മറിയക്കുട്ടിയുടെ പെൻഷൻ കുടിശിക കേസ്: സർക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് അഭിഭാഷകൻ, കോടതിയിൽ നാടകീയ രംഗങ്ങൾ

വിധവാ പെൻഷൻ കുടിശിക കിട്ടാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ  സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ടി.ബി.ഹൂദ് എതിർപ്പറിയിച്ചത് കോടതിയിൽ നാടകീയ രംഗം സൃഷ്ടിച്ചു. ഹർജിയിൽ കോടതി വിധി പറഞ്ഞു തുടങ്ങിയപ്പോഴാണ് സർക്കാർ അഭിഭാഷകൻ എതിർപ്പ് അറിയിച്ചത്. വിധവാ പെൻഷൻ മുടങ്ങിയ മറിയക്കുട്ടി നൽകിയ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും ഇവർക്കു പുറത്തുനിന്നു സഹായ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമുള്ള സർക്കാർ നിലപാടിനെ വിമർശിച്ചുകൊണ്ടായിരുന്നു കോടതി തുടങ്ങിയത്.

ഗവ പ്ലീഡറുടെ പ്രസ്താവന വ്യക്തമാക്കാൻ നിർദേശിച്ചു ഹൈക്കോടതി ഉത്തരവു പറയുന്നത് നിർത്തി. തുടർന്ന് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം കണക്കിലെടുക്കേണ്ടതില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഇവ ഹൈക്കോടതി രേഖപ്പെടുത്തിയില്ല.

അഭിഭാഷകൻ പറഞ്ഞത്: ‘‘ഹർജിക്കാരിയുടെ പ്രവൃത്തി രാഷ്ട്രീയപ്രേരിതമാണെന്നും പ്രമുഖർ സഹായം വാഗ്ദാനം ചെയ്തെന്നുമുള്ളത് ആരോപണമല്ല. മാധ്യമങ്ങളിലും പൊതുഇടങ്ങളിലും പ്രചരിച്ച കാര്യമാണ്. എല്ലാവർക്കും അറിയാവുന്നതാണ്. ആർക്കും കാണാവുന്നതാണ്. ആരെങ്കിലും കണ്ണടച്ചുപിടിച്ചാൽ കാണാനാവില്ല. ഹർജിക്കാരി പണം വാങ്ങിയെന്നു ഞാൻ പറഞ്ഞിട്ടില്ല. കോടതി ഏറ്റെടുത്ത വിഷയമാണ്. ആ സാഹചര്യത്തിൽ ഹർജിക്കാരി നിശ്ശബ്ദത പാലിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്നാൽ അവർ അത് ചെയ്യുന്നില്ല. സത്യസന്ധമായ പരാതിയുമായി കോടതിയെ സമീപിക്കുകയാണെങ്കിൽ ഇതു പറയില്ല.’’

ഹർജിക്കാരിക്ക് സഹായം ആവശ്യമെങ്കിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കിൽ സഹായം നൽകാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ അറിയിച്ചതും കോടതി രേഖപ്പെടുത്തി. ഹർജിക്കാരിയെയും സമാന സ്ഥിതിയിലുള്ളവരെയുംകുറിച്ച് സഹാനൂഭൂതി രേഖപ്പെടുത്തുകയാണെന്ന് അറിയിച്ചു.

സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ വിധവാ പെൻഷൻ ഉൾപ്പെടെ നൽകുമെന്നു സർക്കാർ അറിയിച്ചെങ്കിലും ഏതു തീയതിയിൽ നൽകുമെന്നു പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.  ഭക്ഷണത്തിനും മരുന്നിനും വേണ്ടി ഇവരെ നിയമനടപടിക‍ൾക്കായി വലിച്ചിഴയ്ക്കേണ്ടതില്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ മിടിപ്പ് സർക്കാരിന് അറിയാമെന്നാണു സർക്കാർ അഭിഭാഷകൻ അറിയിച്ചത് – കോടതി ചൂണ്ടിക്കാട്ടി.

∙ ഹർജിക്കാരി പറഞ്ഞത് (അഭിഭാഷകൻ വഴി): 2 രൂപ അഡീഷനൽ സെസ് ഒരു ലീറ്റർ പെട്രോളിനും 20 രൂപ 500 മില്ലി മദ്യത്തിനും ഈടാക്കുന്നുണ്ട്. ഈ തുക എവിടെപ്പോയി? നിലനിൽപ്പിനുവേണ്ടി പാവപ്പെട്ട ഒരു സ്ത്രീ കോടതിയെ സമീപിക്കുമ്പോൾ പരിഹാരം നിർദേശിക്കാതെ ഇത്തരത്തിലുള്ള വാദം ഉന്നയിക്കരുത്. എവിടെയാണ് ഈ പണം പോയതെന്ന് അറിയിക്കണം. ആരുടെയും ചാരിറ്റി വേണ്ട.

മറ്റുള്ളവരിൽനിന്നു സാമ്പത്തികമായിട്ടുള്ളതോ അല്ലാത്തതുമായോ സഹായം ഞാൻ സ്വീകരിക്കുന്നുണ്ടെങ്കിൽ കോടതി നൽകുന്ന ഏതു ശിക്ഷയും അനുഭവിക്കാൻ തയാറാണ്. എന്നാൽ, തിരിച്ചാണെങ്കിൽ കോടതി നൽകുന്ന ശിക്ഷ സ്വീകരിക്കാൻ സർക്കാർ അഭിഭാഷകൻ തയാറാണോ? ഇത്തരം കാര്യങ്ങൾ പറയരുതെന്നു കോടതി നിർദേശിക്കണം. ആവശ്യത്തിന് പീഡനം കിട്ടിക്കഴിഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

 

Share
error: Content is protected !!