തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റത്തിൽ കനത്ത തിരിച്ചടി നേരിട്ട് ഉവൈസി സഹോദരന്മാർ

കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ കെ. ചന്ദ്രശേഖര റാവുവിന്‍റെ ബി.ആർ.എസിനൊപ്പം കനത്ത തിരിച്ചടി നേരിട്ട് അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം).

2018ലെ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റിൽ വിജയിച്ച ഉവൈസിയുടെ പാർട്ടി ഇത്തവണ ചന്ദ്രയാൻഗുട്ട, ചാർമിനാർ, മാലക്പേട്ട് എന്നീ മൂന്നു സീറ്റിലേക്ക് ചുരുങ്ങി. ഇത്തവണ ഒമ്പത് സീറ്റുകളിലാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്. കഴിഞ്ഞ തവണത്തെ ഏഴ് സീറ്റിന് പുറമെ ജൂബിലി ഹിൽസും രാജേന്ദ്രനഗറും ഉവൈസി ചോദിച്ച് വാങ്ങിയ സീറ്റുകളാണ്.

അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമനായ അക്ബറുദ്ദീൻ ഉവൈസിയാണ് ചന്ദ്രയാൻഗുട്ടയിലെ സ്ഥാനാർഥി. അക്ബറുദ്ദീൻ ഉവൈസി 2014ലും 2018ലും ഈ സീറ്റിൽ നിന്ന് വിജയിച്ചിരുന്നു. ചാർമിനാർ മണ്ഡലത്തിൽ മിർ സുൽഫിക്കർ അലിയും മാലക്പേട്ടിൽ അഹ്മദ് ബിൻ അബ്ദുല്ല ബലാലയുമാണ് മുന്നേറുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് സ്ഥാനാർഥിയുമായ അസ്ഹറുദ്ദീനെതിരെ ജൂബിലി ഹിൽസിൽ എം.ഡി. റഷീദ് ഫറസുദ്ദീനാണ് എ.ഐ.എം.ഐ.എം സ്ഥാനാർഥി. രാജേന്ദ്രനഗറിൽ മന്ദഗിരി സ്വാമി യാദവും യാകുത്പുരയിൽ ജാഫർ ഹുസൈനുമാണ് എ.ഐ.എം.ഐ.എം സ്ഥാനാർഥികൾ.

തെലങ്കാനയിൽ 10 വർഷം ഭരണം പൂർത്തിയാക്കിയ ബി.ആർ.സിനെ പിന്തുണക്കുന്ന നിലപാടാണ് ഉവൈസി സ്വീകരിച്ചിരുന്നത്. മുസ് ലിം ഭൂരിപക്ഷ മേഖലയിൽ മാത്രമാണ് ഇത്തവണ എ.ഐ.എം.ഐ.എം സ്ഥാനാർഥികളെ മത്സരിപ്പിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!