കോപ്പ് 28 ന് ഇന്ന് തുടക്കം, പ്രധാനമന്ത്രി ഇന്നെത്തും, കനത്ത സുരക്ഷാവലയത്തിൽ ദുബായ്; വിവിധയിടങ്ങളിൽ ഗതാ​ഗത നിയന്ത്രണം

ദുബായ്: യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28-ന് ഇന്ന് ദുബായിൽ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയോടെ ദുബായിലെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്. ദുബായ് ന​ഗരത്തിൽ കടുത്ത ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കോപ്പ് 27ൽ നിർണായക ചർച്ചയായ നഷ്ട പരിഹാര ഫണ്ടിന്റെ കാര്യത്തിലുൾപ്പടെ നിർണായക പുരോഗതി ഉണ്ടാകുമോയെന്നാണ് കോപ്പ്28 എത്തുമ്പോൾ ലോകം ഉറ്റു നോക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം കാരണമുള്ള കെടുതികൾ നേരിടുന്ന വികസ്വര രാജ്യങ്ങൾക്കായി ഫണ്ട് രൂപീകരിക്കുന്നതാണ് ആശയം. വികസിത രാജ്യങ്ങൾക്കു മേൽ കൂടുതൽ ഉത്തരവാദിത്തം വരുന്ന ഫണ്ടിൽ തീരുമാനം നിർണായകമാണ്. ഫോസിൽ ഇന്ധന ഉപഭോഗത്തിന്റെ ഭാവിയും ചർച്ചയാകും. 2023നെ സുസ്ഥിരതാ വർഷമായി ആചരിച്ച്, ദീർഘകാലത്തെ ഒരുക്കത്തിന് ശേഷമാണ് കോപ്പ് 28നായി ലോകനേതാക്കളെ യുഎഇ വരവേൽക്കുന്നത്. പതിമൂന്ന് ദിവസം ഉച്ചകോടി നീണ്ടുനിൽക്കും. ആദ്യ മൂന്നു ദിവസം ലോക നേതാക്കൾ സംസാരിക്കും. ബ്രിട്ടനിലെ ചാൾസ് രാജാവും പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കൾ ആദ്യ ദിവസമെത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാത്രി മടങ്ങും. ഉച്ചകോടിക്ക് മുന്നോടിയായുള്ള ഇന്ത്യാ ഗ്ലോബൽ ഫോറത്തിൽ പാരിസ് കാലാവസ്ഥാ ഉടമ്പടിക്ക് ശേഷം മലിനീകരണം കുറയ്ക്കാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ കേന്ദ്ര പരിസ്ഥിതി- കാലാവസ്ഥാ മന്ത്രി ഭുപേന്ദർ സിംഗ് യാദവ് വിശദീകരിച്ചു. ഡിസംബർ 9,10 ദിവസങ്ങളിലാണ് ലോക നേതാക്കൾ പങ്കെടുക്കുന്ന രണ്ടാമത്തെ സെഷൻ. വെള്ളിയാഴ്ച്ച ഇസ്രയേൽ, പലസ്തീൻ പ്രസിഡന്റുമാർ ഉച്ചകോടിയിൽ സംസാരിക്കുന്നുണ്ട്. ഉച്ചകോടിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ഡിസംബർ 1,2,3 ദിവസങ്ങളിൽ രാവിലെ ശൈഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേൾഡ് ട്രേഡ് സെന്റർ മുതൽ എക്സ്പോസിറ്റി ഇന്റർസെഷൻ വരെ രാവിലെ 7 മുതൽ 11 വരെ ഗതാഗതം അനുവദിക്കില്ല.

ഉച്ചകോടിയിൽ ശക്തമായ പ്രസ്താവനകൾ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ ആഗോള കാലാവസ്ഥ ഉച്ചക്കോടിയിലേക്ക് എത്തില്ല. 86 കാരനായ മാർപ്പാപ്പ വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്നതായിരുന്നു. മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ കഴിഞ്ഞ ദിവസം വിശദമാക്കി. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!