കാത്തിരിപ്പിന് വിരാമമാകുന്നു; തുരങ്കത്തില്‍നിന്ന് അവര്‍ പുറത്തെത്താന്‍ ഇനി മണിക്കൂറുകള്‍മാത്രം, ഹെലിപാഡും ആംബുലൻസുകളും ആശുപത്രികളും സജ്ജം – വീഡിയോ

പാറക്കെട്ടിനും തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടങ്ങള്‍ക്കും ഇടയില്‍ രക്ഷാപാതയിലേക്ക് ഇനി പന്ത്രണ്ട് മീറ്റര്‍ അകലം മാത്രം. ഉത്തരകാശിയിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ് 11 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികില്‍ ബുധനാഴ്ച രാത്രി 11.30 യോടെ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായകഘട്ടത്തിലേക്കെത്തിയതായി ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിലേക്ക് നിയോഗിക്കപ്പെട്ട പ്രത്യേക ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ഖുല്‍ബെ വ്യക്തമാക്കി.

അതിനിടെ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യത്തിൽ ചെറിയ പ്രതിസന്ധി. ഡ്രില്ലിങ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചു. ദൗത്യം വിജയത്തിനരികെ എത്താറായപ്പോഴാണു സംഭവം.‌ ഓഗർ മെഷീന്റെ ബ്ലേഡ് തകാരാറിലായി. തടസ്സം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തുരങ്കത്തിൽ ഇനി 10 മീറ്ററോളം ഭാഗത്തു മാത്രമാണു പൈപ്പ് ഇടാനുള്ളത്. തടസ്സമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കുന്നുണ്ട്.

 

രക്ഷാദൗത്യസംഘത്തിലെ 21 ദേശീയ ദുരന്ത നിവാരണ സേനാ അംഗങ്ങള്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിച്ച് കുഴലുകളിലൂടെ തുരങ്കത്തിലേക്ക് നീങ്ങിയെന്നതാണ് പ്രതീക്ഷയുയര്‍ത്തുന്ന ഏറ്റവും പുതിയ വിവരം. തുരങ്കത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ക്കപ്പുറം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആറ് മീറ്റര്‍ ഇപ്പുറം എന്‍ഡിആര്‍എഫ് അംഗങ്ങള്‍ എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

 

9 കുഴലുകളാണു തുരങ്കത്തിലേക്കു സ്ഥാപിച്ചിട്ടുള്ളത്. രാത്രിയോടെ എല്ലാവരെയും പുറത്തെത്തിക്കാനാകും എന്നാണു പ്രതീക്ഷ.‌ തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കൽ സംഘം സജ്ജരാണ്. എല്ലാവരും സുരക്ഷിതരാണെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണു നീക്കം. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്നമില്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലേക്കു പോകാൻ അനുവദിക്കും. ‌ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്കു കൊണ്ടുപോകും. ഇതിനായി തുരങ്കത്തിനു സമീപത്തു ഹെലിപാഡ് സജ്ജമാക്കി. 30 ആംബുലന്‍സുകള്‍ തുരങ്കത്തിന് സമീപം സജ്ജമാക്കിയിട്ടുണ്ട്. 41 ബെഡുകളുള്ള ആശുപത്രിയും പൂർണ സജ്ജമായികഴിഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!