ഖത്തറില്‍ മലയാളി ഉള്‍പ്പെടെ 8 മുന്‍ ഇന്ത്യന്‍നാവികരുടെ വധശിക്ഷ റദ്ദാക്കി; ജയില്‍ശിക്ഷ അനുഭവിക്കണം
മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷയിൽ ഖത്തർ ഇളവ് വരുത്തിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. നാവികർക്ക് നിയമസഹായം നൽകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചാരവൃത്തി കേസിലാണ് നാവികരെ ഖത്തർ വധശിക്ഷക്ക് വിധിച്ചത് . അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും.
ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
‘ദഹ്റ ഗ്ലോബല്‍ കേസില്‍ ശിക്ഷ ഇളവുചെയ്ത ഖത്തറിലെ അപ്പീല്‍ കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഖത്തറിലെ ഞങ്ങളുടെ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കോടതിയില്‍ ഉണ്ടായിരുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടായിരുന്നു, എല്ലാ കോണ്‍സുലര്‍, നിയമസഹായങ്ങളും തുടര്‍ന്നും ലഭ്യമാക്കും. ഖത്തര്‍ അധികൃതരുമായി ഞങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് തുടരും’, കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക