സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും: ഒടുവില്‍ സുഹൃത്തായ ഡോക്ടർ വിവാഹത്തിൽ നിന്ന് പിന്മാറി; നെഞ്ചുലഞ്ഞ് എല്ലാം അവസാനിപ്പിച്ച് ഡോ.ഷഹന
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നൊമ്പരപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. എ.ജെ. ഷഹനയാണ് (26) മരിച്ചത്. വെഞ്ഞാറമൂട് മൈത്രി നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജലീല ബീവിയുടെയും മകളാണ്.
‘‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നു ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് ഷഹന ജീവനൊടുക്കിയതെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തായ ഡോക്ടറുമായി ഷഹനയുടെ വിവാഹം നടത്താൻ ഇരുകുടുംബങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാൽ താങ്ങാൻ കഴിയാത്ത സ്ത്രീധനം ചോദിച്ചതാണ് പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നു കുടുംബം ആരോപിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന. കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന എത്തിയപ്പോൾ 50 പവൻ സ്വർണവും 50 ലക്ഷംരൂപയുടെ സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാൽ യുവാവിന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. വരന്റെ വീട്ടുകാർ കൂടുതൽ തുകയും വില കൂടിയ കാറും ആവശ്യപ്പെട്ടതോടെ കുടുംബം സമ്മർദത്തിലായി. വരൻ വിവാഹത്തിൽനിന്ന് പിൻമാറി. ഇതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നു കുടുംബം പറയുന്നു. ഇക്കാര്യങ്ങൾ വിശദമാക്കി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
ക്ലാസിൽ വരാത്തതിനെ തുടർന്ന് സഹപാഠികൾ താമസസ്ഥലത്തെത്തിയപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. പൊലീസെത്തി തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് ആത്മഹത്യ ചെയ്തതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പിലുണ്ട്. സഹോദരിയുടെയും സഹോദരന്റെയും വിവാഹം കഴിഞ്ഞു. സഹോദരൻ കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ്. വിവാഹത്തിന് ഒരുപാട് പണം ആവശ്യമാണെന്നും ആരും പണം നൽകാനില്ലെന്നും കുറിപ്പിലുണ്ട്.
വെഞ്ഞാറമൂട് സ്വദേശിയായ ഷഹനയുടെ പിതാവ് വർഷങ്ങളായി വിദേശത്തായിരുന്നു. ഇളയ കുട്ടിയാണ് ഷഹന. പഠനത്തിൽ മിടുക്കിയായിരുന്ന ഷഹന ഉയർന്ന മാർക്കോടെയാണ് എല്ലാ പരീക്ഷകളും പാസായത്. മെരിറ്റ് സീറ്റിലാണ് എംബിബിഎസിനു ചേർന്നത്. പിതാവ് മാസങ്ങൾക്കു മുൻപ് ക്യാൻസർ ബാധിച്ചു മരിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. പണം കടം കൊടുത്തിരുന്ന പലരും തിരികെ നൽകാത്തതും കുടുംബത്തെ പ്രതിസന്ധിയിലാക്കി. പിതാവ് മരിച്ചതിനു പിന്നാലെ പണത്തിന്റെ പേരിൽ കല്യാണം മുടങ്ങിയതും ഷഹനയെ മാനസികമായി തളർത്തി.
മെഡിക്കൽ കോളജിനു സമീപത്തെ ഫ്ലാറ്റിലാണ് ഷഹനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപരി പഠനത്തിനു പ്രവേശനം ലഭിച്ചു. രണ്ടാം വർഷ പിജി വിദ്യാർഥിനിയാണ്. സഹോദരങ്ങൾ ജാസിം നാസ്, സറീന.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക