കൊച്ചിയിൽനിന്ന് കുട്ടികളെ തട്ടിയെടുത്ത സംഘം അറസ്റ്റിൽ; കുട്ടികളുമായി പോയ പ്രതിയെ ഗുവാഹത്തിയിൽ തടഞ്ഞു
എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി (26) എന്നിവരാണ് പിടിയിലായത്. വടക്കേക്കര പൊലീസാണ് ഇവരെ പിടികൂടിയത്. ഇവിടെനിന്നു നൽകിയ വിവരത്തെ തുടർന്ന് ഈ കുട്ടികളെയും മറ്റൊരു പ്രതിയായ ഷാഹിദ എന്ന യുവതിയെയും ഗുവാഹത്തി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇവരെ എറണാകുളത്ത് എത്തിക്കാനായി പൊലീസ് സംഘം അവിടേക്കു പുറപ്പെട്ടു.
വടക്കേക്കര മച്ചാംതുരത്ത് ഭാഗത്തു താമസിക്കുന്ന അസം സ്വദേശികളുടെ മൂന്നിലും അഞ്ചിലും പഠിക്കുന്ന മക്കളെയാണ് ഷാഹിദയുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ അകന്ന ബന്ധു കൂടിയാണ് ഷാഹിദ. കുട്ടികളുടെ മാതാപിതാക്കളുമായി ഷാഹിദയ്ക്കുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് ഭാഷ്യം.
സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവരെ പ്രതികൾ കടത്തിക്കൊണ്ടു പോയത്. ജഹദ് അലിയുടെ സഹായത്തോടെ കൊച്ചി വിമാനത്താവളത്തിലെത്തി ടിക്കറ്റെടുത്ത് ഇവർ ഗുവാഹത്തിയിലേക്കു പോവുകയായിരുന്നുവെന്നാണ് വിവരം. പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോകാൻ സഹായിച്ചവരെ പിടികൂടിയതും കുട്ടികളെ ഗുവാഹത്തി വിമാനത്താവളത്തിൽവച്ച് കണ്ടെത്തിയതും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക