ഭാര്യയുടെ രഹസ്യബന്ധം പിടിക്കാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചു; ഭർത്താവ് കാമുകനെ കൊന്ന ദുഃഖത്തിൽ യുവതിയുടെ ആത്മഹത്യ: കുടുക്കിയത് ‘മരണമൊഴി’

ബെംഗളൂരു:  ഒരു കൊലപാതക കേസിലെ ഒരേയൊരു ദൃക്സാക്ഷിയായ യുവതി സംഭവം നടന്നു രണ്ടു മണിക്കൂറിനുള്ളിൽ ആത്മഹത്യ ചെയ്യുക. പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ അറസ്റ്റ് കഴിയാതെ വരിക. കാരണം, കോടതിയിലെത്തിയാൽ തെളിവുകൾ ഇല്ലാത്തതിനാൽ അയാൾ ഊരിപ്പോരുമെന്ന് ഉറപ്പ്. കീറാമുട്ടിയായ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു ബെംഗളൂരു പൊലീസ്. അപ്പോഴാണ് മറ്റൊരു കച്ചിത്തുരുമ്പ് അവർക്കുമുന്നിൽ തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോടു ഫോണിൽ പറഞ്ഞ വാക്കുകൾ. ‘നെമോ മോരിറ്റുറസ് പ്രെസ്യുമിറ്റർ മെന്റയർ’ എന്ന നിയമതത്വം വഴി, അത് യുവതിയുടെ മരണമൊഴിയായി കണക്കാക്കിയാണ് പ്രതിക്കു കോടതി ശിക്ഷ വിധിച്ചത്. (ചിത്രത്തിൽ അമിത് കേശവമൂർത്തി, ശ്രുതി ഗൗഡ, രാജേഷ് ഗൗഡ)

 

സംഭവം ഇങ്ങനെ

2017 ജനുവരി 13 ന് ബെംഗളൂരുവിലായിരുന്നു കൊലപാതകം. പഞ്ചായത്ത് വികസന വകുപ്പ് ഓഫിസറായ ശ്രുതി ഗൗഡ(33)യും കാമുകൻ അമിത് കേശവമൂർത്തി(35) യും ആചാര്യ എൻജിനീയറിങ് കോളജിനു സമീപം കാറിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവായ ശ്രുതിക്ക് ആരുമായോ അടുപ്പമുണ്ടെന്നു സംശയിച്ചിരുന്ന ഭർത്താവ് രാജേഷ് ഗൗഡ അവരുടെ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നു. ശ്രുതിയെ പല തവണ ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തതിനാൽ ജിപിഎസ് ട്രാക്കർ വഴി ശ്രുതിയുടെ കാർ ട്രാക്ക് ചെയ്ത് കോളജിനു മുന്നിലെത്തിയ രാജേഷ് അവരെ ഒരുമിച്ചു കണ്ടു.

തുടർന്ന് ശ്രുതിയും രാജേഷും തമ്മിൽ വാക്കു തർക്കമുണ്ടായി. വഴക്കിനിടയിൽ കയറിയ അമിത്തിനെ രാജേഷ് വെടിവച്ചു കൊലപ്പെടുത്തി. രണ്ടു മണിക്കൂറിനു ശേഷം ശ്രുതി ആത്മഹത്യ ചെയ്തു.

 

ആൺകുഞ്ഞിന് ജന്മം നൽകാത്തവളെന്ന് പഴി, സംശയരോഗം

പത്താം ക്ലാസിൽ 94 ശതമാനം മാർക്ക് നേടിയ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു ശ്രുതി. 2004 ഫെബ്രുവരിയിൽ, ഒന്നാം വർഷ ഡിഗ്രി പഠനകാലത്താണ് രാജേഷ് ഗൗഡയുമായുള്ള വിവാഹം. ആ സമയത്ത് രാജേഷ് തൊഴിൽരഹിതനായിരുന്നു. ഡിഗ്രി രണ്ടാം വർഷം ശ്രുതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കുടുംബത്തിൽ ഉത്തരവാദിത്തങ്ങൾ ഏറിയെങ്കിലും പഠനം നിർത്താൻ ശ്രുതി തയാറായില്ല. അവർ വിദൂരവിദ്യാഭ്യാസത്തിലൂടെ പിജി പൂർത്തിയാക്കി. ഈ സമയത്തും തൊഴിൽരഹിതനായിരുന്ന രാജേഷ് ഭാര്യയുമായി ചെറിയ കാര്യങ്ങളിൽ പോലും വഴക്കിടാനും അവർക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നു സംശയിക്കാനും തുടങ്ങി.

ശ്രുതി ഇതിനിടെ സർക്കാർ പരീക്ഷ പാസാവുകയും പഞ്ചായത്ത് വികസന ഓഫിസറായി(പിഡിഒ) ബസവനഹള്ളി ഗ്രാമപഞ്ചായത്തിൽ ജോലിക്കു കയറുകയും ചെയ്തു. 2011 ൽ അവർക്ക് ഒരു പെൺകുഞ്ഞു കൂടി ജനിച്ചു. എന്നാൽ ആൺകുഞ്ഞ് ജനിക്കാത്തതിൽ രാജേഷ് ശ്രുതിയെ നിരന്തരം പഴിചാരിക്കൊണ്ടിരുന്നു. മാതാപിതാക്കളിൽനിന്ന് ശ്രുതിയുടെ ഓഹരി വാങ്ങിയെടുക്കാനും നിർബന്ധിക്കാൻ തുടങ്ങി. എല്ലാ മാസവും ശ്രുതിയുടെ ശമ്പളം കൈക്കലാക്കുകയും യാതൊരു നിയന്ത്രണവുമില്ലാതെ ചെലവാക്കുകയും ചെയ്തു.

 

അമിത് ജീവിതത്തിലേക്ക്

ബെംഗളൂരുവിൽ അത്യാവശ്യം അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു അമിത് കേശവമൂർത്തി. ബെംഗളൂരു കെഎൽഇ ലോ കോളജ്, സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ സർവകലാശാല എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി ബെംഗളൂരുവിൽ സ്വതന്ത്ര അഭിഭാഷകനായി പ്രവർത്തിക്കുകയായിരുന്നു. 2006ൽ രഞ്ജിത എന്ന യുവതിയെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനുണ്ട്.

2016 ജൂലൈയിലാണ് അമിത് ശ്രുതിയെ ആദ്യമായി കാണുന്നത്. അന്ന് ടി ബെഗൂർ വില്ലേജിലെ പിഡിഒ ആയിരുന്നു ശ്രുതി. അവിടെനിന്ന് ഗോല്ലഹള്ളി ഗ്രാമപഞ്ചായത്തിലേക്കു മാറാൻ ശ്രുതിയെ സഹായിച്ചത് അമിത്താണ്. ബെഗൂർ വിട്ടെങ്കിലും ഇരുവരും ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെ ബന്ധം തുടർന്നു. പിന്നീട് ഇരുവരും പ്രണയത്തിലായെന്നും പൊലീസ് അറിയിച്ചു.

2016ൽ അമിത്തിന്റെ ഭാര്യ രഞ്ജിത ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിയുകയും ഇത് ശ്രുതിയുടെ ഭർത്താവ് രാജേഷിനെ ഫെയ്സ്ബുക് ചാറ്റിലൂടെ അറിയിക്കുകയും ചെയ്തു. ശ്രുതിയും അമിത്തും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ചാറ്റുകളും രാജേഷിനു കൈമാറി. രാജേഷ് ഇതിന്റെ പേരിൽ ശ്രുതിയുമായി വഴക്കിട്ടെങ്കിലും പിന്നീട് നടന്ന ചർച്ചയിൽ കാര്യങ്ങൾ ഒത്തുതീർപ്പിലത്തി. എന്നാൽ ശ്രുതിയിൽ സംശയം അവശേഷിച്ച രാജേഷ് അവരുടെ കാറിൽ രഹസ്യമായി ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ശ്രുതിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.

 

നെഞ്ചു പിളർന്ന് വെടിയൊച്ച, താങ്ങാനാകാതെ ശ്രുതി

2017 ജനുവരി 13ന്, സംക്രാന്തി ഉത്സവത്തിന് തലേദിവസം, ഉച്ചയ്ക്കു ശേഷം എത്താം എന്നു പറഞ്ഞ് ശ്രുതി കാറുമായി വീട്ടിൽനിന്ന് ഇറങ്ങി. രാജേഷ് മൂത്ത മകളെ സ്കൂളിൽനിന്നു കൂട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശ്രുതിയെ കണ്ടില്ല. രാജേഷ് അയാളുടെ പിതാവ് ഗോപാലകൃഷ്ണൻ ജേലി നോക്കിയിരുന്ന കർണാടക പഞ്ചായത്ത് പരിഷത്തിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. രാജേഷ് പല തവണ ശ്രുതിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ജിപിഎസ് നോക്കിയപ്പോൾ ശ്രുതി ആചാര്യ കോളജിനു സമീപത്തുണ്ടെന്ന് മനസ്സിലായി.

വൈകിട്ട് മൂന്നോടെ രാജേഷ് അവിടെ എത്തിയപ്പോൾ അമിത്തും ശ്രുതിയും കാറിലിരുന്ന് സംസാരിക്കുന്നതാണ് കണ്ടത്. കുപിതനായ രാജേഷ് കാറിനടുത്തെത്തി ഡോർ തുറക്കാൻ ആവശ്യപ്പെട്ടു. ശ്രുതി വിസമ്മതിച്ചപ്പോൾ തോക്കെടുത്ത് ശ്രുതിക്കു നേരെ നീട്ടി. ഇതുകണ്ട അമിത് വാഹനത്തിൽനിന്ന് ഇറങ്ങി തോക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചപ്പോൾ അമിത്തിന്റെ നെഞ്ചിൽ രാജേഷ് വെടിയുതിർത്തു.

ശ്രുതി പെട്ടെന്ന് അമിത്തിനെ ആശുപത്രിയിൽ എത്തിച്ചു. രാജേഷും പിതാവ് ഗോപാലകൃഷ്ണനും ആശുപത്രിലെത്തിയപ്പോൾ ശ്രുതി ഭീഷണിപ്പെടുത്തിയതോടെ അവർ തിരിച്ചുപോയി. അപ്പോഴേക്കും അമിത് മരിച്ചിരുന്നു. അതറിഞ്ഞ് ഹൃദയം തകർന്ന ശ്രുതി ആശുപത്രിയിൽനിന്ന് പോയി അടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ജീവനൊടുക്കുകയും ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഗോപാലകൃഷ്ണനെയും രാജേഷിനെയും കൊലപാതകകുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മകനെ രക്ഷിക്കാൻ ഗോപാലകൃഷ്ണൻ കുറ്റം ഏറ്റെടുത്തെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ രാജേഷ് കുറ്റം സമ്മതിച്ചു.

 

നിർണായകമായി മരണമൊഴി

രാജേഷിനെയും ഗോപാലകൃഷ്ണനെയും പ്രതിചേർത്താണ് പൊലീസ് കുറ്റപത്രം തയാറാക്കിയത്. ഇരുവർക്കുമെതിരെ മതിയായ രേഖകൾ ഉണ്ടായിരുന്നെങ്കിലും പ്രധാന ദൃക്സാക്ഷിയായ ശ്രുതി മരിച്ചത് പൊലീസിന് പ്രതിസന്ധി സൃഷ്ടിച്ചു. എല്ലാ തെളിവുകൾക്കും പുറമേ, അമിത്തിനെ കൊലപ്പെടുത്തിയത് രാജേഷ് ആണെന്ന് സംശയാതീതമായി കോടതിയിൽ തെളിയിക്കേണ്ടതുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു സാക്ഷി രാജേഷിന്റെ ഡ്രൈവറായിരുന്നു. രാജേഷ് അമിത്തിനെ വെടിവയ്ക്കുന്നത് കണ്ടില്ലെന്നായിരുന്നു അയാളുടെ മൊഴി. അത് പൊലീസിന് കൂടുതൽ തലവേദന സൃഷ്ടിച്ചു.

കേസ് വല്ലാതെ കുഴക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രവീൺ ബാബു പറഞ്ഞു. ‘‘എന്റെ കരിയറിൽ ഇത്രയേറെ തവണ പുനർവിചാരണയ്ക്കായി കോടതിയിൽ കയറിയിട്ടില്ല. ഞങ്ങൾ കോടതിയിൽ കൊടുത്ത മറ്റൊരു തെളിവ് മരണത്തിനു മുൻപ് ശ്രുതി തന്റെ ബന്ധുവായ ശ്വേതയോട് ഫോണിൽ പറഞ്ഞ കാര്യങ്ങളാണ്. അമിത്തിനെ രാജേഷ് കൊലപ്പെടുത്തി എന്നാണ് ശ്രുതി ശ്വേതയോട് പറഞ്ഞത്. ഇത് മരണമൊഴിയായി കണക്കാക്കണമെന്ന് കോടതിയെ അറിയിച്ചു. സാധാരണ നിലയിൽ ഫോണിലൂടെയുള്ള മരണമൊഴി കോടതിൽ ശക്തമായ തെളിവായി നിലനിൽക്കാറില്ല. എന്നാൽ ഞങ്ങൾക്കു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ‘നെമോ മോരിറ്റുറസ് പ്രെസ്യുമിറ്റർ മെന്റയർ’ (ഏതു നിമിഷവും മരിക്കുമെന്ന് ഉറപ്പുള്ള ഒരാൾ ഒരിക്കലും നുണ പറയില്ല എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് നിയമത്തിൽ നെമോ മോരിറ്റുറസ് പ്രെസ്യുമിറ്റർ മെന്റയർ എന്ന നീതിവാക്യം കൊണ്ടു വന്നിരിക്കുന്നത്. മരിക്കാനൊരുങ്ങുന്ന ഒരാൾ നൽകുന്ന മൊഴിയാണത്. ലാറ്റിൻ ഭാഷയിൽനിന്നാണ് ഈ വാചകത്തിന്റെ വരവ്) എന്ന ആശയം കോടതിക്കു മുന്നിൽ വച്ചു. കോടതിയിൽ വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്ന ഒരു നീതിവാക്യമാണിത്. ഇതുപ്രകാരം, ‘കള്ളം പറഞ്ഞ നാവുമായി ഒരു മനുഷ്യൻ തന്റെ സ്രഷ്ടാവിന്റെ അടുക്കലേക്കു പോകില്ല’ എന്നാണ് കരുതുന്നത്.

സാധാരണയായി, മരണക്കിടക്കയിൽ വച്ച് തഹസിൽദാർ രേഖപ്പെടുത്തുന്നതാണ് കോടതിയിൽ ശക്തമായ തെളിവായ മരണമൊഴിയായി കണക്കാക്കുന്നത്. എന്നാൽ ഈ കേസിൽ, മരണത്തിനു മുൻപ് ഒരു സർക്കാർ ഉദ്യോഗസ്ഥന് മൊഴിയെടുക്കുക എന്ന സാധ്യത ഇല്ലായിരുന്നു’’– പ്രവീൺ ബാബു വിശദീകരിച്ചു. മരണത്തിന് തൊട്ടുമുൻപ് ശ്രുതിയുമായി സംസാരിച്ച ശ്വേത കോടതിയിലെത്തി മൊഴി നൽകിയതും കേസിന് ബലം നൽകിയതായി പൊലീസ് അറിയിച്ചു.

2023 നവംബർ 15ന്, രാജേഷ് കുറ്റക്കാരനാണെന്ന് ബെംഗളൂരു റൂറൽ ജില്ലാ കോടതി ജഡ്ജി വിധിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. കൂട്ടുപ്രതിയായ പിതാവ് ഗോപാലകൃഷ്ണൻ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!