേറമ്പം, മാടക്കത്തറ പവർ ഹൗസ്, പൊങ്ങണംകാട്, പള്ളിമൂല, വിയ്യൂർ പവർഹൗസ് വഴി പോകണം.

കോഴിക്കോട്ടുനിന്ന്‌ എറണാകുളം ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ കുറ്റിപ്പുറം പാലം കഴിഞ്ഞ് വലത്തോട്ടുതിരിഞ്ഞ് പൊന്നാനി വഴി ചാവക്കാട്ടെത്തി ഹൈവേയിലൂടെ വാടാനപ്പള്ളി, തൃപ്രയാർ, കൊടുങ്ങല്ലൂർ വഴി പോകണം. കോഴിക്കോട് ഭാഗത്തുനിന്ന്‌ പാലക്കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പെരുമ്പിലാവിൽനിന്ന്‌ തിരിഞ്ഞ് പട്ടാമ്പി റോഡ് വഴി പോകണം. നഗരത്തിൽ പ്രവേശിക്കുന്ന യാത്രാബസുകൾ നേരിട്ട് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പ്രവേശിപ്പിക്കണം. കോഴിക്കോട്, കുന്നംകുളം, ഗുരുവായൂർ, അടാട്ട് എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾ പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജങ്ഷൻ വഴി തിരികെ സർവീസ് നടത്തണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!