കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിയെ കുട്ടി തിരച്ചറിഞ്ഞു, ‘നഴ്സിങ് പ്രവേശനത്തിന് നൽകിയ 5 ലക്ഷം തിരിച്ചു കിട്ടിയില്ല, ലക്ഷ്യമിട്ടത് രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ’

കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ പത്മകുമാറിനെ കുട്ടി ഫോട്ടോയിൽനിന്ന് തിരിച്ചറിഞ്ഞു. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിൽ. ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് ഇയാൾ പറയുന്നത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നത്താണ് ഇവർ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂർ പൊലീസ് ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പിടിയിലായ പത്മകുമാർ പൊലീസിനോട് പറഞ്ഞതായി വിവരം.  പ്രവേശനം ലഭിക്കുന്നത് അ‍ഞ്ച് ലക്ഷം രൂപ നൽകി. എന്നാൽ പ്രവേശനം ലഭിച്ചില്ല. പണവും തിരിച്ചു കിട്ടിയില്ല. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മറ്റൊരു സംഘം സഹായിച്ചതായും ഇയാൾ മൊഴി നൽകിയതായാണ് സൂചന.

രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടുപോയി പണം ചോദിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ആൺകുട്ടി പ്രതിരോധിച്ച് രക്ഷപ്പെട്ടു. ഇതോടെയാണ് വിവരം പുറത്തായത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി അച്ഛനെ ഭീഷണിപ്പെടുത്താനായിരുന്നു സംഘം ലക്ഷ്യം വച്ചത്. രണ്ടു കുട്ടികളെയും കുറച്ചു ദിവസം നിരീക്ഷിച്ചിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. തെങ്കാശിയിൽനിന്നു കൊല്ലത്തേക്കു വരുന്നതിനിടെ വാഹനത്തിൽവച്ച് പൊലീസിനു നൽകിയ മൊഴിയിലാണ് പത്മകുമാർ ഇക്കാര്യം പറഞ്ഞത്.

പത്മകുമാറിന് ചിറക്കരയിൽ ഫാം ഉള്ളതായി നാട്ടുകാർ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ചിറക്കര ഭാഗത്തേക്ക് പോയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.  പത്മകുമാറിന്റെ മൂന്നു കാറുകൾ പിടികൂടിയതായാണ് വിവരം. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരുന്ന പത്മകുമാർ അടുത്തിടെ ബുദ്ധിമുട്ടിലായിരുന്നു എന്നും നാട്ടുകാർ പറഞ്ഞു. തമിഴ്നാട്ടിലും പത്മകുമാറിന് ഇടപാടുകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു.

സംഭവത്തിന്  പിന്നിൽ ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാറാണെന്നതിന്റെ ഞെട്ടലിലാണു നാട്ടുകാർ. ആരുമായും പത്മകുമാർ സൗഹൃദം പുലർത്തിയിരുന്നില്ലെന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്.

കേബിൾ ടിവി ബേക്കറി ബിസിനസ് നടത്തിയിരുന്നു.  ചിറക്കരയിൽ പത്മകുമാറിനു ഫാമുണ്ട്. വീട്ടിലെ ആറു നായ്ക്കളെ ഫാം ഹൗസിലേക്ക് ഇന്നലെയാണ് മാറ്റിയതെന്നും നാട്ടുകാർ പറയുന്നു.  കേസിൽ ഉൾപ്പെട്ട വെള്ളക്കാർ ചിറക്കര ഭാഗത്തേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പത്മകുമാറിന് തമിഴ്നാട്ടിലും ബന്ധങ്ങളുണ്ടെന്നും നാട്ടുകാർ പറയുന്നു.

പുറത്ത് ആരുമായിട്ടും അടുപ്പം സൂക്ഷിക്കാത്ത പത്മകുമാറിന്റെ ജീവിതം വീടിനകത്തു തന്നെയായിരുന്നെന്നു നാട്ടുകാരിൽ ഒരാൾ പറഞ്ഞു. അയൽവാസികളുമായി പത്മകുമാറിനു വലിയ സഹകരണമുണ്ടായിരുന്നില്ല. കുടുംബസമേതം കാറിൽപോകും. റിയൽ എസ്റ്റേറ്റ് ബിസിനസുണ്ട്. ഫാമും ബേക്കറിയുമുണ്ട്. വീട്ടിൽ പത്മകുമാറും ഭാര്യയും മകളുമാണ് ഉള്ളത്. സംശയം തോന്നത്തക്ക സാഹചര്യമില്ലായിരുന്നെന്നും നാട്ടുകാരൻ പറഞ്ഞു.

‘‘പത്മകുമാർ കാലങ്ങളായി താമസിക്കുന്നത് ഇവിടെയാണ്. ആരുമായിട്ടും സൗഹൃദമില്ല. ഒറ്റപ്പെട്ട ജീവിതമാണ്. കുഞ്ഞിനെ തിരഞ്ഞു ഞങ്ങൾ രാത്രി ഇറങ്ങിയിരുന്നു. ഈ പരിസരത്ത് തിരച്ചിൽ നടത്തിയില്ല. സംശയം തോന്നിയിരുന്നില്ല.’’– പ്രദേശവാസി പറഞ്ഞു. പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമില്ല. പത്മകുമാറിന് നഴ്സിങ് മേഖലയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!