എഐ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയാല്‍ സൗദിയില്‍ അഞ്ച് വര്‍ഷം വരെ തടവ്

റിയാദ്: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ സൗദിയില്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ. മറ്റുള്ളവരുടെ ശബ്ദത്തില്‍ കൃത്രിമം കാണിക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന നൂതന എഐ വീഡിയോ ക്ലിപ്പുകള്‍ വ്യാപിച്ചതോടെയാണ് നിയമവിദഗ്ധര്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള അപകീര്‍ത്തികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് സൗദിയിലെ പ്രമുഖ അഭിഭാഷകന്‍ സയീദ് അല്‍ ഖര്‍നി സൗദി ടിവി അല്‍ ഇഖ്ബാരിയയോട് പറഞ്ഞു.

സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ പ്രത്യേക സംഘം 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഒകാസ് ദിനപത്രം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ സൗദി അധികൃതര്‍ നിരവധി സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ശക്തമായ നടപടി സ്വീകരിച്ചിരുന്നു.

പ്രശസ്ത സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കെതിരേയാണ് നടപടി കൈക്കൊണ്ടത്. സൗദി സംസ്‌കാരത്തിന് നിരക്കാത്ത ഉള്ളടക്കം പോസ്റ്റ് ചെയ്തതിനും നിയമനടപടികള്‍ സ്വീകരിക്കുകയുണ്ടായി. ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍, ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ വിഭാഗങ്ങളാണ് ഈ മേഖലയിലെ നിരീക്ഷണത്തിന് അധികാരമുള്ള വിഭാഗങ്ങള്‍.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!