സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹ‍ൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.

1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലാണ് ജനനം. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കൊച്ചു രാജേന്ദ്രൻ വളർന്നത്. അതുകൊണ്ടു തന്നെ പിൽക്കാലത്തു നിയമസഭയിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ബിൽ സ്വകാര്യബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള കരുതലിന് അടിവരയിട്ടു. നല്ല നിയമസഭാസാമാജികനെന്ന പേരും നേടി.

എഐഎസ്എഫ് 1970ൽ നടത്തിയ കലാമേളയിൽ ‘രക്തപുഷ്പങ്ങൾ’ എന്ന നാടകത്തിൽ നായകനടനായിരുന്നു കാനം. അഭിനയം സ്റ്റേജിൽ മാത്രമായിരുന്നു. ജീവിതത്തിൽ പച്ചമനുഷ്യനായി, 1982ലും 87ലും വാഴൂരിലെ ജനങ്ങൾ അദ്ദേഹത്തെ നിയമസഭയിലെത്തിച്ചു. ആദ്യം എം.കെ.ജോസഫിനെയും പിന്നീട് പി.സി.തോമസിനെയുമാണ് തോൽപിച്ചത്. 1991ൽ രാജീവ്ഗാന്ധി വധത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീടു രണ്ടു തവണ കൂടി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1996ൽ കെ.നാരായണക്കുറുപ്പിനോടും 2006ൽ അദ്ദേഹത്തിന്റെ മകൻ എൻ.ജയരാജിനോടും പരാജയപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!