നാവികസേന രഹസ്യങ്ങൾ ഇസ്രായേലിന് ചോർത്തികൊടുത്തു: ഖത്തറിൽ മലയാളി ഉൾപ്പെടെയുള്ളവർക്ക് വധശിക്ഷ വിധിച്ച കേസിൽ ‘ശുഭവാർത്ത’ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ന്യൂഡൽഹി∙ ഖത്തറിൽ മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ കുടുംബങ്ങൾ സമർപ്പിച്ച അപ്പീലിന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസർക്കാർ. വളരെ ഗുരുതരമായ കേസാണിതെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപ്പീൽ കോടതിയിൽനിന്ന് ഇതുവരെ തീരുമാനം വന്നിട്ടില്ലെന്നും ശുഭവാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാരവൃത്തിക്കുറ്റത്തിനാണ് മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ ഖത്തറിലെ കോടതി ഒക്ടോബർ 26നു വധശിക്ഷയ്ക്കു വിധിച്ചത്. 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്. തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് ആണു ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ ഇവരെ അറസ്റ്റ് ചെയ്തത്. മോചനത്തിനു കേന്ദ്ര വിദേശകാര്യ മന്ത്രാലയം നയതന്ത്രതലത്തിൽ ഏറെ പരിശ്രമിച്ചിരുന്നു. ഖത്തറിലെ ജുഡീഷ്യൽ സംവിധാനമനുസരിച്ച് ക്രിമിനൽ, സിവിൽ കേസുകൾ പരിഗണിക്കുന്നതാണു കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്.

ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം.

ഈ വിഷയത്തിൽ ഖത്തർ അധികാരികളുമായി നിരന്തരം ഇടപെടുന്നുണ്ടെന്നും എല്ലാ നിയമപരവും കോൺസുലാർ സഹായവും തുടർന്നും നൽകുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ‘‘കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഊഹാപോഹങ്ങളിൽ ഏർപ്പെടരുതെന്ന് ഞാൻ എല്ലാവരോടും വീണ്ടും അഭ്യർഥിക്കുന്നു.’’– അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പീൽ കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഖത്തറിലെ പരമോന്നത കോടതിയായ കാസേഷൻ കോടതിയിൽ അപ്പീൽ സമർപ്പിക്കാനും നിയമമുണ്ട്. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ബദൽ മാർഗങ്ങളും ഇന്ത്യ തേടുന്നുണ്ടെന്നാണ് സൂചന. ഇന്ത്യയും ഖത്തറും 2015ൽ ഒപ്പുവച്ച കരാറിന് കീഴിലുള്ള ഒരു ക്രമീകരണം നടപ്പിലാക്കുക എന്നതാണ് ഒരു മാർഗം. ഇതുപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാർക്ക് അവരുടെ മാതൃരാജ്യത്ത് ശിക്ഷ പൂർത്തിയാക്കാൻ കഴിയും.

രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയോ ഖത്തർ അമീറിനു മാപ്പപേക്ഷ നൽകുകയോ ആണ് മറ്റു മാർഗങ്ങൾ. എട്ടു പേരുടെയും കുടുംബങ്ങൾ ദയാഹർജി നൽകിയിട്ടുണ്ട്. സാധാരണയായി ഖത്തർ ഭരണാധികാരി രാജ്യത്തിന്റെ ദേശീയ ദിനമായ ഡിസംബർ 18നും ഈദ് സമയത്തും തടവുകാർക്ക് മാപ്പ് നൽകാറുണ്ട്. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഒക്‌ടോബർ 30ന് എട്ടു പേരുടെ കുടുംബങ്ങളെ കാണുകയും അവരെ മോചിപ്പിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!