കേരളത്തിൽ യുഎഇ സർക്കാറിൻ്റെ നിക്ഷേപം; മൂന്നാറിലോ വാഗമണ്ണിലോ ടൗൺഷിപ്പിന് പദ്ധതി

തിരുവനന്തപുരം: യുഎഇ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മൂന്നാറിലോ വാഗമണ്ണിലോ ടൂറിസം ടൗൺഷിപ് നടപ്പാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടും. വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ടുള്ള പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അനുമതി അനിവാര്യമാണ്. ഇതു കണക്കിലെടുത്താണ് കേന്ദ്രാനുമതി തേടുക. പദ്ധതി ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. യുഎഇ സർക്കാർ മുന്നോട്ടുവച്ച പദ്ധതി ടൂറിസം, റവന്യു വകുപ്പുകളുടെ പരിഗണനയിലാണ്. പരിസ്ഥിതിലോല പ്രദേശമായതിനാൽ മൂന്നാറിലും വാഗമണ്ണിലും പദ്ധതി നടപ്പാക്കുന്നതിനോട് വലിയ എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, പദ്ധതിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനാണ് റവന്യു വകുപ്പ് താഴേത്തട്ടിലേക്കു നൽകിയിരിക്കുന്ന നിർദേശം.

മുഖ്യമന്ത്രിയുമായി യുഎഇ അംബാസഡർ  നടത്തിയ കൂടിക്കാഴ്ചയിലാണു നിർദേശം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി ഇൗ നിർദേശം ചീഫ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. യുഎഇ സർക്കാർ പദ്ധതിയോടു താൽപര്യം കാട്ടിയിട്ടുണ്ടെങ്കിലും നിക്ഷേപിക്കുന്നത് സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ ആകാൻ സാധ്യതയുണ്ട്. നിക്ഷേപം ഏതു തരത്തിലായിരിക്കുമെന്നതു സംബന്ധിച്ച് ഇതുവരെ സർക്കാരിനു വ്യക്തത വന്നിട്ടില്ല. നിക്ഷേപത്തിന്റെ സ്വാഭാവം വ്യക്തമാക്കണമെന്ന് യുഎഇ സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടും.

അതേസമയം, പദ്ധതിക്കു പിന്നിൽ ബെനാമി ഇടപാടാണെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ‌ ഉയർന്നിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന തരത്തിലാണ് ടൗൺഷിപ് നടപ്പാക്കാൻ ആലോചിക്കുന്നതെങ്കിലും ഒട്ടേറെ പരിസ്ഥിതി ഇളവുകൾ സർക്കാർ ചെയ്തുകൊടുക്കേണ്ടി വരും. മുമ്പ് യുഎഇ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയെന്ന പേരിൽ‌ കേരളത്തിൽ നടപ്പാക്കിയ പദ്ധതികൾ കമ്പനികളുടെയും വ്യക്തികളുടെയും നിക്ഷേപമാണെന്ന് വൈകിയാണു ബോധ്യപ്പെട്ടത്.
Share
error: Content is protected !!