സ്കൂളിലെ മെഡിക്കൽ ക്യാംപിൽ 15കാരി എട്ടു മാസം ഗർഭിണിയെന്ന് കണ്ടെത്തി; ആൺസുഹൃത്തിനെതിരെ കേസ്

ഗോവയിൽ ഒരു സ്കൂളില്‍ നടത്തിയ പതിവു മെഡ‍ിക്കൽ ക്യാംപിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി എട്ടു മാസം ഗർഭിണിയാണെന്നു കണ്ടെത്തി. 15 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ഗർഭിണിയാണെന്നു കണ്ടെത്തിയത്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തു. രണ്ടു പേരും സുഹൃത്തുക്കളാണ്.

ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുന്നവരാണെന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടി പിതാവിനൊപ്പവും പെൺകുട്ടി അമ്മയ്‌ക്കൊപ്പവുമാണ് താമസിച്ചിരുന്നത്. സംസ്ഥാനത്തിനു പുറത്ത് ജോലി ചെയ്യുന്ന പിതാവിന്, പെൺകുട്ടിയെ 15 ദിവസത്തിലൊരിക്കൽ കാണാൻ മാത്രമാണ് അനുമതിയുള്ളതെന്ന് പൊലീസ് വെളിപ്പെടുത്തി.

അടുത്തടുത്താണു രണ്ടു പേരുടെയും കുടുംബങ്ങൾ താമസിച്ചിരുന്നത്. വീടിന്റെ പരിസരത്ത് വോളിബോൾ കളിക്കുന്നിടത്തു വച്ചാണ് ഇരുവരും അടുത്തത്. കളിക്കുശേഷം ജനറേറ്റർ മുറിയിൽ പോയി അടുത്തിടപഴകിയിരുന്നതായും പൊലീസ് പറഞ്ഞു.

‘സ്കൂളിൽ നടത്തിയ മെഡിക്കൽ ചെക്കപ്പിനിടെ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരം പെൺകുട്ടിയുടെ മാതാവിനെ അറിയിച്ചു. ഡോക്ടർമാർ പെൺകുട്ടിയെ ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കാനും നിർദ്ദേശിച്ചു. പെൺകുട്ടിയുടെ പ്രസവം അടുത്ത മാസം ഉണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്’ – പൊലീസ് വിശദീകരിച്ചു.

ബന്ധം തുടങ്ങുന്ന സമയത്ത് ഇരുവർക്കും പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ അടുത്തിടെ ആൺകുട്ടിക്ക് 18 വയസ്സു പൂർത്തിയായി. സംഭവം നടക്കുമ്പോൾ ആൺകുട്ടിയും പ്രായപൂർത്തിയാകാത്ത ആളായിരുന്നു എന്നതിനാൽ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുൻപിലാണു ആൺകുട്ടിയെ ഹാജരാക്കിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!