‘കാരാഗൃഹ് വാസ്, ആജീവൻ കാരാഗൃഹ് വാസ്, മൃത്യുദണ്ഡ് കി സജാ’; വിധികേട്ട് പൊട്ടിക്കരഞ്ഞ് അസ്‌ഫാക്ക്, മുഖഭാവം മാറുന്നത് കണ്ട് അയാളെ മാറ്റൂ എന്ന് കോടതി
തിങ്ങിനിറഞ്ഞ കോടതിഹാളിലെ പ്രതിക്കൂട്ടിനുള്ളിൽനിന്ന അസ്‌ഫാക്ക് ആലത്തിനോട് പരിഭാഷകയായ അഭിഭാഷക ശിക്ഷാവിധി എന്തെന്ന് ഹിന്ദിയിൽ വായിച്ചുകേൾപ്പിച്ചു. ചെറിയശിക്ഷകളിൽനിന്ന് വലിയശിക്ഷയിലേക്ക് എന്ന ക്രമത്തിലായിരുന്നു കോടതി വിധിപറഞ്ഞത്. അതേക്രമം പരിഭാഷകയായ അഡ്വ. ബിനി എലിസബത്തും പാലിച്ചു.
ഹിന്ദിയിൽ അവർ ആദ്യം പറഞ്ഞു: ‘‘കാരാഗൃഹ് വാസ്’’ (തടവുശിക്ഷ). പിന്നീടു പറഞ്ഞു: ‘‘ആജിവൻ കാരാഗൃഹ് വാസ്’’ (ജീവിതാവസാനംവരെ കഠിനതടവ്). പ്രതിയുടെ മുഖത്ത് രക്ഷപ്പെട്ടല്ലോ എന്നതായിരുന്നു ഭാവം. അയാൾ ചെറുതായി തലകുലുക്കി. പക്ഷേ, അവസാനം ‘മൃത്യുദണ്ഡ് കി സജാ’ (വധശിക്ഷ) എന്ന് കേട്ടപ്പോൾ അയാളുടെ കണ്ണുകൾ ചുവന്നു, മുഖംമാറി. പ്രതിയുടെ അവസ്ഥ തിരിച്ചറിഞ്ഞ കോടതി അയാളെ മാറ്റിക്കോളൂവെന്ന് നിർദേശിച്ചു.
പോലീസ് പ്രതിയെ കോടതിയുടെ പിന്നിലുള്ള പ്രത്യേകമുറിയിലേക്കു മാറ്റി. അവിടെ ചാരുബെഞ്ചിലിരുന്നപ്പോഴേക്കും അയാളുടെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടു. അയാൾ പൊട്ടിക്കരഞ്ഞു.
‘‘നീ പേടിക്കണ്ട, നിനക്ക് അപ്പീലിനു പോകാം’’ -ബിനി എലിസബത്ത് അസ്‌ഫാക്കിനെ ആശ്വസിപ്പിച്ചു. വിലങ്ങണിഞ്ഞ കൈകൾ ഇരുവശത്തേക്കും നിവർത്തി അയാൾ പരിഭാഷകയുടെ മുഖത്തേക്കുനോക്കി. ‘ആരു നൽകും അപ്പീൽ’, ആ നോട്ടത്തിൽ പ്രതിഫലിച്ച ചോദ്യം അതായിരുന്നു. എന്നും പ്രശ്നക്കാരനായിരുന്ന അസ്‌ഫാക്ക് ആലത്തിനെ വീട്ടുകാരും ഉപേക്ഷിച്ചതാണ്. കേസിൽ അറസ്റ്റിലായശേഷം ആരും അയാളെ തിരിഞ്ഞുനോക്കിയിരുന്നില്ല. ‘‘അവന്റെ കാര്യംപറഞ്ഞ് ഇവിടേക്ക് ആരും വരേണ്ടാ’’ -ബിഹാറിൽ അന്വേഷിച്ചെത്തിയ പോലീസിനോട് മുന്പ് വീട്ടുകാർ പ്രതികരിച്ചത് അങ്ങനെയായിരുന്നു.
പ്രതിയുടെ അരികിൽനിന്നുമാറിയ ബിനി എലിസബത്തിന്റെ മുഖത്ത് തെല്ല് ആശ്വാസം പ്രകടമായിരുന്നു. ‘‘അർഹമായ ശിക്ഷയാണ് അവന് ലഭിച്ചത്’’ -അവർ പ്രതികരിച്ചു. വിചാരണവേളയിലൊന്നും പ്രതിയുടെ മുഖത്ത് ഭാവഭേദങ്ങൾ ഉണ്ടായിരുന്നില്ല. തനിക്കാണ് പലപ്പോഴും വാക്കുകൾ ഇടറിയതെന്ന് അവർ നേരത്തേ പറഞ്ഞിരുന്നു. ഹിന്ദി അറിയാമായിരുന്നതിനാൽ കോടതിയാണ് അഡ്വ. ബിനിയെ പരിഭാഷകയായി നിയോഗിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക