വൻ ശബ്ദം, വീണ്ടും മണ്ണിടിച്ചിലെന്ന് ആശങ്ക; തുരങ്കത്തിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു – വീഡിയോ

ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. വൻ ശബ്ദമുണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെത്തുടർന്നാണ്  പ്രവർത്തനം നിർത്തിയത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി കുഴൽ കയറ്റുന്ന പ്രവർത്തിയാണ് താൽക്കാലികമായി നിർത്തിയത്.

മണ്ണിടിഞ്ഞാൽ ഇപ്പോൾ രക്ഷാദൗത്യത്തിന്റെ ഭാഗമായി തുരങ്കത്തിലുള്ളവരെ പുറത്തെത്തിക്കാൻ മറ്റൊരു കുഴൽ സ്ഥാപിക്കുകയാണ്. അതിനുശേഷമേ തൊഴിലാളികളിലേക്ക് എത്താൻ കുഴൽ സജ്ജമാക്കുന്നത് ആരംഭിക്കുകയുള്ളു. അതീവ പരിസ്ഥിതി ലോല പ്രദേശമായതിനാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.  ഉച്ചയ്ക്ക് മുൻപായി രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്.

 

 

സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ് (തുരങ്കം)’ എന്നു പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ ഇരുന്നൂറോളം വിദഗ്ധർ രാപകൽ അധ്വാനിക്കുകയാണ്. തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ, അവിചാരിത തടസ്സങ്ങൾ നേരിട്ടാൽ ഇതു വീണ്ടും നീളും. അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളിയിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിനു മുന്നോട്ടു നീങ്ങാനാവാത്തതിനാൽ ഇന്നലെ അൽപസമയം ജോലി നിർത്തിവയ്ക്കേണ്ടി വന്നു.

 

 

ഇൻഡോറിൽ നിന്ന് ഇന്നലെ രാത്രി വ്യോമമാർഗം ഒരു ഡ്രില്ലിങ് മെഷീൻ കൂടി എത്തിച്ചു. നിലവിൽ ഉപയോഗിക്കുന്നതിനു തകരാർ സംഭവിച്ചാൽ പകരം സംവിധാനം എന്ന നിലയിലാണിത്. പുറത്തെത്തിച്ചാലുടൻ തൊഴിലാളികളെ ആവശ്യമെങ്കിൽ ഡൽഹി എയിംസിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിക്കാൻ കരസേനയും മെഡിക്കൽ വിഭാഗവും സർവസജ്ജരായി നിൽക്കുകയാണ്.

നവംബർ 12നാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ മണ്ണിടിച്ചിലുണ്ടായി 40 പേർ തുരങ്കത്തിനകത്ത് കുടങ്ങിയത്. തൊഴിലാളികൾക്ക് പനി ഉൾപ്പെടെയുളള ശാരീരികാസ്വാസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇവർക്ക് ട്യൂബുകൾ വഴിയാണ് ഭക്ഷണവും വെളളവും മരുന്നുകളും നൽകുന്നത്.

രക്ഷാപ്രവർത്തകർ കുടുങ്ങികിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. തൊഴിലാളികളുടെ ആത്മവിശ്വാസം ചോരാതെ നോക്കുകയാണ് ലക്ഷ്യം. 2018 ൽ തായിവാനിലെ ​ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച തായ്ലാൻഡിലേയും നോർവെയിലേയും റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനത്തിന് എത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച രാവിലെ ഏഴോടെയാണ് ബ്രഹ്മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായത്. ചാർധോം റോഡ് പദ്ധതിയുടെ ഭാ​ഗമായി നിർമിക്കുന്ന തുരങ്കം യാഥാർഥ്യമായാൽ ഉത്തരാകാശിയിൽ നിന്ന് യമുനോത്രിയിലേക്കുളള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!