‘ബ്ലഡി ക്രിമിനൽസ്, കാറിൽ എസ്എഫ്ഐക്കാർ ആഞ്ഞടിക്കുന്നതാണോ ജനാധിപത്യം? കാറിൽനിന്ന് ചാടിയിറങ്ങി പൊട്ടിത്തെറിച്ച് ഗവർണർ

തിരുവനന്തപുരം: നാടകീയരംഗങ്ങൾക്കാണ് ഇന്നു വൈകീട്ട് തലസ്ഥാനനഗരി സാക്ഷിയായത്. വൈകീട്ട് രാജ്ഭവനിൽനിന്നു പുറത്തിറങ്ങിയ ഗവർണറെ കരിങ്കൊടി കാണിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ നേരിട്ടത്. എന്നാൽ, അതിലും അസാധാരണമായിരുന്നു ഗവർണറുടെ പ്രതികരണം. കാർ നിർത്തിച്ച് അദ്ദേഹം പുറത്തേക്ക് ചാടിയിറങ്ങി സമരക്കാർക്കുനേരെ തിരിഞ്ഞു. രൂക്ഷമായ ഭാഷയിലാണ് പ്രതിഷേധക്കാർക്കെതിരെ അദ്ദേഹം സംസാരിച്ചത്. മുഖ്യമന്ത്രിക്കെതിരെയും ആരോപണമുന്നയിക്കാൻ ഗവർണർ മറന്നില്ല.

‘ബ്ലഡി ഫൂൾസ്.. ക്രിമിനിൽസ്… കം.. കം ഹിയർ’ എന്നു പറഞ്ഞാണ് ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങിയത്. അപ്പോഴേക്കും പ്രതിഷേധക്കാരെ പൊലീസ് പരിസരത്തുനിന്നു മാറ്റി. ക്ഷുഭിതനായ ഗവർണർ പൊലീസിനുനേരെയും തിരിഞ്ഞു. തന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർ എവിടെയെന്നു ചോദിച്ചു. നിങ്ങളാണ് ഇതിനൊക്കെ വഴിയുണ്ടാക്കിയതെന്ന് അദ്ദേഹം കയർത്തു.

സംസ്ഥാനത്ത് ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു. ആദ്യം യൂണിവേഴ്‌സിറ്റി കോളജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. മൂന്നാം തവണ പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ പ്രതിഷേധവുമായി വാഹനത്തില്‍നിന്നും റോഡിലേക്കിറങ്ങിയത്.

‘മുഖ്യമന്ത്രി കണ്ണൂരിൽ സ്വീകരിച്ച അതേ ശൈലി ഇവിടെയും പിന്തുടരാൻ ശ്രമിക്കുന്നു. എന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകി. മുഖ്യമന്ത്രി അറിയാതെ എന്റെ വാഹനത്തിന്റെ ഗ്ലാസിൽ ഇടിക്കാൻ പ്രതിഷേധക്കാർക്ക് എങ്ങനെ കഴിഞ്ഞു? ബ്ലഡി ക്രിമിനൽസ്… കാറിൽ വന്ന് ആഞ്ഞടിക്കുന്നതാണോ ജനാധിപത്യം? എനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഇങ്ങനെ ചീറി അടുത്താൽ എന്താകും സ്ഥിതി?

എസ്എഫ്ഐ എന്നെ ഒന്നും ചെയ്തിട്ടില്ല. അവർ റോഡിൽ നിൽക്കുന്നത് കണ്ടു ഞാൻ പുറത്തിറങ്ങി. എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ട. എന്നെ കണ്ടിട്ട് അവർ എന്തിനാണ് ഓടിപ്പോകുന്നത്. മുഖ്യമന്ത്രിയാണ് ഈ ആളുകളെ അയയ്ക്കുന്നത്. എന്നെ ശാരീരികമായി ഉപദ്രവിക്കൽ തന്നെയാണ് അവരുടെ ലക്ഷ്യം. തിരുവനന്തപുരത്തിന്റെ റോഡുകളിൽ നടക്കുന്നത് ഗുണ്ടാ ഭരണമാണ്. അത് അനുവദിക്കില്ല. ഇത്തരം ഗുണ്ടായിസങ്ങൾ അനുവദിക്കാനാവില്ല’- ഗവർണർ പറഞ്ഞു.

 

അപ്പോഴും പശ്ചാത്തലത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളികൾ തുടർന്നു. ആർ.എസ്.എസ് ഗവർണർ ഗോ ബാക്ക് എന്നു വിളിച്ചാണ് സമരക്കാർ പ്രതിഷേധം തുടർന്നത്. ഗവർണറെ പൊതുനിരത്തിൽ തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്കു കടക്കുമെന്ന് എസ്.എഫ്.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് രണ്ടിടങ്ങളിൽ പൊതുപരിപാടിക്കിടെ ഗവർണർക്കെതിരെ കരിങ്കൊടി പ്രയോഗമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ഇന്നും പ്രതിഷേധം തുടരുന്നത്.

വൈകീട്ട് കേരള യൂനിവേഴ്‌സിറ്റിക്കു മുൻപിലായിരുന്നു ആദ്യത്തെ പ്രതിഷേധം. 6.50ഓടെയാണ് ഗവർണർ ഡൽഹിയിലേക്കു പോകാനായി രാജ്ഭവനിൽനിന്നു പുറപ്പെട്ടത്. വലിയ സുരക്ഷാസന്നാഹത്തിലായിരുന്നു ഗവർണറുടെ യാത്ര. എന്നാൽ, കേരള യൂനിവേഴ്‌സിറ്റിക്ക് സമീപം 20ഓളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടികളും പ്ലക്കാർഡുകളുമായി ചാടിയിറങ്ങുകയായിരുന്നു. വാഹനത്തെ പിന്തുടർന്നും പ്രതിഷേധം തുടർന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!