കാണാതായ ആറ് വയസ്സുകാരിയുടെ അച്ഛൻ്റെ ഫ്ലാറ്റിൽ പരിശോധന, ഫോൺ കസ്റ്റഡിയിൽ; കുട്ടി ആശുപത്രി വിട്ടു

കൊല്ലം ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം പത്തനംതിട്ടയിലേക്കും. പത്തനംതിട്ടയില്‍ കുഞ്ഞിന്റെ പിതാവ് താമസിച്ചിരുന്ന സ്ഥലത്തും ജോലിചെയ്യുന്ന ആശുപത്രിയിലും പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. പിതാവിൻ്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പരിശോധനയുടെ ഭാഗമായി വന്നു എന്നു മാത്രമാണു പൊലീസ് വിശദീകരിക്കുന്നത്. അടുത്തബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.  പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണു കുട്ടിയുടെ അച്ഛൻ. നഗരത്തിലെ ഫ്ലാറ്റിലാണു കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്നത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണു കുട്ടിയുടെ പിതാവ്. പത്തനംതിട്ടയിലെ ഫ്ലാറ്റിൽനിന്നു വെള്ളിയാഴ്ച വൈകിട്ടു നാട്ടിലേക്കു പോയി തിങ്കളാഴ്ച രാവിലെ മടങ്ങിവരുന്നതാണു ഇയാളുടെ പതിവു രീതി.

അതേസമയം ആറുവയസ്സുകാരി ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് സുരക്ഷയിലായിരുന്നു കുടുംബത്തിന്റെ മടക്കയാത്ര. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് കുഞ്ഞ് വിക്ടോറിയ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്. വീട്ടില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും.

തന്നെ തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്നു പെൺകുട്ടി പറഞ്ഞു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രം ഉടൻ പുറത്തുവിടും. മറ്റുള്ളവരുടെ മുഖം ഓർമയില്ലെന്നാണു പെൺകുട്ടി പറയുന്നത്.

നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകൽ സംഭവം നാലുദിവസം പിന്നിട്ടിരിക്കുകയാണ്. കുട്ടിയെ സുരക്ഷിതമായി തിരികെ കിട്ടിയെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെയും പൊലീസിന് ഒരു വിവരവുമില്ല. അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണു പൊലീസ്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണു പരിശോധന വ്യാപിപ്പിക്കുന്നത്.

ഇതുവരെയും കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സിസിടിവി ക്യാമറകള്‍ വെട്ടിച്ച് പ്രതികള്‍ നടത്തിയ യാത്രകളും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതും വാഹനങ്ങള്‍ മാറിമാറി സഞ്ചരിച്ചതുമാണ് വെല്ലുവിളിയാകുന്നത്.

ഓരോ പ്രദേശത്തും എത്തി സിസിടിവി ക്യാമറകൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇതിനു പുറമേ ഫോൺകോൾ പരിശോധന, വാഹന പരിശോധന എന്നിവയും തകൃതിയായി നടക്കുന്നുണ്ട്. സംശയമുള്ളവരെ നിരീക്ഷിച്ചും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!