ആശ്വാസ വാര്‍ത്ത; അടുത്ത മാസത്തോടെ കുവൈറ്റില്‍ ഫാമിലി വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
ഏറെ കാലമായി നിര്‍ത്തിവച്ചിരിക്കുന്ന ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കാനുള്ള തീരുമാനവുമായി കുവൈറ്റ്. 2024 ന്‍റെ തുടക്കത്തില്‍ തന്നെ ‘ആര്‍ട്ടിക്കിള്‍ 22’ വിസകള്‍ അഥവാ കുടുംബ-ആശ്രിത വിസകള്‍ അനുവദിക്കാനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍, മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഫാമിലി വിസ അനുവദിക്കാനാണ് മന്ത്രാലയം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുവൈറ്റിലേക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ അനുവദിക്കപ്പെടുന്ന പ്രവാസി വിഭാഗങ്ങള്‍ക്കുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ മന്ത്രാലയം ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ രാജ്യത്തെ ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കുടുംബ വിസകള്‍ക്ക് കുവൈറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ പ്രവാസി ജനസംഖ്യയുള്ള കുവൈറ്റില്‍ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനായി പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്‍റെ നേതൃത്വത്തില്‍ പുതിയ ജനസംഖ്യാ തന്ത്രം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായായിരുന്നു നടപടി. എന്നാല്‍, ഇതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് പുതിയ ഫാമിലി വിസയ്ക്ക് അധികൃതര്‍ പച്ചക്കൊടി കാട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് പ്രത്യേക വ്യവസ്ഥകളില്‍ ഫാമിലി വിസ അനുവദിക്കുന്ന നയം കഴിഞ്ഞ ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പ്രവാസി മെഡിക്കല്‍ സ്റ്റാഫിന്‍റെ അടുത്ത കുടുംബാംഗങ്ങളെ കുവൈറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയുടെ അഭ്യര്‍ഥന ശെയ്ഖ് തലാല്‍ അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇതിന്‍റെ തുടര്‍ച്ചയായാണ് മറ്റു ഏതാനും വിഭാഗങ്ങള്‍ക്കുകൂടി ഫാമിലി വിസ അനുവദിക്കാനുള്ള അധികൃതരുടെ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫാമിലി വിസയ്ക്ക് പുറമെ, മറ്റ് എന്‍ട്രി വിസകളും അനുവദിക്കുന്ന കാര്യവും മന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ഫാമിലി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ശമ്പളം 500 കുവൈറ്റ് ദിനാറില്‍നിന്ന് 800 ദിനാറായി ഉയര്‍ത്തുന്ന കാര്യവും മന്ത്രാലയത്തിന് കീഴിലുള്ള നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ഏകീകൃത ഗള്‍ഫ് വിസ സംവിധാനത്തില്‍ വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യം വിടുന്നതില്‍ പരാജയപ്പെടുന്ന ഏതൊരു സന്ദര്‍ശകനും പ്രതിദിനം 100 കുവൈറ്റ് ദിനാര്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക