കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം

കുവൈത്തില്‍ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം നിര്‍മ്മിച്ച രണ്ട് വിദേശ പൗരന്മാരെ ഹവല്ലി പൊലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 126 കുപ്പി നാടൻ മദ്യവും ആയിരം ദിനാറും പിടിച്ചെടുത്തു.

സാൽമിയ പ്രദേശത്ത് ഉച്ചയ്ക്ക് ശേഷം ചിലര്‍ കറുത്ത ബാഗുകൾ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് പൊലീസ് പട്രോളിംഗ് സംഘം കണ്ടു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോൾ അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ടുപേരും പ്രവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗുകൾ പരിശോധിച്ചപ്പോൾ അവയില്‍ 126 കുപ്പി മദ്യവും ആയിരം ദിനാറും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അപ്പാർട്ട്‌മെന്റിൽ നാടൻ മദ്യം ഉൽപ്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് വിൽപന നടത്തിയിരുന്നതായി വ്യക്തമായത്.

അറസ്റ്റിലായ സമയത്ത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി ഇവർ മദ്യം കടത്തുകയായിരുന്നു. പിടിച്ചെടുത്ത തുക മദ്യ വിൽപ്പനയിലൂടെ ലഭിച്ചതാണെന്നും വ്യക്തമായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈത്തില്‍ നിയമലംഘകരായ 206 പേര്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ക്യാപിറ്റൽ, ഫർവാനിയ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

വിവിധ വകുപ്പുകൾ ചേർന്ന് സംയുക്തമായാണ് പരിശോധകള്‍ നടത്തിയത്. ഹവല്ലി ഗവർണറേറ്റിലെ സ്ത്രീകളുടെ സലൂണുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരില്‍ ഒമ്പത് പേർ അറസ്റ്റിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 800 കിലോ ഹാഷിഷും അടുത്തിടെ പിടികൂടിയിരുന്നു. വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ക്രിമിനൽ സുരക്ഷാ വിഭാഗം, കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ലെബനീസ് റിപ്പബ്ലിക്കിലെ സുരക്ഷാ അതോറിറ്റികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!