താൽക്കാലിക വെടി നിർത്തലിന് ധാരണ; ഹമാസും ഇസ്രായേലും കരാർ അംഗീകരിച്ചു

വെടിനിർത്തൽ കരാറിൻ്റെ വിശദാംശങ്ങൾ ഹമാസ് പുറത്തുവിട്ടു.

ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലൂടെ താൽക്കാലിക വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചു. ഇന്നലെ ചേർന്ന ഇസ്രായേലിൻ്റെ പ്രത്യേക യുദ്ധ കാബിനറ്റ് കരാർ അംഗീകരിച്ചതോടെയാണ് വെടിനിർത്തലിന് അന്തിമ തീരുമാനമായത്. നാല് ദിവസത്തേക്കാണ് വെടിനിർത്തൽ. ഇക്കാര്യം വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവന പുറത്തിറക്കി.

ഇസ്രയേൽ – ഹമാസ് സംഘർഷം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോഴാണ് താൽക്കാലിക വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അനുമതി.

കരാർ പ്രകാരം സ്ത്രീകളും കുട്ടികളുമടക്കമുള്ള 50 ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിക്കും. ഇതിന് പകരമായി സ്ത്രീകളും കുട്ടികളുമടക്കമുള്ള 140 ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കണം.

വെടിനിർത്തൽ കരാറിന് അനുകൂലമായി വോട്ട് ചെയ്ത വിവരം ഇസ്രായേൽ ഖത്തറിനെ ഔദ്യോഗികമായി അറിയിക്കണം. അതിന് ശേഷം കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തർ നിർവഹിക്കും. കരാറിനെതിരെ ഏതൊരു ഇസ്രായേലിക്കും 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ഹൈകോടതിയിൽ അപ്പീൽ നൽകാം. ഈ കാലയളവിൽ ഗസ്സയിലെ തടവുകാരെയോ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയോ മോചിപ്പിക്കില്ല. എതിർപ്പുകളി​ല്ലെങ്കിൽ അപ്പീൽ കാലാവധി കഴിഞ്ഞാൽ തടവുകാരുടെ ആദ്യ കൈമാറ്റം നാളെയോ മറ്റന്നാളോ നടന്നേക്കും.

വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ ഹമാസ് പുറത്തുവിട്ടു. ഇരുഭാഗവും നാല് ദിവസത്തേക്ക് താൽക്കാലിക വെടിനിർത്തൽ ​നടപ്പാക്കുമെന്ന് ഹമാസ് സ്ഥിരീകരിച്ചു. ടെലഗ്രാമിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകൾ:

  • ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കും. സൈനിക വാഹനങ്ങളുടെ സഞ്ചാരം ഉൾപ്പെടെ നിർത്തിവെക്കും
  • മെഡിക്കൽ, ഇന്ധന, ഭക്ഷണ വിതരണത്തിനായി നൂറുകണക്കിന് ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും
  • തെക്കൻ ഗസ്സയിൽ നാല് ദിവസം ഡ്രോണുകൾ അയക്കില്ല.
  • വടക്കൻ ഗസ്സയിൽ പ്രാദേശിക സമയം രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിൽ പ്രതിദിനം ആറ് മണിക്കൂർ ഡ്രോൺ പറത്തില്ല
  • വെടിനിർത്തൽ കാലയളവിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ ആരെയും ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ല
  • സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കും.

 

എന്നാൽ കരാർ അംഗീകരിക്കുന്നു എന്നാൽ യുദ്ധം അവസാനിക്കുമെന്നല്ല  അർത്ഥമാക്കുന്നതെന്നും, കരാർ കാലാവധിക്ക് ശേഷം യുദ്ധവുമായി ഇസ്രായേൽ സൈന്യം മുന്നോട്ട് പോകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഒക്‌ടോബർ 7 മുതൽ ഗാസയിൽ 14,100-ലധികം ആളുകൾ ഇത് വരെ കൊല്ലപ്പെട്ടു. ഇസ്രായേലിൽ, ഹമാസിന്റെ ആക്രമണങ്ങളിൽ 1200 പേരാണ് കൊല്ലപ്പെട്ടത്. 240 ഇസ്രായേലി പൌരന്മാരെയാണ് ഹമാസ് ബന്ദികളാക്കി വെച്ചത്. അതേ സമയം 6500 ലധികം പേരാണ് ഇസ്രായേലിലുള്ള ഫലസ്തീനി തടവുകാർ.

അതിനിടെ, സെൻട്രൽ ഗാസയിലെ നുസുറത്ത് അഭയാർഥിക്യാംപിൽ അർധരാത്രി ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 20 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻഗാസയിൽനിന്നു പലായനം ചെയ്യുന്നവർ ആദ്യമെത്തുന്നത് ഈ ക്യാംപിലാണ്. കഴിഞ്ഞ ദിവസം ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ട ഇന്തൊനീഷ്യൻ ആശുപത്രിയിൽ 60 രോഗികളുടെ മൃതദേഹങ്ങൾ മറവു ചെയ്യാനാവാതെ വളപ്പിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ‘രോഗികൾക്കു നൽകാൻ ഓക്സിജൻ ഇല്ല. മറ്റ് ചികിത്സാസംവിധാനങ്ങളും നിലച്ചു. ഇത് ഇപ്പോൾ ആശുപത്രിയല്ലെന്നും ശവപ്പറമ്പാമെണെന്നും  ആശുപത്രിയിലെ ചികിത്സാവിഭാഗം മേധാവി ഇസം നഭാൻ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!