തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തി പൂർവവിദ്യാർഥി; ക്ലാസിൽ വെടിയുതിര്‍ത്തു, ഭീകരാന്തരീക്ഷം

തൃശൂർ: സ്‌കൂളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂർവവിദ്യാർഥി. ഇന്ന് രാവിലെ തൃശൂർ വിവേകോദയം സ്‌കൂളിലാണ് സംഭവം. പൂർവ വിദ്യാർഥി മുളയം സ്വദേശി ടി.ജെ ജഗനാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. മൂന്ന് തവണയാണ് ഇയാൾ വെടിയുതിർത്തത്. രണ്ട് അധ്യാപകരുടെ പേര് ചോദിച്ചായിരുന്നു ഭീഷണിയും വെടിവെപ്പും.

ആദ്യം സ്റ്റാഫ് റൂമിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറി എത്തിയ പ്രതി സ്‌കൂൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകർക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്‌തെന്ന് അധ്യാപകർ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 10.15-ഓടെയായിരുന്നു സ്‌കൂളിനെ നടുക്കിയ സംഭവം. പത്തുമണിയോടെ സ്‌കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥി ആദ്യം സ്റ്റാഫ് റൂമിലാണ് എത്തിയത്. സാധാരണ പൂർവവിദ്യാർഥികൾ സ്‌കൂളിലേക്ക് എത്താറുള്ളതുപോലെ ജഗനും എത്തിയതാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് സ്റ്റാഫ് റൂമിലെത്തിയ പ്രതി അവിടെ കുറച്ചുനേരം നടന്ന ശേഷം കസേരയിലിരിക്കുകയും ബാഗിൽ നിന്ന് എയർ ഗൺ കൈയിലെടുക്കുകയും ചെയ്തു.

 

രണ്ടുകൊല്ലം മുന്‍പ് പഠനം നിര്‍ത്തി പോയപ്പോള്‍ തന്റെ തൊപ്പി ഇവിടെ വാങ്ങിവെച്ചിട്ടുണ്ടെന്നും അത് തിരികെ വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ചില അധ്യാപകരെയും പേരെടുത്ത് തിരക്കി. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തി. സ്‌കൂള്‍ കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതിനുപിന്നാലെയാണ് ഇയാള്‍ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് തോക്ക് പുറത്തെടുത്തത്. ശാന്തനാക്കാൻ നോക്കിയെങ്കിലും ക്ലാസ് റൂമിലേക്ക് ഇരച്ചുകയറി കുട്ടികളെയും അവിടെയുണ്ടായിരുന്ന അധ്യാപകരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് മൂന്നു തവണ വെടിയുതിർത്തെന്നും അധ്യാപകർ അറിയിച്ചു. ഭീഷണി മുഴക്കിയപ്പോൾ തന്നെ അധ്യാപകർ പൊലീസിനെ വിളിച്ചിരുന്നു. അവരെത്തുംമുമ്പ് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.  സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ട ഇയാളെ പോലീസ് സംഘം പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു.

സ്റ്റാഫ്‌റൂമില്‍നിന്ന് തോക്കുമായി പുറത്തേക്കുപോയ പൂര്‍വവിദ്യാര്‍ഥി പ്ലസ്ടു ക്ലാസുകളില്‍ കയറിയാണ് വെടിവെപ്പ് നടത്തിയത്. അധ്യാപിക ക്ലാസെടുക്കുന്നതിനിടെ ഇയാള്‍ ക്ലാസില്‍ കയറി വാതിലടച്ചു. എന്താണ് കാര്യമെന്നും ആരാണെന്നും അധ്യാപിക ചോദിച്ചപ്പോള്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന മറ്റൊരു അധ്യാപകനെയാണ് ഇയാള്‍ തിരക്കിയത്. ഈ അധ്യാപകന്‍ ഏത് ക്ലാസിലാണെന്നും തിരക്കി.

സംഭവം കണ്ടപ്പോള്‍ പ്രാങ്ക് വല്ലതും ആണെന്നാണ് കുട്ടികള്‍ കരുതിയത്. ഇതോടെ കുട്ടികള്‍ ചിരിച്ചു. തൊട്ടുപിന്നാലെയാണ് ഇയാള്‍ തോക്ക് എടുത്ത് മുകളിലേക്ക് വെടിയുതിര്‍ത്തതെന്നാണ് അധ്യാപിക പറയുന്നത്. ഇതോടെ കുട്ടികളെല്ലാം ഭയന്നു. പിന്നാലെ ഈ ക്ലാസ്മുറിയില്‍നിന്ന് പുറത്തിറങ്ങി മറ്റുചില ക്ലാസുകളിലും കയറി വെടിയുതിര്‍ക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥിയാണ് ജഗൻ. മുൻപ് മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വിവേകോദയം സ്കൂളിലേക്ക് എത്തിയത്. രണ്ടുകൊല്ലം മുന്‍പാണ് ഇയാൾ സ്‌കൂളില്‍ പഠിച്ചിരുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്. അന്ന് അധ്യാപകരെ അസഭ്യം പറഞ്ഞതടക്കമുള്ള പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പരീക്ഷപോലും എഴുതാതെ പഠനം അവസാനിപ്പിച്ച് ഇയാള്‍ സ്‌കൂള്‍ വിട്ടതായും അധ്യാപകര്‍ പറഞ്ഞു.

പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അധ്യാപകരോടുള്ള പൂർവവൈരാഗ്യമാണ് വെടിവപ്പിന് കാരണമെന്നാണ് നിഗമനം.

തോക്ക് തൃശൂർ നഗരത്തിലെ ആയുധവിൽപന കേന്ദ്രത്തിൽനിന്നു വാങ്ങിയതാണെന്നാണു പ്രാഥമിക വിവരം. സംഭവത്തിനു പിന്നാലെ കലക്ടർ വി.ആർ.കൃഷ്ണതേജ സ്കൂളിലെത്തി അധ്യാപകരുമായി ചർച്ച നടത്തി. തൃശൂർ മേയർ എം.കെ.വർഗീസ്, സ്ഥിരംസമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും സ്കൂളിലെത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!