ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ വിജ്ഞാപനം ശരിവച്ച് സുപ്രിംകോടതി; കേന്ദ്രത്തിന് ആശ്വാസം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിവെച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. (ചിത്രത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ച്)
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെന്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരില്‍ 2024 സെപ്തംബര്‍ 30നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിൽ 16 ദിവസം വാദം കേട്ടശേഷമാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. മൂന്ന് വിധികളാണ് ബെഞ്ചിന്റെ ഭാഗത്തു ചീഫ് ജസ്റ്റിസ് അറിയിച്ചു.. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധികളെഴുതി.
ആദ്യവിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതാണ്. ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഈ വിധിയോട് യോജിച്ചത്. സഞ്ജയ് കിഷന്‍ കൗളും സഞ്ജീവ് ഖന്നയും പ്രത്യേക വിധികളെഴുതിയത്.
വിപുലമായ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നെങ്കിലും സുപ്രീം കോടതി അതിനു തയ്യാറായില്ല. ദീര്‍ഘകാലം കേന്ദ്രഭരണപ്രദേശമായി ജമ്മു കശ്മീര്‍ തുടരാന്‍ അനുവദിക്കില്ലെന്ന പരാമര്‍ശവും ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി. അതേസമയം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാരും ഉറപ്പു നല്‍കിയിട്ടുണ്ട്.
2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പത്തര ദിവസമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അഞ്ചര ദിവസവും. സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രമണ്യം, രാജീവ് ധവാന്‍, സഫര്‍ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദം നിരത്തിയത്.
രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതും ഹര്‍ജിക്കാര്‍ ചോദ്യംചെയ്തിരുന്നു. ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭയുടെ കാലാവധി 1957-ല്‍ അവസാനിച്ചതോടെ 370-ാം അനുച്ഛേദം ഇല്ലാതായെന്ന് ചില ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം, 1957-നുശേഷം 370-ാം വകുപ്പിന് സ്ഥിരസ്വഭാവം കൈവന്നെന്ന വാദവുമുണ്ട്. എന്നാല്‍, 370-ാം വകുപ്പ് ഭരണഘടനയില്‍ താത്കാലികവകുപ്പായാണ് ഉള്‍ക്കൊള്ളിച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.
അതിനിടെ വിധി പ്രസ്താവത്തിന് തൊട്ടുമുമ്പ് മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. കശ്മീരിലാകെ കനത്ത സുരക്ഷയേര്‍പ്പാടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ വീട്ടുതടങ്കലിലാണെന്നുള്ളത് പോലീസും ലെഫ്റ്റനന്റ് ഗവര്‍ണറും നിഷേധിച്ചു.
വിധി വരുന്നതിന് മുമ്പ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചര്‍ച്ചയായി. ചില യുദ്ധങ്ങള്‍ തോല്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. വരും തലമുറയ്ക്ക് മനസിലാക്കാന്‍ വേണ്ടി അസ്വസ്ഥമായ വസ്തുതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നും കപില്‍ സിബല്‍ കുറിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക