പ്രതികൾ യാത്ര ചെയ്തെന്ന് കരുതുന്ന ഓട്ടോറിക്ഷ കസ്റ്റഡിയിൽ; പിന്നാലെ ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടില്‍, സംഭവത്തിൽ പങ്കില്ലെന്നും തനിക്ക് ശിക്ഷ കിട്ടണമെങ്കിൽ കിട്ടട്ടെ എന്നും കുട്ടിയുടെ പിതാവ്

കൊല്ലം ∙ ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ബ്ലാക്ക്മെയിൽ ചെയ്യാനായി പ്രതികൾ സഞ്ചരിച്ചത് ഈ ഓട്ടോയിലാണെന്നാണു നിഗമനം. ഓട്ടോയുടെയും ഇതിൽ സഞ്ചരിച്ചവരുടെയും സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. കേസുമായി ഈ ഓട്ടോയ്ക്കു ബന്ധമുണ്ടോയെന്നു വിശദമായി പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ അന്വേഷണത്തില്‍ നിര്‍ണായക നീക്കമാണു പൊലീസ് നടത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചത്. കുട്ടിയുടെ പിതാവിനോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ഇതോടെയാണ് പൊലീസ് സംഘം കുട്ടിയുടെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്.

ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർടേക്കറാണെന്നു സംശയമുണ്ട്. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നാണു സൂചന. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണു നഴ്സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്. പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പിതാവുമായി വൈരാഗ്യമുള്ളവര്‍ നടത്തിയ ക്വട്ടേഷനാണെന്നാണു സംശയം.

നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണെന്നു യുണൈറ്റഡ് നഴ്‍സസ് അസോസിയേഷൻ (യുഎൻഎ) നേതാവ് ജാസ്‌മിൻ ഷാ പറഞ്ഞു. സംഘടനയിൽ എല്ലാവരും തമ്മിൽ ആത്മബന്ധമുണ്ട്, ശത്രുപക്ഷമോ എതിർപക്ഷമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയെന്നു സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പെടെ ചിലർ കസ്റ്റഡിയിലുണ്ട്

അതേ സമയം മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തനിക്ക് ശിക്ഷ കിട്ടണമെങ്കിൽ കിട്ടട്ടെ എന്ന്  കുട്ടിയുടെ പിതാവ് പറഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു കിട്ടിയതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

‘പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലചെയ്യുന്ന വ്യക്തിയാണ് ഞാൻ. ഞാനും ഭാര്യയും സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നവരാണ്. സംഭവം നടക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും സ്ഥലത്തില്ല. അന്വേഷണവുമായി എല്ലാരീതിയിലും ഞാൻ സഹകരിച്ചു. പൊലീസ് വിളിച്ച സ്ഥലത്തെല്ലാം പോയി. ഇപ്പോൾ അന്വേഷണം നല്ലരീതിയിലാണ് പുരോഗമിക്കുന്നത്.’– കുട്ടിയുടെ അച്ഛൻ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ തനിക്കു ഫ്ലാറ്റ് ഉണ്ടെന്ന വാർത്ത വ്യാജമാണെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ‘കഴിഞ്ഞ പത്തുവർഷക്കാലമായി ജോലിചെയ്തിരുന്ന ആശുപത്രി അനുവദിച്ച ക്വാർട്ടേഴ്സിലാണ് ഞാൻ താമസിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. എന്റെയും ഭാര്യ, അമ്മ, അച്ഛൻ അങ്ങനെ കുടുംബത്തിലുള്ള എല്ലാവരുടെയും അക്കൗണ്ട് നമ്പരുകൾ അന്വേഷണ സംഘത്തിനു കൈമാറി. ഈ ആരോപണങ്ങളിൽ വസ്തുതയുണ്ടെങ്കിൽ ഏതുതരത്തിലുള്ള ശിക്ഷയും വിധിക്കാം.’– അദ്ദേഹം വ്യക്തമാക്കി.

വ്യാജപ്രചാരണം നടത്തുന്നവർ തന്റേത് ഒരു പെൺകുഞ്ഞാണെന്ന് ഓർക്കണമെന്നും നാളെ എല്ലാവരും എങ്ങനെ നോക്കി കാണുമെന്ന് ചിന്തിക്കണമെന്നും പെൺകുട്ടിയുടെ അച്ഛൻ കൂട്ടിച്ചേർത്തു. തന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ‘കുഞ്ഞുങ്ങൾ കളിച്ചിരുന്ന എന്റെ മൊബൈലാണ് അന്വേഷണ സംഘം കൊണ്ടുപോയത്. അന്വേഷണസംഘം ഏത് ഉപകരണങ്ങൾ വച്ചും ആ മൊബൈൽ പരിശോധിക്കട്ടെ.’– കുട്ടിയുടെ പിതാവ് പറഞ്ഞു. പട്ടാപ്പകലാണ് ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത്. രണ്ടു പെൺകുട്ടികൾ കുട്ടിയെ കണ്ടതുകൊണ്ടാണ് ഒരു പോറൽ പോലും ഏൽക്കാതെ തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!