ഉള്ളുലഞ്ഞ് 20 മണിക്കൂര്‍, ആശ്വാസവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞ് അമ്മ; കൂപ്പുകൈകളോടെ ബന്ധുക്കളും

ഇരുപതുവര്‍ഷങ്ങളെന്ന പോലെ കടന്നുപോയ ഇരുപതുമണിക്കൂറുകള്‍, ഒടുവില്‍ പൊന്നോമനയെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരഞ്ഞു. ഒപ്പമുണ്ടായിരുന്ന മൂത്തമകന്‍ ജോനാഥന്റെ മുഖത്തും ചിരിവിടര്‍ന്നു. മണിക്കൂറുകള്‍നീണ്ട ആശങ്കയും ദുഃഖവുമെല്ലാം സന്തോഷത്തിലേക്ക് വഴിമാറിയനിമിഷങ്ങള്‍. ഇനി എത്രയുംവേഗം അബിഗേലുമായി പോലീസ് വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം.

തിങ്കളാഴ്ച വൈകിട്ട് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ അക്രമിസംഘം കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞെന്നാണ് പോലീസിന്റെ നിഗമനം.

ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് വിവരം തിരക്കിയത്. മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേല്‍ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിങ്ക് പോലീസിനെയും കൊല്ലം ഈസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

 

 

View this post on Instagram

 

A post shared by News Desk (@malayalamdeskmail)

 

എസ്എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്കുശേഷം കുട്ടിയെ വീട്ടിലെത്തിക്കും.  അബിഗേല്‍ അമ്മയുമായി വിഡിയോ കോളിൽ സംസാരിച്ചു. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരം.

സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീടുകളടക്കം പൊലീസ് കയറി പരിശോധിച്ചു. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. പൊലീസ് സംഘം അബിഗേലിന്റെ വീട്ടിലെത്തി പിതാവ് റെജിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും െപാലീസ് തിരച്ചിൽ നടത്തിയിരുന്നു.

കോട്ടയം പുതുവേലിയിൽ ഉൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തി. പുതുവേലി കവലയിലെ ബേക്കറിയിൽ രണ്ടു പുരുഷനും ഒരു സ്ത്രീയും ചായ കുടിക്കാനെത്തിയിരുന്നു. എത്തിയവരിൽ ഒരാൾക്ക് രേഖാചിത്രവുമായി സാമ്യമുണ്ടെന്ന് കടയുടമയ്ക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. കാറിലാണ് ഇവർ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസുമായി ബന്ധമില്ലെന്നതിനാൽ പിന്നീട് ഇവരെ വിട്ടയച്ചു. ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്റർ ഉടമയും രണ്ടു ജീവനക്കാരുമാണ് കസ്റ്റഡിയിലായത്. ഇതിൽ ജീവനക്കാരെയാണ് വിട്ടയച്ചത്. കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും കാർ വാടകയ്ക്ക് കൊടുത്തതാണോയെന്നായിരുന്നു സംശയം. ഇത് സ്ഥിരീകരിക്കാനായിരുന്നു അന്വേഷണം. കാർ വാഷിങ് സെന്ററിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ അടങ്ങിയ ബാഗും ചെക്കു ബുക്കുകളും പൊലീസ് കണ്ടെടുത്തിരുന്നു. മൂന്നുപേരുമായി തിരുവല്ലത്തെ കാർ വർക് ഷോപ്പിലും പരിശോധന നടത്തി.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയതിനുശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും വീട്ടിൽനിന്ന് 100 മീറ്റർ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴാണു സംഭവം. കാറിൽ എത്തിയവർ ഒരു നോട്ടിസ് നൽകി, അത് അമ്മയെ ഏൽപിക്കണം എന്നു പറഞ്ഞു ജോനാഥന്റെ ശ്രദ്ധയകറ്റിയ ശേഷം അബിഗേലിനെ കയ്യിൽ പിടിച്ചു കാറിലേക്കു വലിച്ചു കയറ്റുകയായിരുന്നു. ജോനാഥൻ കയ്യിലിരുന്ന വടിയെടുത്ത് തടയാൻ ശ്രമിച്ചു.

കാർ നീങ്ങിയപ്പോൾ ജോനാഥൻ ഡോറിൽ തൂങ്ങിക്കിടന്നു. കാറിലുള്ളവർ ജോനാഥാന്റെ കൈ തട്ടിയകറ്റി. റോഡിലേക്കു വീണ ജോനാഥന്റെ മുട്ടിനു പരുക്കേറ്റു. അങ്കണവാടി അധ്യാപികയായ സുനു സോമരാജൻ ഇതുകണ്ട് ഓടിയെത്തിയപ്പോഴേക്കും കാർ വിട്ടു പോയിരുന്നു. ജോനാഥന്റെ കരച്ചിൽ കേട്ടു പുറത്തിറങ്ങിയ അയൽവാസികൾ അന്വേഷിച്ചപ്പോഴാണു കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്നു നാട്ടുകാർക്കു മനസ്സിലായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!