മലയാളി നഴ്‌സിൻ്റെ മഹാമനസ്‌കത; സൗദിയില്‍ മരിച്ച പിതാവിൻ്റെ ആന്തരികാവയവങ്ങള്‍ ദാനംചെയ്തു

സൗദിയിൽ ജോലി ചെയ്യുന്ന മകളെ കാണാൻ സന്ദർശന വിസയിലെത്തി മരിച്ച മലയാളിയുടെ ആന്തരികാവയവങ്ങൾ ദാനം ചെയ്തു. കോട്ടയം മേവള്ളൂര്‍ വെള്ളൂര്‍ ചാമക്കാലയില്‍ വീട്ടില്‍ തച്ചേത്തുപറമ്പില്‍ വര്‍ക്കി ജോസ് (61) ന്റെ വൃക്ക, കരള്‍, നേത്രപടലം എന്നിവയാണ് മറ്റ് രോഗികള്‍ക്കായി മാറ്റിവെച്ചത്.

 

സൗദിയിലെ അല്‍ഖര്‍ജില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മകൾ പിങ്കിയെ സന്ദര്‍ശിക്കാനാണ് വര്‍ക്കി ജോസ് നാല് മാസം മുമ്പ് സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയത്. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയിലാണ് പിങ്കി ജോലി ചെയ്യുന്നത്. അതിനിടെ വർക്കി ജോസിന് മസ്തിഷ്‌കാഘാതമുണ്ടായതി. തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 20 ദിവസത്തോളം ചികില്‍സയില്‍ തുടര്‍ന്നു. ഇതിനിടെ ഹൃദയാഘാതമുണ്ടാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. തുടർന്ന് ഇതേ ആശുപത്രിയില്‍ തന്നെ അവയവദാനം നടത്താനുള്ള സമ്മതപത്രത്തില്‍ പിങ്കി ഒപ്പിട്ട് നൽകുകയായിരുന്നു.

പിതാവിന്റെ വേര്‍പാടിന്റെ വേദനയ്ക്കിടയിലും കുടുംബത്തിന്റെ കൂടി അനുവാദം വാങ്ങി പിങ്കി മൂന്ന് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിയുന്ന മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. സഹോദരന്‍ ജിന്‍സും മറ്റു കുടുംബാംഗങ്ങളും പിന്തുണ നല്‍കി കൂടെനിന്നു.

ജിന്‍സും സൗദിയിലാണ് ജോലി ചെയ്യുന്നത്. തബൂക്ക് നിയോമിലാണ് ജോലി. മേരിയാണ് വര്‍ക്കി ജോസിന്റെ ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!