ബസ്സുകളിലും പാർക്കുകളിലും ഉൾപ്പെടെ എല്ലാ പൊതുസ്ഥലങ്ങളിലും സൗജന്യ വൈഫൈ സേവനം നല്കി തുടങ്ങി; പ്രവാസികൾക്കും സേവനം ലഭിക്കും
യുഎഇയിലെ അബുദാബി എമിറേറ്റില്‍ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും.
രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ച് എമിറേറ്റിലെ മുനിസിപ്പാലിറ്റികളും അബുദാബി ഗതാഗത വകുപ്പും ചേര്‍ന്നാണ് സൗജന്യ പബ്ലിക് വൈഫൈ സേവനം ലഭിയമാക്കുന്നത്. ഹല വൈഫൈ എന്നറിയപ്പെടുന്ന സൗജന്യ സേവനം എമിറേറ്റിലുടനീളം പൊതു ബസ്സുകളിലും പാര്‍ക്കുകളിലും ലഭ്യമാകുമെന്ന് അബുദാബി മീഡിയ ഓഫീസ് എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.
എമിറേറ്റിലെ 44 പൊതു പാര്‍ക്കുകളിലും സൗജന്യ വൈഫൈ ലഭ്യമാണ്. അബുദാബിയില്‍ 19ഉം അല്‍ഐനില്‍ 11ഉം അല്‍ ദഫ്രയില്‍ 14ഉം പൊതു ഉദ്യാനങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക. അബുദാബി കോര്‍ണിഷ് ബീച്ചിലും അല്‍ ബതീന്‍ ബീച്ചിലും വൈകാതെ സേവനം ലഭ്യമാകും. ഓരോ മണിക്കൂര്‍ ഇടവിട്ടും പരസ്യ ഇടവളയുണ്ടാകും.
ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തി അബുദാബിയുടെ സ്മാര്‍ട്ട് സിറ്റി വികസനത്തിലേക്കുള്ള നീക്കം ശക്തിപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അബുദാബിയിലെ പൊതുബസ്സുകളില്‍ സൗജന്യ വൈഫൈ നേരത്തേ തന്നെ ലഭ്യമായിരുന്നു. അതുപോലെ, എമിറേറ്റ്സ് ഫോണ്‍ നമ്പറുള്ള ഉപയോക്താക്കള്‍ക്ക് ഇമെയിലുകള്‍, സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ ആപ്പുകള്‍, സന്ദേശമയയ്ക്കല്‍ സേവനങ്ങള്‍ എന്നിവ ഒരു മണിക്കൂര്‍ സൗജന്യമായി നിര്‍വഹിക്കാന്‍ അനുവദിക്കുന്ന പദ്ധതി യുഎഇ വിഷന്‍ 2021 ഭാഗമായി ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ഡു കമ്പനി നടപ്പാക്കിവരുന്നുണ്ട്.
ദുബായിലും ജനപ്രിയ പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാണ്. ആര്‍ടിഎ ടാക്സികള്‍, ദുബായ് മെട്രോ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സേവനം ലഭിച്ചുവരുന്നു. ഏപ്രില്‍ മുതല്‍ ഷാര്‍ജയില്‍ ബസ്സുകളില്‍ സൗജന്യ വൈഫൈ ലഭ്യമാണ്. മുസന്ദം, ഒമാന്‍ റൂട്ടിലെ ബസ്സുകളില്‍ റാസല്‍ഖൈമ എമിറേറ്റ്സ് അധികൃതര്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയിരുന്നു.
സൗജന്യ വൈഫൈ ഉപയോഗിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിങിനായി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതിരിക്കുക, വിപിഎന്‍ ഉപയോഗിക്കുക എന്നിവ ഇതില്‍ പെടുന്നു. യുഎഇയില്‍ എവിടെയല്ലാം സൗജന്യ വൈഫൈ ലഭ്യമാണെന്ന് https://www.du.ae/WiFi-uae/locations എന്ന് ബ്രൗസ് ചെയ്താല്‍ അറിയാനാവും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക