മലയാളി കുടുംബം കുടകിലെ റിസോർട്ടിൽ മരിച്ചനിലയിൽ; മകളെ കൊന്ന് ജീവനൊടുക്കിയെന്ന് പൊലീസ്
കർണാടക കുടക് ജില്ലയിൽ മടിക്കേരിക്കടുത്തുള്ള കഗോഡ്‌ലു ഗ്രാമത്തിലെ റിസോർട്ടിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മലയാളികളായ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 11 വയസുകാരിയായ മകളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. വിനോദിനെയും ജിബിയെയും തൂങ്ങിയനിലയിലും മകളെ കട്ടിലിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
കൊല്ലം സ്വദേശികളായ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി എബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയേയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ദമ്പതികൾ കൊല്ലത്ത് ബിസിനസ് നടത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കുടുംബം റിസോർട്ടിലെത്തിയത്. കുറച്ചു നേരം വിശ്രമിച്ച ശേഷം ചുറ്റിനടക്കാൻ ഇറങ്ങി. കുടുംബം നല്ല സന്തോഷത്തിലായിരുന്നുവെന്നും റിസോർട്ട് മാനേജർ ആനന്ദ് പറഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യാമെന്ന് വിനോദ് റിസോർട്ട് ജീവനക്കാരോട് പറഞ്ഞിരുന്നുവെങ്കിലും റൂം ഒഴിയാത്തതിനെ തുടർന്ന് ജീവനക്കാരിലൊരാൾ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല.
തുടർന്ന് അരമണിക്കൂറിന് ശേഷം വീണ്ടും വാതിലിൽ മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടൻ തന്നെ മടിക്കേരി റൂറൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് ബന്ധുക്കളെ അറിയിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.