ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് 26കാരനായ മലയാളി; യാക്കൂബിനും നിധിന്‍ ദാസിനും പിന്നാലെ നഹീലും

ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. 26കാരനായ തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്.  അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടു മലയാളികള്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നു.

നഹീൽ നിസാർ ഡമാക്ക് ഹോൾഡിങ് ജീവനക്കാരനാണ്. പുന്നോൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്. മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഒക്ടോബർ 17 ന് രാത്രിയായിരുന്നു താമസ സ്ഥലത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്.

സംഭവത്തിൽ മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല (38), വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ് ചികിത്സയിൽ തുടരുകയാണ്.

കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

മൂന്ന് മലയാളികളാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയത്. ദുബൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിധിന്‍ ദാസ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തിയ നിധിന്‍ ദാസിന് ഏറെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!