സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂർ സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി, പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്
കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ എത്തിയത്. ഒക്ടോബര്‍ 17- ന് ഹര്‍ജ്ജിയിന്മേലുള്ള വാദം പൂര്‍ത്തിയായിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ക്ക് എതിരായി സത്യവാങ്മൂലം സുപ്രീംകോടതിയില്‍ കൊടുത്തിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
വി.സിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വി.സിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.
പിന്നീടാണ് രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് വി.സി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചത്. തുടര്‍ന്ന്, വി.സി. നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി ചാന്‍സിലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.
ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എഴുതിയ കത്ത് പുറത്തായതോടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വാദം പൊളിഞ്ഞു. സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ് വി.സി. നിയമനത്തില്‍ അനുകൂല നിലപാടെടുത്തതെന്ന ഗവര്‍ണറുടെ വാദത്തെ സാധൂകരിക്കുന്നതായിരുന്നു മന്ത്രി ആര്‍. ബിന്ദുവിന്റെ കത്ത്. നിയമനത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ അതിന് കാരണമായത് സര്‍ക്കാരാണെന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്.
ഗോപിനാഥ് രവീന്ദ്രനെ വി.സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രോ-ചാന്‍സലര്‍ എന്ന നിലയ്ക്കാണ് മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. പുതിയ വി.സി.യെ കണ്ടെത്താനുള്ള സമിതിയെ പിരിച്ചുവിട്ട ശേഷമായിരുന്നു ഇത്. എന്നാല്‍ ചാന്‍സലറുള്ളപ്പോള്‍ പ്രോ-ചാന്‍സലര്‍ക്ക് സവിശേഷ അധികാരമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇല്ലാത്ത സവിശേഷ അധികാരം ഉണ്ടെന്ന തരത്തിലാണ് ഗോപിനാഥ് രവീന്ദ്രനുവേണ്ടി മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക