കാമുകന് 21 ലക്ഷം കടം, ഡേറ്റിങ് ആപ്പിലൂടെ 28കാരനുമായി ബന്ധം സ്ഥാപിച്ച് പണം തട്ടാൻ ശ്രമം; പിന്നാലെ കൊലപാതകം: യുവതിക്ക് ജീവപര്യന്തം

ജയ്പുർ (രാജസ്ഥാൻ):∙ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി 28 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ യുവതിക്കും കൂട്ടാളികൾക്കും ജീവപര്യന്തം. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ദുഷ്യന്ത് ശർമയെ ഇരുപത്തിയേഴുകാരിയായ പ്രിയ സേഠ് സുഹൃത്തുക്കളായ ലക്ഷ്യ വാലിയ, ദിക്ഷന്ത് കമ്ര എന്നിവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. (ചിത്രത്തിൽ കൊലപാതക കേസിലെ പ്രതി പ്രിയ (ഇടത്), കൊല്ലപ്പെട്ട ദുഷ്യന്ത് ശർമ (വലത്))

2018 ഫെബ്രുവരിയിലാണ് പ്രിയയും ദുഷ്യന്തും ടിൻഡർ വഴി പരിചയപ്പെട്ടത്. മൂന്നുമാസങ്ങൾക്കു ശേഷം ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചു. തുടർന്ന് പ്രിയ പറഞ്ഞ സ്ഥലത്ത് എത്താമെന്ന് ദുഷ്യന്ത് സമ്മതിച്ചു. എന്നാൽ പലകാര്യങ്ങളിലും കള്ളം പറഞ്ഞാണ് ഇരുവരും സൗഹൃദത്തിലായത്. വിവാഹിതനായ ദുഷ്യന്ത് ഡൽഹിയിലെ സമ്പന്നനായ ബിസിനസുകാരനാണെന്നു പറഞ്ഞ് വിവൻ കോലി എന്ന വ്യാജപ്പേരിലാണ് പ്രിയയുമായി അടുപ്പമുണ്ടാക്കിയത്. ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കുക എന്നതുമാത്രമായിരുന്നു പ്രിയയുടെ ലക്ഷ്യം. ഇതിനായി പ്രിയ തന്റെ രണ്ടു സുഹൃത്തുക്കളുടെ സഹായവും തേടി.

തുടർന്ന് പ്രിയയും സുഹൃത്തുക്കളായ ദിക്ഷന്ത് കമ്രയും ലക്ഷ്യ വാലിയയും ചേർന്ന് വീട്ടിലേക്കു പോകുന്ന വഴി ദുഷ്യന്തിനെ തട്ടിക്കൊണ്ടു പോയി. അപ്പോഴാണ് ദുഷ്യന്ത് ഡൽഹിയിലെ സമ്പന്നനായ ബിസിനസുകാരനല്ലെന്നും ആപ്പ് വഴി നടത്തിയ ചാറ്റിങ്ങിൽ പറഞ്ഞ പലകാര്യങ്ങളും പച്ചക്കള്ളമാണെന്നും പ്രിയയ്ക്കും കൂട്ടാളികൾക്കു ബോധ്യപ്പെട്ടത്. ദുഷ്യന്തിനെ വിട്ടയയ്‌ക്കണമെങ്കിൽ പത്തുലക്ഷം രൂപ നൽകണമെന്ന് പ്രതികൾ കുടുംബത്തിനെ ഭീഷണിപ്പെടുത്തി.

‘‘എന്റെ മകന്റെ ഫോണിൽ നിന്ന് ഞങ്ങൾക്ക് ഒരു കോൾ വന്നു. പപ്പാ, ഇവര്‍ എന്നെ കൊല്ലും. അവർക്കു പത്തുലക്ഷം രൂപ നൽകി എന്നെ രക്ഷിക്കൂ.’’– എന്നായിരുന്നു ദുഷ്യന്ത് ഫോണിലൂടെ അവസാനമായി പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ പിതാവ് രാമേശ്വർ പ്രസാദ് ശർമ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. അതിനുശേഷം ദുഷ്യന്തിൽനിന്ന് പ്രിയ ഫോൺ പിടിച്ചുവാങ്ങി. പത്തുലക്ഷം രൂപ ദുഷ്യന്തിന്റെ അക്കൗണ്ടിലേക്കിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത്രയും രൂപ കയ്യിലില്ലെന്നും നാലുമണിയോട മൂന്നുലക്ഷം രൂപ നൽകാമെന്നും യുവതിയോട് സമ്മതിച്ചതായി പിതാവ് പറഞ്ഞു.

ദുഷ്യന്തിന്റെ ഡെബിറ്റ് കാർഡും പിൻ നമ്പരും കൈക്കലാക്കിയ പ്രതികൾ, ഇയാളെ കൊന്നശേഷം പിതാവ് അക്കൗണ്ടിലേക്കിട്ട മൂന്നുലക്ഷം രൂപയിൽ നിന്ന് 20,000 രൂപ പിൻവലിച്ചു. 2018 മേയ് 4ന് ജയ്പുരിനു സമീപം ഒരു ഗ്രാമത്തിൽ നിന്ന് ദുഷ്യന്തിന്റെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കുറ്റം സമ്മതിച്ചശേഷം പ്രിയ സേഠ് പറഞ്ഞതിങ്ങനെ: ‘‘അയാൾ ഒരിക്കലും യഥാർഥ പേര് എന്നോട് പറഞ്ഞിരുന്നില്ല. വലിയ പണക്കാരനാണെന്നാണ് എന്നോട് പറഞ്ഞത്. കൂട്ടുപ്രതിയായ ദിക്ഷന്തുമായി ഞാൻ ലിവ്–ഇൻ റിലേഷൻഷിപ്പിലായിരുന്നു. ദിക്ഷന്തിന് 21 ലക്ഷം രൂപ കടമുണ്ടായിരുന്നു. പണം സംഘടിപ്പിക്കുന്നതിനായാണ് ഞങ്ങൾ ഈ പദ്ധതി ആസുത്രണം ചെയ്തത്.

പണം അക്കൗണ്ടിൽ എത്തുന്നതിനു മുൻപു തന്നെ ദുഷ്യന്തിനെ കൊലപ്പെടുത്തിയിരുന്നു. ആദ്യം കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു. പിന്നീട് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ദിക്ഷന്ത് എന്നോട് ഒരു കത്തി എടുക്കാൻ പറഞ്ഞു. തുടര്‍ന്ന് അവന്‍ ദുഷ്യന്തിന്റെ കഴുത്തറുത്തു.’’ – യുവതി പറഞ്ഞു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കു ശിക്ഷ വിധിച്ചതെന്ന് ജയ്പുർ കോടതി വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!