കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: 3 പേർ തമിഴ്നാട്ടിൽ കസ്റ്റഡിയിൽ; ഒരു കുടുംബത്തിലെ അംഗങ്ങളെന്ന് സൂചന
കൊല്ലം ഒയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂർ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് തെങ്കാശി പുളിയറയിൽനിന്നു മൂന്നുപേരെയും പിടികൂടിയത്. ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും സൂചനയുണ്ട്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് വിവരം.
കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേർ കസ്റ്റഡിയിലായത്. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്.
ഇദ്ദേഹം ഭാരവാഹിയായ സംഘടനയിൽപെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്. 3 പേരുടെ രേഖാചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഗൾഫിൽ നിന്നു തുക ട്രാൻസ്ഫർ ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർടേക്കറാണെന്നും സംശയമുണ്ട്. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും സൂചനയുണ്ടെന്നു പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണു നഴ്സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്.
ഒയൂരിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് നാലംഗ സംഘം 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിൽ െകാല്ലം ആശ്രാമം മൈതാനത്തുനിന്ന് കുട്ടിയെ കണ്ടെത്തി. സ്കൂളിൽനിന്നെത്തിയതിനുശേഷം കുട്ടിയും ജ്യേഷ്ഠനും കൂടി വീട്ടിൽനിന്ന് 100 മീറ്റർ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴാണു സംഭവം. കാറിൽ എത്തിയവർ ഒരു നോട്ടിസ് നൽകി, അത് അമ്മയെ ഏൽപിക്കണം എന്നു പറഞ്ഞു ജ്യേഷ്ഠന്റെ ശ്രദ്ധയകറ്റിയ ശേഷം കുട്ടിയെ കയ്യിൽ പിടിച്ചു കാറിലേക്കു വലിച്ചു കയറ്റുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക