ഗാനസന്ധ്യ, ആഘോഷം: 4 വിദ്യാർഥികളുടെ ജീവന്‍ കവര്‍ന്ന് അപ്രതീക്ഷിത ദുരന്തം; പടിയില്‍ വീണ കുട്ടികള്‍ക്കു ചവിട്ടേറ്റു, പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജമാക്കിയതായി മന്ത്രി വീണാ ജോർജ് – വീഡിയോ

കൊച്ചി∙  ടെക് ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ഗാനമേള കലാശിച്ചത് വന്‍ ദുരന്തത്തില്‍. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കുട്ടികള്‍ ആഘോഷപൂര്‍വം ആസ്വദിക്കുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം ക്യാംപസിനെയാകെ ഞെട്ടിച്ച് നാലു വിദ്യാര്‍ഥികളുടെ ജീവന്‍ കവര്‍ന്നത്. അപകടത്തില്‍ അമ്പതിലേറെ കുട്ടികള്‍ക്കു പരുക്കേറ്റു. രണ്ടു പെണ്‍കുട്ടികളുടെ നില അതീവഗുരതരമാണെന്നാണു റിപ്പോര്‍ട്ട്. കുസാറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും സ്‌കൂള്‍ ഓഫ് എന്‍ജിനിയറങ്ങിലെ വിദ്യാര്‍ഥികളും ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.

ഇതിന്റെ ഭാഗമായുള്ള ഗാനസന്ധ്യയിലേക്കുള്ള പ്രവേശനം ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയ ജനപ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി കൂടുതല്‍ പേര്‍ ഗെയ്റ്റിനു പുറത്തു കാത്തുനിന്നിരുന്നു. മഴ ചാറിയതോടെ ഗേറ്റ് തള്ളിത്തുറന്ന് കുട്ടികള്‍ കൂട്ടമായി ഉള്ളിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്. ഗേറ്റ് കടന്ന വിദ്യാര്‍ഥികള്‍ തിരക്കില്‍പെട്ട് താഴെയുള്ള പടകളിലേക്കു വീഴുകയായിരുന്നു. ഇവര്‍ വീണതറിയാതെ പിന്നാലെ തള്ളിക്കയറിയവര്‍ ഇവരെ ചവിട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരന്റെ പ്രതികരണം

വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരന്‍. ടെക്‌നിക്കല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നലെ നടന്നതിനുശേഷം വിവിധ മത്സര ഇനങ്ങളും പ്രൊഫഷനല്‍ ടോക്കുകളും നടക്കുകയായിരുന്നു. ഗാനസന്ധ്യയെന്ന മ്യൂസിക്കല്‍ പ്രോഗ്രാം ഇന്ന് കുട്ടികള്‍ ക്രമീകരിച്ചിരുന്നു. ആ പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങിലെയും മറ്റു ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. കൂടാതെ സമീപത്തുള്ള കോളജിലെ കുട്ടികളും സമീപവാസികളും പരിപാടിക്ക് എത്തിയിരുന്നു. മഴചാറിയതോടുകൂടി, എല്ലാവരും അകത്തേക്ക് കയറാന്‍ ശ്രമിക്കുകയും, എന്‍ട്രന്‍സിലെ സ്റ്റെപ്പില്‍ കുട്ടികള്‍ മറിഞ്ഞുവീഴുകയും ചെയ്‌തെന്നാണു നിലവില്‍ ലഭ്യമാകുന്ന വിവരമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

 

 

 

 

‘നടന്നത് ദൗർഭാഗ്യകരമായ സംഭവം; ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ സജ്ജരാക്കി’ – മന്ത്രി വീണാ ജോർജ്

അപകടത്തിൽ പരുക്കേറ്റവർക്കുള്ള ചികിത്സാ സംവിധാനങ്ങൾ തയാറാണെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് കുസാറ്റിൽ നടന്നതെന്നും പരുക്കേറ്റവരിൽ‌ നാലുപേരുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. നാൽപതിലേറെപ്പേർ പരുക്കേറ്റ് കളമശേരി മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ടെന്നും അവിടെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചു.

‘‘64 പേർക്ക് പരുക്കേറ്റതായാണു നിലവിലെ വിവരം. 46 പേരെയാണു കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. നാലുപേരുടെ നില ഗുരുതരമാണ്. രണ്ടുപേർ ഒരു സ്വകാര്യ ആശുപത്രിയിലും രണ്ടുപേർ കളമശേരി മെഡിക്കൽ കോളജിലുമാണ്. 18 േപർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇവരിൽ ഒരാളുടെ തലയ്ക്കു പരുക്കുണ്ട്. സംഭവം അറിഞ്ഞതിനുപിന്നാലെ ആശുപത്രികളിൽ അലർട്ട് കൊടുത്തിരുന്നു. വ്യവസായ മന്ത്രി പി.രാജീവും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവും സ്ഥലത്തേക്കു പോയിട്ടുണ്ട്’’–മന്ത്രി പറഞ്ഞു.

പരുക്കേറ്റവ‍രുടെ നില എന്താണെന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. അതിനായി സ്കാനിങ് ഉൾ‌പ്പെടെയുള്ള കാര്യങ്ങൾ നടത്തേണ്ടതുണ്ട്. കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ തയാറാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രിയിലെ തിരക്ക് നിയന്ത്രണവിധേയമാണ്. കൊച്ചിയിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ പരുക്കേറ്റവരെ അങ്ങോട്ടു മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!