കുട്ടിയെ തട്ടികൊണ്ടുപോയ കേസ്: ‘ടോം ആൻഡ് ജെറി’ കണ്ട ഐപി അഡ്രസുകൾ പ്രതികളെ കുടുക്കി; പ്രതി അനുപമ യൂട്യൂബ് താരം – വീഡിയോ

കൊല്ലത്തുനിന്നു ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് കാർട്ടൂണും ആയുധമാക്കിയെങ്കിലും നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. തട്ടികൊണ്ടുപോയ സംഘം കാർട്ടൂൺ കാണിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടർന്നാണ് പൊലീസ് കാർട്ടൂണിനു പിന്നാലെ സഞ്ചരിച്ചത്. കുറ്റവാളിയിലേക്കെത്തുന്ന വിവരങ്ങൾ കാർട്ടൂണിലൂടെ ലഭിച്ചെങ്കിലും അതു വിശകലനം ചെയ്യുന്നതിനു മുൻപ് സിസിടിവി, ഫോൺ രേഖകൾ വഴി പൊലീസ് പ്രതികളെ പിടികൂടി. പ്രതികളെ സ്ഥിരീകരിക്കാനാണ് സൈബർ ഡേറ്റ ഉപയോഗിച്ചതെന്നും സൈബർ ഡേറ്റയുടെ സഹായത്തോടെയല്ല കുറ്റവാളികളെ പിടിച്ചതെന്നും സൈബർ സെല്ലിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

നവംബർ 27ന് വൈകിട്ട് നാലരയോടെയാണ് ഓയൂരിൽനിന്ന് കുട്ടിയെ അജ്ഞാതസംഘം തട്ടിയെടുത്തത്. രാത്രി പേടിച്ച് കരഞ്ഞപ്പോൾ തട്ടിക്കൊണ്ട് പോയ സംഘം കാർട്ടൂൺ കാണിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി. യൂട്യൂബിലൂടെയാണ് കുട്ടി ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ടത്. ഈ കാർട്ടൂൺ കണ്ട ഐപി അഡ്രസുകൾ പൊലീസ് സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ഗേറ്റ്‌വേയിൽനിന്നു സൈബർസെൽ വിവരങ്ങൾ ശേഖരിച്ചു.

 

കെ.ആർ.പത്മകുമാർ (ഇടത്), കേസിൽ നിർണായകമായ നീലക്കാർ (മധ്യത്തിൽ), പി.അനുപമ (വലത്)

 

27നു രാത്രി 7.30 മുതൽ പിറ്റേന്നു രാവിലെ 6.30വരെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ആ സമയം രാജ്യത്തൊട്ടാകെ ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ട 26,000 ഐപി അഡ്രസുകൾ ലഭിച്ചു. കേരളത്തിൽനിന്ന് കാർട്ടൂൺ കണ്ട ഐപി അഡ്രസുകൾ 350 ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് കണ്ടത് 120 എണ്ണമായിരുന്നു. 30നാണ് കാർട്ടൂണിന്റെ വിവരം പൊലീസ് ആവശ്യപ്പെടുന്നത്. ഇന്നലെ രാവിലെ ഈ വിവരം സൈബർ സെൽ കൊല്ലം കരുനാഗപ്പള്ളി പൊലീസിനു കൈമാറി.

എന്നാൽ, പ്രതികളെക്കുറിച്ച് 30ന് തന്നെ പൊലീസിനു ചില ധാരണകളുണ്ടായിരുന്നു. കൊല്ലം നഗരത്തിലേക്കെത്തിയ നീല നിറത്തിലുള്ള കാറാണ് നിർണായകമായത്. കൊല്ലം സിറ്റി പൊലീസിന് സിസിടിവിയിലൂടെ നീല കാറിനെക്കുറിച്ച് വിവരം ലഭിച്ചു. കാറിന്റെ നമ്പരിലൂടെ ചില ആളുകളെ മനസ്സിലായി. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഇതിലെ ചിത്രങ്ങൾ പ്രതികളുടെ രേഖാ ചിത്രവുമായി യോജിച്ചു. വീടുകൾ പൂട്ടിയ നിലയിലായിരുന്നു. മതിൽ ചാടി പൊലീസ് അകത്തു കടന്നു. ജനലിലൂടെ നോക്കിയപ്പോൾ ചില നമ്പർ പ്ലേറ്റുകളുടെ സ്റ്റിക്കറുകൾ കണ്ടു. കുറ്റവാളികളിലേക്കെത്തിയതായി പൊലീസ് 80% ഉറപ്പിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് പ്രതികൾക്കായി തെങ്കാശിയിലേക്ക് പോയത്. അപ്പോൾ 120 ഐപികളുടെ പരിശോധന ആരംഭിച്ചിരുന്നില്ല. മൊബൈൽ നമ്പർ പിന്തുടർന്നാണ് പൊലീസ് തെങ്കാശിയിലെത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടർന്ന് പ്രതികളുടെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പും പൊലീസിനു കിട്ടിയ കാർട്ടൂണിന്റെ ഐപിയും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ കരുനാഗപ്പള്ളി സിഐ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടു. മാച്ച് ചെയ്തതോടെ മൂന്നു പ്രതികളെയും അടൂരിലെ ക്യാംപിലേക്കെത്തിച്ചു.

നീല കാറിന്റെ വിവരം ലഭിച്ചില്ലായിരുന്നെങ്കിൽ 120 ഐപി പരിശോധിക്കുമ്പോൾ പ്രതികളെ കിട്ടുമായിരുന്നു. പക്ഷേ, ഒരു ദിവസം കൂടി താമസിക്കുമായിരുന്നു. യൂട്യൂബ് ചാനലിൽ മൂന്നോ നാലോ ടോം ആൻഡ് ജെറി കാർട്ടൂൺ ഉണ്ടായിരുന്നു. ഏതാണ് കണ്ടതെന്ന് കുട്ടിയോട് ചോദിച്ചു മനസിലാക്കിയെന്ന് പൊലീസ് പറയുന്നു. അതിന്റെ യുആർഎലാണ് സൈബർ സെല്ലിന് അയച്ചത്. വിവരശേഖരണത്തിനായി ഗൂഗിളിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീടാണ് ഇന്റർനെറ്റ് ഗേറ്റ്‌വേ വഴി വിവരം ശേഖരിച്ചത്.

സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഒന്നാംപ്രതി പൊലീസിനു നൽകിയ മൊഴി പുറത്ത്. രണ്ടു കോടി രൂപ കടമുണ്ടെന്നും പ്രതിസന്ധി മറികടക്കുന്നതിനായി പണം കണ്ടെത്തുന്നത് ലക്ഷ്യമിട്ടുമായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പത്മകുമാർ മൊഴിയിൽ പറഞ്ഞു.

ഒരു വർഷമെടുത്താണ് ഇതിനായി തയാറെടുത്തത്. ഈ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മൂന്നു തവണയാണു ശ്രമിച്ചത്. മോചനദ്രവ്യമായി 10 ലക്ഷം രൂപവാങ്ങിയെടുക്കാനായിരുന്നു ശ്രമം.  ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. കുട്ടിയെ കാറിലേക്കു പിടിച്ചുകയറ്റിയതും ഭാര്യയാണെന്നും  താനും ഭാര്യയും മകളും ചേർന്നാണു തട്ടിക്കൊണ്ടുപോയതെന്നും മറ്റാരും സഹായിച്ചിട്ടില്ലെന്നും ഇയാൾ നൽകിയ മൊഴിയിലുണ്ട്.

കുട്ടിയുടെ പിതാവിനെ പത്മകുമാറിനു നേരത്തെ പരിചയമില്ല. പത്മകുമാറിനെ അറിയില്ലെന്ന കുട്ടിയുടെ പിതാവ് നേരത്തെ നല്‍കിയ മൊഴിയും ശരിയെന്ന് പൊലീസ് പറഞ്ഞു. ഇതോടെ നഴ്സിങ് നിയമനവുമായി തട്ടിക്കൊണ്ടുപോകലിനു ബന്ധമുണ്ടെന്നും പ്രതികളെ കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങൾ അവസാനിച്ചു.

കുട്ടിയെ ഉപേക്ഷിക്കാനെത്തിയ നീല കാറിന്റെ ദൃശ്യമാണ് കേസിൽ നിർണായക വഴിത്തിരിവായത്. പ്രതികൾ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാൻ കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് സമീപം എത്തിയത് നീല കാറിലാണ്. ഇതിൽ പത്മകുമാറും ഉണ്ടായിരുന്നു. കാറിന്റെ നമ്പർ മാറ്റാതെയാണ് ഉപയോഗിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതാണ് നിർണായകമായത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ 10 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി പത്മകുമാർ ലോൺ ആപ്പുകളിൽനിന്നും വായ്‌പഎടുത്തതായും വിവരമുണ്ട്.

 

അനുപമ

‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്‌ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുൻപാണ് അവസാന വിഡിയോ. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വിഡിയോയും ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെ ഇഷ്‌ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്. എണ്ണം കൂടിയതിനാൽ നായകൾക്കായി ഷെൽട്ടര്‍ ഹോം തുടങ്ങാൻ ആ​ഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

  • Beta

Beta feature

  • Beta

Beta feature

  • Beta

Beta feature

Share
error: Content is protected !!