അമലും മീരയും കാറുമായി ഇറങ്ങിയത് വീട്ടിൽവെച്ച് വഴക്കുകൂടാതിരിക്കാൻ; കാറിൽ വച്ചും വാക്പോര്, പൊലീസ് എത്തിയപ്പോൾ കണ്ടത് കാറിൻ്റെ പിന്നിൽ വെടിയേറ്റ് കിടക്കുന്ന യുവതിയെ
യുഎസിലെ ഷിക്കാഗോയിൽ ഗർഭിണിയായ ഭാര്യയെ കോട്ടയം സ്വദേശിയായ മലയാളി യുവാവ് വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി പൊലീസ്. വാർത്താ കുറിപ്പിലൂടെയാണ്, സംഭവത്തിന്റെ വിശദാംശങ്ങൾ ദെസ് പ്ലെയിൻസ് പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടത്. ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജിയാണ്, ഭാര്യ ഉഴവൂർ കുന്നാംപടവിൽ മീരയ്ക്കു നേരെ വെടിയുതിർത്തത്. ചികിത്സയിൽ കഴിയുന്ന മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നു മരിച്ചതായും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
ഗർഭിണിയായ ഭാര്യയ്‌ക്കെതിരെ വെടിയുതിർത്ത അമൽ റെജിക്കെതിരെ, വധശ്രമത്തിനും ഗർഭസ്ഥ ശിശുവിന്റെ മനഃപൂർവമുള്ള നരഹത്യയ്‌ക്കുമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവച്ചെന്നാണു കേസ്. യുഎസ് സമയം തിങ്കളാഴ്ച രാത്രി 10.10ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 9.40) ഷിക്കാഗോയിലെ ഒരു പള്ളിക്കു സമീപമാണു സംഭവം. 10 തവണ വെടിയുതിർത്തതായി തെളിഞ്ഞിട്ടുണ്ട്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. തൊട്ടടുത്തു നിന്നാണ് അമൽ വെടിയുതിർത്തത്. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദമ്പതികൾക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. മീരയും യുഎസിൽ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്സുമാരാണ്. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും യുഎസിലേക്കു പോയത്. ഈ സമയത്തു മകൻ ഡേവിഡ് നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ മീരയും ഭർത്താവ് അമലും ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്.
അമലിന്റെ അറസ്റ്റ് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട്
സെന്റ് സാഖറി ചർച്ച് പാർക്കിങ് ലോട്ടിൽനിന്നുള്ള അടിയന്തര സന്ദേശത്തെ തുടർന്ന് നവംബർ 13ന് വൈകിട്ട് 7.30ഓടെയാണ് ദെസ് പ്ലെയിൻസ് പൊലീസ് സ്ഥലത്തെത്തുന്നത്. അവിടെയെത്തുമ്പോൾ അമൽ റെജി എന്നയാളെ കണ്ടു. വീട്ടിൽവച്ച് താനും ഭാര്യയും തമ്മിൽ സാമ്പത്തിക വിഷയത്തിൽ തർക്കമുണ്ടായതായി അയാൾ പൊലീസിനെ അറിയിച്ചു. തർക്കത്തിനൊടുവിൽ താൻ ഭാര്യയെ വെടിവച്ചതായും തോക്ക് തന്റെ വാഹനത്തിലുണ്ടെന്നും അമൽ റെജി വെളിപ്പെടുത്തി. റിയർ വിൻഡോ തകർന്ന ഒരു സിൽവർ നിറമുള്ള ഹോണ്ട ഒഡീസി കാറാണ് അവിടെയുണ്ടായിരുന്നത്.
വാഹനത്തിനു സമീപത്തേക്കു ചെന്നപ്പോൾ, വെടിയേറ്റ പരുക്കുകളുമായി 30 വയസ് പ്രായമുള്ള മീര ഏബ്രഹാം എന്ന യുവതി വാഹനത്തിന്റെ പിന്നിൽ കിടക്കുന്നതു കണ്ടു. ഉടൻതന്നെ പൊലീസ് ഓഫിസർമാർ യുവതിക്ക് അടിയന്തര വൈദ്യസഹായം നൽകി. തുടർന്ന് യുവതിയെ കൂടുതൽ ചികിത്സകൾക്കായി ആശുപത്രിയിലേക്കു മാറ്റി. വാഹനത്തിൽനിന്ന് തിര നിറച്ച ഗ്ലോക് 9എംഎം കൈത്തോക്കും കണ്ടെടുത്തു. അമൽ റെജിയെ കസ്റ്റഡിയിലെടുത്ത് ദെസ് പ്ലെയിൻസ് പൊലീസ് ഡിപ്പാർട്ട്മെന്റിലേക്കു മാറ്റി.
ലെസ്‌ലി ലൈനിലെ വസതിയിൽ വച്ചാണ് അമൽ റെജിയും മീര ഏബ്രഹാമും തമ്മിലുള്ള വാക്പോര് ആരംഭിച്ചതെന്ന് തുടരന്വേഷണത്തിൽ വ്യക്തമായി. വീട്ടിലെ മറ്റു കുടുംബാംഗങ്ങൾക്കു മുന്നിൽവച്ച് വഴക്കു വേണ്ട എന്ന ധാരണയിലാണ് ഹോണ്ട ഒഡീസി കാറുമായി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അമൽ റെജിയാണ് കാർ ഓടിച്ചിരുന്നത്. മീര വാഹനത്തിന്റെ പിന്നിലെ സീറ്റിലാണ് ഇരുന്നത്. വാഹനത്തിൽ വച്ചും ഇരുവരും തമ്മിൽ വഴക്കു തുടർന്നു.
ഇതിനിടെ കുപിതനായ അമൽ റെജി തോക്ക് പുറത്തെടുത്ത് മീരയ്ക്കു നേരെ പലതവണ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വാഹനമോടിച്ച് സെന്റ് സാഖറി ചർച്ചിന്റെ പാർക്കിങ് ലോട്ടിലെത്തിയശേഷം വാഹനം നിർത്തി 911 നമ്പറിലേക്കു വിളിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മീര ഏബ്രഹാം പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അവരുടെ 14 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന ഗർഭസ്ഥ ശിശു ഉദരത്തിൽവച്ചു തന്നെ കൊല്ലപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക