മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി; ചോദ്യം ചെയ്യാൻ വൻ സന്നാഹങ്ങൾ

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ബിജെപി പ്രവർത്തകർ വൻതോതിൽ പൊലീസ് സ്‌റ്റേഷനു പുറത്ത് തടിച്ചുകൂടി. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. പ്രവർത്തകർ ജാഥയായി നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നിൽ എത്തി. ഗെയ്റ്റിനു മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ‘കേരളമാകെ എസ് ജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് ബിജെപി പ്രവർത്തകർ തടിച്ചു കൂടിയിരിക്കുന്നത്. ഇതേത്തുടർന്ന് കണ്ണൂർ റോഡിലെ ഗതാഗതം തടസപ്പെട്ടു. ബസ്സുകൾ വഴി തിരിച്ചു വിടുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.കെ.സജീവൻ എന്നിവർക്കൊപ്പമാകും സുരേഷ് ഗോപി സ്റ്റേഷനിലേക്കു പോവുക. ആരാധകരും ബിജെപി പ്രവർത്തകരും നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപത്തു നിന്ന് സുരേഷ് ഗോപിയെ സ്വീകരിക്കും. തുടർന്ന് കാൽനട ജാഥയായി സ്റ്റേഷനിലേക്കു പോവും. സുരേഷ് ഗോപിയെ സ്വീകരിക്കാൻ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ റോഡിൽ തടിച്ചു കൂടിയിട്ടുണ്ട്.

സുരേഷ് ഗോപിയെ കാത്ത് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറി (Police Interrogation Room). ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ ശീതീകരിച്ച മുറിയിലുണ്ട്.

180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങൾ, റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ സജ്ജീകരിച്ചിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഓപ്പറേറ്റിങ്ങ് ചുമതല. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണു മുറിക്കുള്ളിലുണ്ടാവുക. മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ട്. എന്നാൽ അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാകില്ല.

വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസ് സംവിധാനമാണിത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധിൽ നടക്കാവ് സ്റ്റേഷനിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. വന്ദേ ഭാരത് ട്രെയിനിൽ കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തുടർന്ന് സ്‌റ്റേഷനിൽ എത്തുമെന്നാണു വിവരം. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു നോട്ടിസ് നൽകിയിരുന്നത്.

ഒക്ടോബർ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പ‍ദമായ സംഭവം. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി. വിശദീകരണവുമായും മാപ്പു പറഞ്ഞും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത, രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!