മലയാളിയാണെങ്കിലും അപരിചിതര്‍ക്ക് സഹായം നല്‍കരുത്; പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകൻ്റെ മുന്നറിയിപ്പ്
ദമ്മാം: കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട സ്വന്തം ജ്യേഷ്ടന്റെ അനുഭവം മുന്‍നിര്‍ത്തി സൗദി അറേബ്യയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച മുന്നറിയിപ്പ് സന്ദേശം ഏവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. അന്യദേശങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ തീര്‍ച്ചയായും ഓര്‍ത്തുവയ്‌ക്കേണ്ട അനുഭവപാഠമാണിത്. ദമ്മാമിലെ കെഎംസിസി പ്രവര്‍ത്തകനായ ഫൈസല്‍ ഇരിക്കൂറാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് പ്രവാസികളുടെ അറിവിലേക്കായി ഞെട്ടിക്കുന്ന കഥ പങ്കുവച്ചത്.
മലയാളിയാണെങ്കില്‍ പോലും അപരിചതരെ വാഹനത്തില്‍ കയറ്റുന്നതു പോലുള്ള സഹായം നല്‍കരുതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. ദമ്മാമിലെ ഖോബാറില്‍ മൂന്നു ദിവസം മുമ്പാണ് സംഭവം. ജോലിയുടെ ഭാഗമായി കിഴക്കന്‍ സൗദിയിലെ പ്രമുഖ വാണിജ്യ നഗരമായ ഖോബാറിലെ ഒരു ഷോപ്പില്‍ സാധനം നല്‍കി മടങ്ങുകയായിരുന്ന ഫൈസലിന്റെ സഹോദരനെ മറ്റൊരു മലയാളി സമീപിച്ചു. യുവാവ് കടയില്‍ നിന്നിറങ്ങി വാഹനം പാര്‍ക്ക് ചെയ്തിടത്തേക്ക് ചെന്നപ്പോഴായിരുന്നു സംഭവം.
വാഹനം കയറാന്‍ നേരം ഖോബാറിലേക്കാണോയെന്ന് ചോദിച്ചാണ് അയാള്‍ ഡ്രൈവറുടെ അടുത്തെത്തിയത്. തണുപ്പുള്ള കാലാവസ്ഥയില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കുന്ന അയാളുടെ മുഖഭാവവും മറ്റും കണ്ടപ്പോള്‍ പന്തികേട് തോന്നി അദ്ദേഹം ഖോബാറിലേക്ക് അല്ല, റാഖയിലേക്ക് ആണെന്ന് പറഞ്ഞു. ഇതോടെ 20 റിയാല്‍ തരാം എന്നെ ഒന്ന് അവിടേക്ക് എത്തിക്കുമോയെന്ന് ചോദിച്ചു. അപ്പോള്‍ കൂടുതല്‍ പന്തികേട് തോന്നിയതിനാല്‍ കയറ്റാന്‍ വിസമ്മതിച്ചു. സംസാരം തുടരുന്നതിനിടെ ഏതാനും സുരക്ഷാ വാഹനങ്ങളിലായി ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി ഈ മലയാളിയെ പിടികൂടി ഉടന്‍ കയ്യാമം വെച്ച് കീഴ്‌പ്പെടുത്തി.
ഇതെല്ലാം കണ്ട് അന്തംവിട്ട് നില്‍ക്കുകയായിരുന്ന മലയാളി ഡ്രൈവറെ ഉടന്‍ പോലീസ് വിളിക്കുകയും തുടര്‍ന്ന് ചോദ്യം ചെയ്യലും നടത്തി. അയാളുമായുള്ള ബന്ധം, എന്താണ് സംസാരിച്ചത്, എന്തെങ്കിലും കൈമാറിയോ തുടങ്ങിയുള്ള ചോദ്യങ്ങളാണ് പോലീസ് മലയാളി ഡ്രൈവറോട് നടത്തിയത്. തുടര്‍ന്ന് ഇഖാമ പരിശോധിക്കുകയും സംശയകരമായി ഒന്നും കണ്ടെത്താത്തതിനാലും വിട്ടയക്കുകയായിരുന്നു.
കാരുണ്യമോ പരോപകാരമോ കരുതി അയാളെ വാഹനത്തില്‍ കയറ്റിയിരുന്നെങ്കില്‍ തന്റെ സഹോദരനും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നുവെന്ന് ഫൈസല്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ അഴിക്കുള്ളില്‍ കഴിയേണ്ടിവന്ന നിരപരാധികളുടെ കഥകളും അദ്ദേഹം അനുസ്മരിച്ചു.
ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിക്കുകയോ മയക്കുമരുന്ന് നേരില്‍ കാണുക പോലുമോ ചെയ്യാത്തവര്‍ ഇങ്ങനെ കുരുക്കിലകപ്പെടുന്നു. മയക്കുമരുന്ന്, മദ്യം, കൊലപാതകം തുടങ്ങിയ കേസുകള്‍ക്ക് സൗദിയില്‍ വധശിക്ഷ ഉള്‍പ്പെടെയുള്ള കനത്ത ശിക്ഷയാണ് നല്‍കുന്നത്. യാത്രാ സൗകര്യം നല്‍കിയതിന്റെ പേരില്‍ ഇതുപോലെ കുടുങ്ങി ജയിലറകള്‍ക്കുള്ളില്‍ കഴിയുന്നവരുണ്ട്. നിരപരാധിയാണെന്ന് തെളിയിക്കാന്‍ പിന്നീട് ഒരുപക്ഷേ അവസരം ലഭിച്ചേക്കാമെങ്കിലും ജോലിയടക്കം പലതും അപ്പോഴേക്കും നഷ്ടമായിരിക്കും.
കാണാനില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പരാതിപ്പെടുമ്പോള്‍ സാമൂഹിക പ്രവര്‍ത്തകര്‍ എംബസിയുടെയോ കോണ്‍സുലേറ്റിന്റെയോ അനുവാദത്തോടെയും മറ്റും അന്വേഷണം നടത്തുമ്പോള്‍ ഇടപെടാന്‍ പോലും കഴിയാത്ത വിധം കേസുകളില്‍ കുരുങ്ങിയിട്ടുണ്ടാവും. നിരപരാധികള്‍ സമൂഹത്തിനു മുന്നില്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുന്നതിനും ഇത് ഇടയാക്കും. വാഹനത്തില്‍ നിന്നോ സ്വന്തം താമസസ്ഥലത്തുനിന്നോ മദ്യം, മയക്കുമരുന്ന് പോലെയുള്ള വസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ തൊണ്ടിസഹിതം പിടിച്ചുവെന്നതിനാല്‍ നിരപരാധിത്വം തെളിയിക്കുക ദുഷ്‌കരമാവും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക