കേരളവർമയിൽ SFI ക്ക് തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കി: റീകൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

തൃശൂർ കേരള വർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്. അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി.ആർ.രവി നിർദേശം നൽകി. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.

കേരള വർമ കോളജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ്.ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്.

എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു.  ഒടുവിൽ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിച്ചു. ഇതിനെതിരെ എസ്.ശ്രീക്കുട്ടൻ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിലാണ് കോടതി ഉത്തരവ്.

വൈദ്യുതി ഇല്ലാത്ത സമയത്ത് റീ കൗണ്ടിങ് നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ശ്രീക്കുട്ടൻ അധികൃതർക്കു മുന്നിലെത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല. റീ കൗണ്ടിങ്ങിൽ കൃത്രിമം കാട്ടാൻ എസ്എഫ്ഐ ശ്രമിക്കുന്നതായി കെഎസ‌്‌യു പ്രവർത്തകർ ആരോപിച്ചതും ഇതു ചോദ്യം ചെയ്തതും നേരിയ സംഘർഷത്തിലെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കൗണ്ടിങ് നിർത്തിവയ്ക്കണമെന്ന് കോളജ് പ്രിൻസിപ്പലും പൊലീസും ആവശ്യപ്പെട്ടെങ്കിലും റിട്ടേണിങ് ഓഫിസർ തയാറായില്ല.41 വർഷത്തിനുശേഷം ഇവിടെ ഒരു ജനറൽ സീറ്റിൽ വിജയിച്ചെന്നായിരുന്നു കെഎസ്‌യുവിന്റെ പ്രഖ്യാപനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!