കാമുകിക്ക് വേണ്ടി സ്വന്തം വീട്ടിൽ നിന്ന് മോഷ്ടിക്കാൻ ശ്രമം, അപ്രതീക്ഷിതമായെത്തിയ ഭാര്യയെ കൊന്നു; പ്രതി 11 വർഷത്തിനുശേഷം പിടിയിൽ

കോതമംഗലം: മാതിരപ്പിള്ളിയിൽ പട്ടാപ്പകൽ വീടിനുള്ളിൽ വീട്ടമ്മയെ കഴുത്തറുത്തു കൊന്നതു ഭർത്താവെന്നു ക്രൈംബ്രാഞ്ച്. വിളയാൽ കണ്ണാടിപ്പാറ ഷോജി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭർത്താവു ഷാജിമോനെ (55) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഏറെ വിവാദമായ കൊലപാതകം നടന്നു 11 വർഷങ്ങൾക്കുശേഷമാണു പ്രതി പിടിയിലാകുന്നത്.

ഓട്ടോഡ്രൈവറായ ഒരു യുവാവിനെ ടൈൽ കട്ടർ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഷാജിമോനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുന്നതിനിടെയാണു ഷോജി കൊലപാതകവുമായി ബന്ധപ്പെട്ട ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചത്. മരണമുറപ്പിക്കാൻ ടൈൽ കട്ടർ കൊണ്ട് കഴുത്ത് മുറിച്ചു. മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്ന ഷാജി അവർക്കു പണം നൽകാനാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചതെന്നാണു സൂചന.

2012 ഓഗസ്റ്റ് 8നു രാവിലെ 10.15നും 11.30നും ഇടയിലാണു ഷോജി കൊല്ലപ്പെട്ടത്. ദേഹത്തുണ്ടായിരുന്ന 5 പവന്റെ ആഭരണങ്ങൾ കാണാതായി. എന്നാൽ, അലമാരയിലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടില്ല. വീടിന്റെ മുകൾനിലയിൽ നിർമാണ ജോലി ചെയ്തിരുന്ന 2 പണിക്കാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഇവരുടെ ഇരുനില വീട്ടിലെ ഉപയോഗിക്കാത്ത മുറിയിൽ കഴുത്തിന് ആഴത്തിൽ മുറിവേറ്റു രക്തം വാർന്ന നിലയിൽ പായിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ പുലർച്ചെ വിളയാലിലെ വീട്ടിൽനിന്നാണു ഷാജിമോനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്നു കോതമംഗലം ടിബിയിൽ എത്തിച്ചു ചോദ്യംചെയ്തു.

ഉച്ചയോടെ ഷാജിമോനെയും കൂട്ടി ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തി തെളിവെടുത്തു. ഇതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷോജി കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപു ഷാജിമോൻ വീട്ടിൽ എത്തിയിരുന്നെന്നു വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചതായാണു സൂചന.

സംഭവ ദിവസം ഷോജി വീടിനു തൊട്ടടുത്തുള്ള സ്വന്തം കടയിലാണുണ്ടായിരുന്നത്. മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന ഷോജി പെട്ടെന്ന് വീട്ടിലേക്ക് കയറി വരികയായിരുന്നു. ഈ സമയം കോതമംഗലത്തുള്ള കടയിൽനിന്നു വീട്ടിലെത്തിയ ഷാജിമോൻ അലമാരയിൽ നിന്നു സ്വർണം എടുത്തു. ശബ്ദം കേട്ടെത്തിയ ഷോജിയുമായി സ്വർണത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഷാജി വീട്ടിലെത്തി ഉടൻ തിരികെ പോകുന്നതു കണ്ട അയൽവാസിയുടെ മൊഴിയാണു കേസിനു തെളിവായത്. ഡിവൈഎസ്പി വൈ.ആർ.റസ്റ്റമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. താൻ കുറ്റം ചെയ്തിട്ടില്ലെന്നു തെളിവെടുപ്പിനുശേഷം വീട്ടിൽനിന്നു പുറത്തുവന്നപ്പോൾ മാധ്യമങ്ങൾക്കു മുൻപിൽ ഷാജിമോൻ പറഞ്ഞു.

കൊലപാതകക്കേസിൽ ഭർത്താവ് ഷാജിമോൻ, മൃതദേഹം ആദ്യം കണ്ട നിർമാണത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചു മാസങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സഹായകമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്നും തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐക്കോ വിടണമെന്നാവശ്യപ്പെട്ടു സർക്കാരിനെ സമീപിച്ചിരുന്നു.

അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇതിനിടെ ഷാജി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!