വീണ്ടും സെമിയിൽ പൊരുതിവീണ് ദക്ഷിണാഫ്രിക്ക; ലോകകപ്പിൽ ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ

വീണ്ടുമൊരിക്കല്‍ കൂടി ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ കണ്ണീര്‍. 1999, 2007, 2015 വര്‍ഷങ്ങളില്‍ ലോകകപ്പ് സെമിയില്‍ പിടികൂടിയ ദുര്‍ഭൂതം 2023-ലും പ്രോട്ടീസിനെ വിട്ടകന്നില്ല. സെമിയില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി ഓസ്‌ട്രേലിയ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തു. അഞ്ചു തവണ ജേതാക്കളായ ഓസീസ് ആറാം കിരീടം ലക്ഷ്യമിട്ട് നവംബര്‍ 19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരായ കലാശപ്പോരിനിറങ്ങും.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് സംഘം 47.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസ് ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയിരുന്നു. 1999, 2007 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്ന ഓസീസ് ഇത്തവണയും അതാവര്‍ത്തിച്ചു.

ഓസീസ് ബാറ്റിങ്ങിനെ കാര്യമായി പരീക്ഷിച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. അര്‍ധ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെയും നിര്‍ണായക ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ് എന്നിവരുടെയും പ്രകടനങ്ങളാണ് കടുത്ത പോരാട്ടത്തില്‍ ഓസീസിനെ തുണച്ചത്.

213 റണ്‍സ് ലക്ഷ്യത്തിലേക്ക് മികച്ച തുടക്കമായിരുന്നു ഓസീസിന്റേത്. ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 37 പന്തില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മേല്‍ക്കൈ നേടി. എന്നാല്‍ ഏഴാം ഓവറില്‍ വാര്‍ണറെ മടക്കി ഏയ്ഡന്‍ മാര്‍ക്രം ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തില്‍ നിന്ന് ഒരു ഫോറും നാല് സിക്സുമടക്കം 29 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്. പിന്നാലെയെത്തിയ മിച്ചല്‍ മാര്‍ഷിനെ അക്കൗണ്ട് തുറക്കും മുമ്പ് റബാദ മടക്കി. എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ ഹെഡ് ഓസീസിനെ മുന്നോട്ടുനയിച്ചു. 15-ാം ഓവറില്‍ ഹെഡിനെ കേശവ് മഹാരാജ് മടക്കി. 48 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം 62 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം.

 

 

തുടര്‍ന്ന് മാര്‍നസ് ലബുഷെയ്‌നെ കൂട്ടുപിടിച്ച് സ്മിത്ത് സ്‌കോര്‍ 133 വരെയെത്തിച്ചു. പിന്നാലെ 22-ാം ഓവറില്‍ ലബുഷെയ്‌നെ തബ്രൈസ് ഷംസി വിക്കറ്റിന് മുന്നില്‍ കുടുക്കി. 31 പന്തില്‍ നിന്ന് 18 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (1) കുറ്റി തെറിപ്പിച്ച ഷംസി ഓസീസിനെ ശരിക്കും പ്രതിരോധത്തിലാക്കി.

തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഇംഗ്ലിസിനെ കൂട്ടുപിടിച്ച് സ്മിത്ത് 37 റണ്‍സ് ചേര്‍ത്തതോടെ ഓസീസിന് വീണ്ടും പ്രതീക്ഷ കൈവന്നു. എന്നാല്‍ 62 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത സ്മിത്തിനെ 34-ാം ഓവറില്‍ കോട്ട്‌സി പുറത്താക്കി. തുടര്‍ന്ന് പിടിച്ചുനിന്ന ഇംഗ്ലിസിനെ 40-ാം ഓവറില്‍ പുറത്താക്കിയ കോട്ട്‌സി കളിയെ വീണ്ടും അനിശ്ചിതത്വത്തിലാക്കി. 49 പന്തുകള്‍ നേരിട്ട് 28 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

എന്നാല്‍ സ്റ്റാര്‍ക്കും കമ്മിന്‍സും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ ഫിനിഷിങ് ലൈന്‍ കടത്തി. സ്റ്റാര്‍ക്ക് 16 റണ്‍സോടെയും കമ്മിന്‍സ് 14 റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

തുടക്കം തകര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഡേവിഡ് മില്ലറുടെയും ഹെന്റിച്ച് ക്ലാസന്റെയും ഇന്നിങ്സുകളാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ബാറ്റിങ് തകര്‍ച്ചയ്ക്കിടെ സെഞ്ചുറി നേടിയ മില്ലര്‍ 116 പന്തില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്സുമടക്കം 101 റണ്‍സെടുത്തു.

മോശം തുടക്കമായിരുന്നു പ്രോട്ടീസിന്റേത്. തുടക്കത്തില്‍ ഓസീസ് പേസര്‍മാര്‍ക്കെതിരേ റണ്‍സെടുക്കാന്‍ ബാറ്റര്‍മാര്‍ നന്നേ ബുദ്ധിമുട്ടി. 24 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളും വീണു. ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറും നായകനുമായ തെംബ ബവൂമയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. വെറും നാല് പന്ത് മാത്രം നേരിട്ട ബവൂമ റണ്‍സെടുക്കാതെ മടങ്ങി. പിന്നാലെ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ ഡിക്കോക്കും പുറത്തായി. 14 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത ഡിക്കോക്കിനെ ജോഷ് ഹെയ്സല്‍വുഡ് പാറ്റ് കമ്മിന്‍സിന്റെ കൈയിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

 

 

പിന്നാലെ ക്രീസിലൊന്നിച്ച എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ ഡെര്‍ ദസ്സനും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും നടന്നില്ല. 20 പന്തില്‍ 10 റണ്‍സെടുത്ത മാര്‍ക്രത്തെ പുറത്താക്കി സ്റ്റാര്‍ക്ക് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നല്‍കി. ഇതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ ദസ്സനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 24-ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നാലെ അഞ്ചാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്ത ഹെന്റിച്ച് ക്ലാസന്‍ – ഡേവിഡ് മില്ലര്‍ സഖ്യമാണ് അവരെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. എന്നാല്‍ 31-ാം ഓവറില്‍ ക്ലാസനെ മടക്കി ട്രാവിസ് ഹെഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തില്‍ മാര്‍ക്കോ യാന്‍സനെയും (0) മടക്കിയ ഹെഡ്, ദക്ഷിണാഫ്രിക്കയെ വീണ്ടും പ്രതിരോധത്തിലാക്കി. 48 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം 47 റണ്‍സെടുത്താണ് ക്ലാസന്‍ മടങ്ങിയത്. ജെറാള്‍ഡ് കോട്ട്സീ 39 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു.

ഓസ്ട്രേലിയക്കായി സ്റ്റാര്‍ക്കും കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!