വരനെ പുതിയ വിസയിൽ നാട്ടിൽ നിന്ന് കൊണ്ടുവന്നു; പ്രവാസി വീട്ടുവേലക്കാരിയുടെ വീട്ടുകാർ ഉറപ്പിച്ച വിവാഹം സ്വന്തം വീട്ടിൽ വെച്ച് നടത്തി കൊടുത്ത് സ്‌പോൺസർ – വീഡിയോ

വീട്ടുജോലിക്കാരിയുടെ വിവാഹം സ്വന്തം വീട്ടിൽ വെച്ച് നടത്തി കൊടുത്ത് സ്പോണ്സറായ സൗദി പൗരൻ. റിയാദിൽ ഹായിൽ മേഖലയിലെ ബഖ്ആ ഗവർണറേറ്റിലാണ് പുതുമനിറഞ്ഞ ഈ വിവാഹം നടത്താൻ സ്പോണ്സർ തയ്യാറായത്.

സൗദി പൗരനായ തുര്‍ക്കി ജസാ അല്‍ ഹംദാനാണ് തൻ്റെ വീട്ടിലെ വീട്ടുജോലിക്കാരിയായ ബംഗ്ലാദേശുകാരിയുടെ വിവാഹം സ്വന്തം വീട്ടിൽവെച്ച് നടത്തികൊടുത്തത്. ബംഗ്ലാദേശുകാരനായ അവരുടെ പ്രതിശ്രുത വരനെ പുതിയ വിസ അയച്ചുകൊടുത്ത്  സൗദിയിലേക്ക് കൊണ്ടുവന്നാണ് വിവാഹം നടത്തിയത്. വിവാഹശേഷം ദമ്പതികൾക്ക് തൻ്റെ വീട്ടിൽ തന്നെ താമസ സൌകര്യമൊരുക്കുമെന്നും സൗദി പൗരനായ തുര്‍ക്കി ജസാ അല്‍ ഹംദാൻ പറഞ്ഞതായി അൽ അറബിയ്യ റിപ്പോർട്ട് ചെയ്തു.

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിനായി യുവതി ബംഗ്ലാദേശിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഹംദാൻ്റെ വീട്ടിലെ കുട്ടികളെ പരചരിക്കുന്നതായിരുന്നു ബംഗ്ലാദേശ് യുവതിയുടെ പ്രധാന ജോലി. കുട്ടികളുമായി ഏറെ അടുപ്പം നിലനിറുത്തിയിരുന്ന യുവതിക്ക് കുട്ടികളെ പിരിഞ്ഞിരിക്കുന്നത് ഏറെ മനപ്രയാസമുണ്ടാക്കി. കുട്ടികൾക്കും യുവതിയുമായി ഏറെ അടുപ്പമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയതോടെയാണ് അൽ ഹംദാൻ യുവതിയുടെ പ്രതിശ്രുത വരനെ സൌദിയിലേക്ക് കൊണ്ടുവരാനും സ്വന്തം വീട്ടിൽവെച്ച് വിവാഹം നടത്താനും തീരുമാനമെടുത്തത്.

ബംഗ്ലാദേശിൽ നടന്ന് വരുന്ന രീതിയിലായിരുന്നു യുവതിയുടെ വിവാഹ വസ്ത്രധാരണം. എന്നാൽ സൌദികളുടെ വേഷം ധരിച്ചായിരുന്നു വരൻ ചടങ്ങിനെത്തിയത്. വിവാഹ വിരുന്നിൽ യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ ഏതാനും ബംഗ്ലാദേശികളും പങ്കെടുത്തു. കൂടാതെ സൌദി പൌരൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. തൻ്റെ മക്കളെ സ്വന്തം മക്കളെ പോലെയാണ് ബംഗ്ലാദേശ് യുവതി പരിചരിക്കുന്നതെന്ന് അൽ ഹംദാൻ പറഞ്ഞു.

 

വീഡിയോ കാണാം..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!