റൺവേയിലൂടെ ഓടികൊണ്ടിരിക്കെ വിമാനം കത്തിയമർന്നു; യാത്രക്കാരെ പുറത്തെത്തിച്ചതായി റിപ്പോർട്ട് – വീഡിയോ

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. ജപ്പാൻ എയർലൈൻസിൻ്റെ വിമാനമാണ് റൺവേയിൽ തീപിടിച്ചത്. ചൊവ്വാഴ്ച ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലാണ് അപകടം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ജപ്പാൻ എയർലൈൻസിൻ്റെ ജെ എ എൽ 516 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റൺവേയിൽ വെച്ച് തീപിടിച്ച വിമാനം മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം പൂർണമായി കത്തിയമർന്നുവെന്നാണ് റിപ്പോർട്ട്.

 

 

 

12 ജീവനക്കാരടക്കം 379 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്നും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കോസ്റ്റ് ഗാർഡ് വിമാനത്തിലെ ജീവനക്കാരെ കണ്ടെത്തി. ഇവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല. റൺവേയിൽ വെച്ച് കോസ്റ്റ്ഗാർഡിൻ്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിമാനം കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

 

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാന്നാണ് ഹനേഡ. വടക്കൻ ജപ്പാനിലെ ദ്വീപായ ഹോക്കൈഡോയിലെ സപ്പോറോ വിമാനത്താവളത്തിൽ നിന്നാണ് കത്തിനശിച്ച വിമാനം എത്തിയത്. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിൽ നാനൂറോളം പേർ ഉണ്ടായിരുന്നതായും ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചുവെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭൂചലനമുണ്ടായ മേഖലകളിലെക്ക് സഹായമെത്തിക്കാൻ പോയ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. റൺവേയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടി ഉണ്ടായോ എന്ന് വ്യക്തമല്ലെങ്കിലും വിമാനം കത്തി നശിച്ചതായി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിൽ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് 70ലധികം ഫയർ എഞ്ചിനുകൾ വിന്യസിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!