മാപ്പ് ചോദിച്ച വീഡിയോയിലും പ്രവാസിയുടെ വിചിത്രന്യായം; വീഡിയോകോൾ, അശ്ലീലദൃശ്യം, മലയാളി പ്രവാസിക്കെതിരെ പരാതി നൽകി അരിത ബാബു
ആലപ്പുഴ: വാട്‌സാപ്പില്‍ അശ്ലീലദൃശ്യങ്ങള്‍ അയച്ച പ്രവാസിക്കെതിരേ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. കായംകുളം ഡിവൈ.എസ്.പി. ഓഫീസില്‍ നേരിട്ടെത്തിയാണ് മലപ്പുറം സ്വദേശിയായ പ്രവാസിക്കെതിരേ അരിത ബാബു പരാതി നല്‍കിയത്. ഇതിനുപുറമേ എസ്.പി.ക്കും ഡി.ജി.പിക്കും ഇ-മെയില്‍ മുഖേന പരാതി നല്‍കിയിട്ടുണ്ടെന്നും അരിത ബാബു പറഞ്ഞു.
വിദേശത്തെ നമ്പറില്‍നിന്നാണ് അരിത ബാബുവിന് വാട്‌സാപ്പില്‍ അശ്ലീലസന്ദേശങ്ങള്‍ ലഭിച്ചത്. നിരന്തരം വീഡിയോകോള്‍ ചെയ്ത് ശല്യംചെയ്ത ഇയാള്‍ പിന്നീട് അശ്ലീലദൃശ്യങ്ങളും അയക്കുകയായിരുന്നു. തുടര്‍ന്ന് അരിത ബാബു ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെ ഖത്തറിലെ കോണ്‍ഗ്രസിന്റെ പ്രവാസിസംഘടനയായ ‘ഇന്‍കാസി’ന്റെ ഭാരവാഹികള്‍ ഇയാളെ അന്വേഷിച്ചുകണ്ടെത്തി. ഇതോടെ മലപ്പുറം സ്വദേശിയായ ഇയാള്‍ മാപ്പ് പറഞ്ഞുള്ള വീഡിയോ സന്ദേശം അയച്ചു. മറ്റൊരു പെണ്‍കുട്ടിയാണെന്ന് കരുതിയാണ് വാട്‌സാപ്പില്‍ അത്തരം ദൃശ്യങ്ങള്‍ അയച്ചതെന്നാണ് മാപ്പ് ചോദിച്ചുള്ള വീഡിയോയിലും പ്രതി ആവര്‍ത്തിച്ചത് പറഞ്ഞത്. അതിനാല്‍, ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും അരിത ബാബു പറഞ്ഞു.
”വാട്‌സാപ്പില്‍ പരിചയമില്ലാത്ത നമ്പറുകളില്‍നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കാറില്ല. ഇപ്പോള്‍ ഒരാളുടെ വൃക്ക മാറ്റിവെയ്ക്കലിനായി സഹായം തേടുന്നുണ്ട്. പ്രവാസി മലയാളികളില്‍നിന്നാണ് പ്രധാനമായും ചികിത്സാ സഹായം തേടിയിരുന്നത്. ഒരാഴ്ചയായി അതിന്റെ പിന്നാലെയാണ്. ഇതിന്റെഭാഗമായി ഒത്തിരിപേര്‍ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നു. അതിനാലാണ് വിദേശത്തുനിന്നുള്ള നമ്പരാണെന്ന് കണ്ടിട്ടും ഫോണ്‍ എടുത്തത്.
വീഡിയോകോളാണെന്ന് മനസ്സിലായതോടെ എന്റെ ക്യാമറ ഓഫ് ചെയ്തു. എന്നാല്‍, കുറേനേരം ഹലോ പറഞ്ഞിട്ടും മറുഭാഗത്തുനിന്നും പ്രതികരണമുണ്ടായില്ല. മുഖവും കാണിച്ചില്ല. പിന്നെ കോള്‍ കട്ട് ചെയ്തു. തുടര്‍ന്ന് ഒരുപരിചയുമില്ലാത്ത ആളെ ഇങ്ങനെ വിളിക്കുന്നതും ശല്യംചെയ്യുന്നതും മോശമാണെന്ന് പറഞ്ഞ് അയാള്‍ക്ക് സന്ദേശം അയച്ചു. തൊട്ടുപിന്നാലെ കുറേ അശ്ലീലദൃശ്യങ്ങളാണ് അയാള്‍ അയച്ചത്. ചില ദൃശ്യങ്ങള്‍ അയച്ചശേഷം ഇതാണ് വേണ്ടതെന്നായിരുന്നു അയാളുടെ സന്ദേശം. ഇതോടെ രൂക്ഷമായഭാഷയില്‍ തന്നെ മറുപടി നല്‍കി. തുടര്‍ന്ന് ഒരു സുഹൃത്തിനെ വിളിച്ച് കാര്യം അറിയിച്ചു. സുഹൃത്തിന്റെ നമ്പരില്‍നിന്ന് വീഡിയോകോള്‍ വിളിച്ചപ്പോള്‍ അയാള്‍ കോള്‍ അറ്റന്‍ഡ് ചെയ്തു. അങ്ങനെയാണ് അയാളുടെ മുഖം വ്യക്തമായത്.
ചിത്രം കിട്ടിയതോടെ ആ സ്‌ക്രീന്‍ഷോട്ട് അടക്കം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒരുമണിക്കൂറിനുള്ളില്‍ ഖത്തറിലെ ‘ഇന്‍കാസി’ന്റെ ഭാരവാഹികള്‍ ആളെ അന്വേഷിച്ച് കണ്ടെത്തി. ഇതിനുപിന്നാലെ ഇയാള്‍ മാപ്പ് പറഞ്ഞുള്ള വീഡിയോയും അയച്ചു. ക്ഷമ ചോദിച്ച് മറ്റൊരു നമ്പറില്‍നിന്നും സന്ദേശം അയച്ചു. വാട്‌സാപ്പ് പ്രൊഫൈലില്‍ ഒരുപെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടതുകൊണ്ടാണ് വീഡിയോകോള്‍ ചെയ്തതെന്നും അശ്ലീലസന്ദേശം അയച്ചതെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. ഞാനല്ല, ഏത് പെണ്‍കുട്ടിയാണെങ്കിലും അങ്ങനെ ചെയ്യാന്‍ പാടില്ലല്ലോ. അതിനാലാണ് പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്”, അരിത ബാബു വിശദീകരിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍ തനിക്കെതിരായ സൈബര്‍ ആക്രമണം രൂക്ഷമാണെന്നായിരുന്നു അരിത ബാബുവിന്റെ പ്രതികരണം. ഇടതുപക്ഷ പ്രൊഫൈലുകളില്‍നിന്നാണ് സൈബര്‍ ആക്രമണം നേരിട്ടിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. പിന്നീടും പോലീസില്‍ പരാതി നല്‍കി. ആ പരാതികളിലൊന്നും കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നും അരിത ബാബു പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ട്. പലപ്പോഴും അതിനെ ചെറുത്തുനില്‍ക്കുകയാണ് പതിവ്. പക്ഷേ, ഇതെല്ലാം ക്രിമിനല്‍കേസായി നിയമനടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകണം. ഈ സംഭവത്തിനുശേഷം പെണ്‍കുട്ടികളടക്കം കുറേപേര്‍ വിളിച്ചിരുന്നു. ഇത്തരം അനുഭവങ്ങളുണ്ടായിട്ടും പലര്‍ക്കും പ്രതികരിക്കാനാവുന്നില്ല. ഈ പരാതിയില്‍ കൃത്യമായ നടപടി സ്വീകരിക്കാമെന്നും പ്രതി വിദേശത്തായതിനാല്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടെന്നുമാണ് പോലീസ് പറഞ്ഞത്. മലപ്പുറം സ്വദേശിയായ ഇയാള്‍ പ്രത്യേകം ടാര്‍ജറ്റ് ചെയ്ത് വിളിച്ചതാണെന്നാണ് കരുതുന്നത്. ഇയാള്‍ ഇടതുപക്ഷരാഷ്ട്രീയമുള്ള ആളാണെന്നും അരിതാ ബാബു ആരോപിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക