നാട്ടിലേക്കുള്ള വിമാനം പുറപ്പെടാനിരിക്കെ അപസ്മാര ബാധ; യാത്ര മുടങ്ങിയ മലയാളി ദിവസങ്ങളോളം വിമാനത്താവളത്തിൽ കുടുങ്ങി

വിമാനത്തിൽ വെച്ച് അപസ്മാര ബാധ സംഭവിച്ചതിനാൽ യാത്ര മുടങ്ങി സൌദിയിലെ റിയാദ് എയർപോർട്ടിൽ കുടുങ്ങിയ മലയാളി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് ഇദ്ദേഹം നാട്ടിലേക്ക് പോയത്. ടിക്കറ്റുകൾ മാറിമാറിയെടുത്തെങ്കിലും ഒരു വിമാനക്കമ്പനിയും ഇദ്ദേഹത്തെ കൊണ്ടുപോകാൻ തയ്യാറായില്ല. ഇതോടെയാണ് സാമൂഹികപ്രവർത്തകർ വിഷയത്തിൽ ഇടപെടുന്നത്. തുടർന്ന് എട്ട് ദിവസത്തിന് ശേഷം അദ്ദേഹം നാട്ടിലെത്തി. എറണാകുളം സ്വദേശി സാജു തോമസിനാണ് റിയാദിലെ എയർപോർട്ടിൽ വെച്ച് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. (ചിത്രത്തിൽ സാജു തോമസ് സമൂഹിക പ്രവർത്തകരോടൊപ്പം കൊച്ചി എയർ പോർട്ടിൽ)

റിയാദിന് സമീപം റുവൈദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സാജു തോമസ്. നവംബർ 12ന് നാട്ടിലേക്ക് പോകാനായി റിയാദ് എയർപോർട്ടിൽ എത്തിയതായിരുന്നു.  കൊച്ചിയിലേക്കാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. എമിഗ്രേഷൻ, ബോഡിങ് നടപടികൾ പൂർത്തിയാക്കി. യാത്രക്കായി വിമാനത്തിൽ കയറുകയും ചെയ്തു. വിമാനം പുറപ്പെടാൻ ഏതാനും മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇയാൾ ശാരീരികസ്വസ്ഥതകൾ പ്രകടിപ്പിച്ച് തുടങ്ങിയത്. പല്ലുകൾ കടിച്ച് നാവ് മുറിഞ്ഞു. വായിൽ നിന്നും രക്തം വരാൻ തുടങ്ങി. വിമാനത്തിൽ വെച്ച് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് വിമാനത്തിൽ  നിന്ന് പുറത്തിറക്കി. എന്നാൽ നടപടികൾ പൂർത്തിയായിരുന്നതിനാൽ എയർപോർട്ടിൽ നിന്നും പുറത്തിറക്കാൻ സാധിച്ചില്ല.

തുടർന്ന് വിമാന അധികൃതരാണ്  ബന്ധുക്കളെ വിവരം അറിയിക്കുന്നത്. പിന്നീട് അസുഖം മാറിയെങ്കിലും വിമാനക്കമ്പനി സ്വീകരിക്കാൻ തയാറായില്ല. ടിക്കറ്റ് മാറിയെടുത്തെങ്കിലും രക്ഷയുണ്ടായില്ല. എയർപോർട്ടിൽ നിന്നും പുറത്തുപോകാനോ, വിമാന കമ്പനികൾ സ്വീകരിക്കാത്തിനാൽ നാട്ടിലേക്ക് പോകാനോ സാധിക്കാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് സാമൂഹിക പ്രവർത്തകർ വിഷയത്തിൽ ഇടപെടുന്നത്.

വിമാനത്താവള ടെർമിനലിനുള്ളിൽ തന്നെ കഴിയേണ്ട അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹം. സഹായത്തിന് ആരും ഇല്ലാതെയായിരുന്നു ഇദ്ദേഹം എയർപോർട്ടിൽ കഴിഞ്ഞത്. തലയിടിച്ച് വീണ് നെറ്റിക്ക് പരിക്കേൽക്കുകയും കണ്ണിന് മുകളിൽ രക്തം കട്ടപിടിച്ച് കൺപോള വീർത്ത അവസ്ഥയിലും ആയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനി യാത്ര നിഷേധിച്ചിരുന്നത്.

സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവർ സംഭവം അറിഞ്ഞു. ഉടൻ തന്നെ ഇവർ എയർപോർട്ടിലെത്തി ഉദ്യോഗസ്ഥരെ കണ്ട് സംസാരിച്ചു. തുടർന്ന് ഇവരുടെ ജാമ്യത്തിൽ  എമിഗ്രേഷൻ നടപടികൾ റദ്ദാക്കി വിമാനത്താവളത്തിൽ  നിന്നു പുറത്തിറക്കി. തുടർന്ന് ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകിയ ശേഷമാണ് നാട്ടിലേക്കയച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!