സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു; വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി, സ്റ്റേഷന് പുറത്ത് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി – വീഡിയോ

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പൊലീസ് ചോദ്യം ചെയ്ത് നോട്ടിസ് നൽകി വിട്ടയച്ചു. അന്യേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. 12 മണിയോടെ സ്റ്റേഷനിൽ ഹാജരായ സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഉച്ച കഴിഞ്ഞ് 2.22നാണ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത്.

സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ സ്റ്റേഷൻ കവാടത്തിൽ മുദ്രാവാക്യം മുഴക്കി. സുരേഷ് ഗോപി സ്റ്റേഷനിലേക്ക് എത്തുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ റാലി സ്റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ‘കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500-ഓളം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തുണ്ട്. രാവിലെ 10.30-ന് സ്റ്റേഷനില്‍ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, സ്റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
സ്‌റ്റേഷനു പുറത്തേക്കു കാറിലെത്തിയ സുരേഷ് ഗോപി സണ്‍റൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു. തനിക്കു വേണ്ടി കാത്തുനിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി നന്ദി പറഞ്ഞു. പ്രകോപനങ്ങളൊന്നുമില്ലാതെ എല്ലാവരും പിരിഞ്ഞുപോകാണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇതിനിടെ, പൊലീസ് സ്റ്റേഷനു പുറത്ത് ബിജെപി നേതാക്കളും പൊലീസും തമ്മിലും സംഘർഷമുണ്ടായി. നാല് വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് കടത്തിവിടണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാൽ, അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസ്, സുരേഷ് ഗോപിയുടെ വാഹനം മാത്രം കടത്തിവിടാമെന്നു പറഞ്ഞു.
പ്രവർത്തകർ ജാഥയായാണ് നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിയത്. ഗെയ്റ്റിനു മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ‘കേരളമാകെ എസ് ജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ തടിച്ചു കൂടിയത്. ഇതിനിടെ, പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന് കണ്ണൂർ റോഡിലെ ഗതാഗതം തടസപ്പെട്ടു. ബസ്സുകൾ വഴി തിരിച്ചുവിട്ടു.

കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. ഒക്ടോബർ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പ‍ദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി.

കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. മോശം പെരുമാറ്റത്തിൽ ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സിആർപിസി 114 ഉം ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.

 

വീഡിയോ കാണാം..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!