ദീപാവലി വെടിക്കെട്ട്; നെതര്‍ലന്‍ഡ്‌സ് ‘നിഗ്രഹം’, ഇന്ത്യയുടെ ജയം 160 റൺസിന്‌

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ നവംബര്‍ മഞ്ഞില്‍ വെടിക്കെട്ടും വിജയമധുരവും കൊണ്ട് ടീം ഇന്ത്യയുടെ ദീപാവലി ആഘോഷം. ഒന്‍പതില്‍ ഒന്‍പതു മത്സരവും ജയിച്ചാണ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമി പോരാട്ടത്തിന് കച്ചമുറുക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ ഒന്‍പത് ജയങ്ങള്‍ സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ പതിനൊന്ന് ജയം കുറിച്ച ഓസ്‌ട്രേലിയ മാത്രമാണ് മുന്നില്‍. ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും ബാറ്റുകൊണ്ട് വെടിക്കെട്ട് ആഘോഷം നടത്തിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ മറികടന്നത്. ശ്രേയസ് 128 ഉം രാഹുല്‍ 102 ഉം കൊണ്ട് റണ്‍സ് കൊണ്ടും ബാറ്റിങ് ആഘോഷമാക്കിയ രാവില്‍ അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. രോഹിതും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും അര്‍ധശതകങ്ങള്‍ തികച്ചു. മറുപടിയായി ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സിന് 47.5 ഓവറില്‍ 250 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത് ശര്‍മയെ കൂറ്റന്‍ സികസ് പറത്തി അര്‍ധശതകം തികച്ച നിതമനരുവാണ് ടോപ് സ്‌കോറര്‍.

ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച നെതര്‍ലന്‍ഡ്‌സിന് തുടക്കത്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണര്‍ വെസ്ലി ബരേസ്സിയെ രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് മടക്കി. വെറും നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ കോളിന്‍ അക്കര്‍മാന്‍ മാക്‌സ് ഓ ഡൗഡിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പേസര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ കഴിയാതെ വന്നതോടെ രോഹിത് ശര്‍മ കുല്‍ദീപ് യാദവിനെ ഇറക്കി. പിന്നാലെ ഈ കൂട്ടുകെട്ട് പൊളിച്ച് കുല്‍ദീപ് നെതര്‍ലന്‍ഡ്‌സിന് തിരിച്ചടി സമ്മാനിച്ചു. 35 റണ്‍സെടുത്ത അക്കര്‍മാനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

 

 

പിന്നാലെ ഓ ഡൗഡിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 35 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സൈബ്രാന്‍ഡ് എയ്ഞ്ജല്‍ബ്രെക്റ്റും നായകന്‍ സ്‌കോട് എഡ്വാര്‍ഡ്‌സും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂപ്പര്‍താരം വിരാട് കോലി പന്തെറിഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്. പാര്‍ട്ട് ടൈം ബൗളറായെത്തിയ കോലി സ്‌കോട് എഡ്വാര്‍ഡ്‌സിനെ പുറത്താക്കുകയും ചെയ്തു. 17 റണ്‍സെടുത്ത് നെതര്‍ലന്‍ഡ്‌സ് നായകന്‍ ക്രീസ് വിട്ടു.

സ്‌കോട്ടിന് പകരം വന്ന തേജ നിദമനുരുവിനെ കൂട്ടുപിടിച്ച് എയ്ഞ്ജല്‍ബ്രെക്റ്റ് ടീം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായില്ല. 45 റണ്‍സെടുത്ത എയ്ഞ്ജല്‍ബ്രെക്റ്റിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. പുറകെ വന്ന ലോഗന്‍ വാന്‍ ബീക്ക് പൊരുതിനോക്കിയെങ്കിലും 16 റണ്‍സെടുത്ത താരത്തെ കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കി. ഒന്‍പതാമനായി വന്ന വാന്‍ ഡെര്‍ മെര്‍വ് രണ്ട് സിക്‌സും ഒരു ഫോറുമടിച്ച് വരവറിയിച്ചെങ്കിലും 16 റണ്‍സെടുത്ത താരത്തെ ജഡേജ പുറത്താക്കി. പുറകെ വന്ന ആര്യന്‍ ദത്തിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. അവസാനക്കാരനായി വന്ന മീകെറെനെ സാക്ഷിയാക്കി തേജ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരത്തെ രോഹിത് ശര്‍മ പുറത്താക്കി. തേജ 39 പന്തില്‍ 54 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ഇതോടെ 250 റണ്‍സിന് ടീം ഓള്‍ ഔട്ടായി.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഈ ലോകകപ്പിൽ ശ്രേയസിന്റെ ആദ്യത്തെയും രാഹുലിന്റെ രണ്ടാമത്തെയും സെഞ്ചുറിയാണിത്.. 84 പന്തിൽ നിന്നായിരുന്നു ശ്രേയസിന്റെ എണ്ണംപറഞ്ഞ സെഞ്ചുറി. കരിയറിലെ നാലാം ഏകദിന സെഞ്ചറി കൂടയാണിത്. രാഹുൽ 62 പന്തിൽ നിന്നാണ് സെഞ്ചുറി നേടിയത്. സെഞ്ചുറി നേടി രണ്ട് പന്ത് കൂടി നേരിട്ട് രാഹുൽ പുറത്തായി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും 12-ാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ 100-ല്‍ എത്തിച്ചു.. ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ ടീം സ്‌കോര്‍ 100-ല്‍ നില്‍ക്കെ ഗില്‍ പുറത്തായി.

 

 

 

32 പന്തില്‍ മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത ഗില്ലിനെ പോള്‍ വാന്‍ മീകെറെന്‍ പുറത്താക്കി. ഗില്ലിന് പകരം സൂപ്പര്‍താരം വിരാട് കോലിയാണ് ക്രീസിലെത്തിയത്. കോലിയെ സാക്ഷിയാക്കി രോഹിത് ശര്‍മയും അര്‍ധസെഞ്ചുറി നേടി. എന്നാല്‍ റണ്‍റേറ്റ ഉയര്‍ത്തുന്നതിനിടെ രോഹിത്തും വീണു. 54 പന്തില്‍ എട്ട് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 61 റണ്‍സെടുത്ത രോഹിത്തിനെ ബാസ് ഡി ലീഡ് പുറത്താക്കി. ഇതോടെ ഇന്ത്യ 129 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. രോഹിത്തിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി.

ശ്രേയസ്സും കോലിയും ചേര്‍ന്ന് ടീമിനെ നയിച്ചു. കോലിയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. വൈകാതെ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ശ്രേയസ്സിനെ സാക്ഷിയാക്കി കോലി അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ 71-ാം ഏകദിന അര്‍ധസെഞ്ചുറിയാണിത്. ലോകകപ്പില്‍ കോലി നേടുന്ന അഞ്ചാം അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് തൊട്ടുപിന്നാലെ കോലി പുറത്തായത് ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കി. 50-ാം ഏകദിന സെഞ്ചുറിയ്ക്കായി കോലി ഇനിയും കാത്തിരിക്കണം.

56 പന്തില്‍ അഞ്ചുഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത കോലിയെ വാന്‍ ഡെര്‍ മെര്‍വ് ക്ലീന്‍ ബൗള്‍ഡാക്കി. കോലി മടങ്ങുമ്പോള്‍ ഇന്ത്യ 200- ന് മൂന്ന് വിക്കറ്റ് എന്ന നിലയായിരുന്നു. കോലിയ്ക്ക് പകരം കെ.എല്‍.രാഹുല്‍ ക്രീസിലെത്തി. രാഹുലിനൊപ്പം ശ്രേയസ് അടിച്ചുതകര്‍ത്തു. ഇരുവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. രാഹുലിനെ സാക്ഷിയാക്കി ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി നേടി. നാലാം വിക്കറ്റില്‍ ഇരുവരും വൈകാതെ 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ശ്രേയസ് സെഞ്ചുറിയിലേക്ക് ഗിയര്‍ മാറ്റിയപ്പോള്‍ രാഹുല്‍ അര്‍ധസെഞ്ചുറി കുറിച്ചു.

അവസാന ഓവറുകളില്‍ ആളിക്കത്തിയ രാഹുലും ശ്രേയസും നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാരെ അടിച്ചൊതുക്കി. ഒടുവില്‍ ശ്രേയസ് ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. 84 പന്തിലാണ് താരം മൂന്നക്കം കണ്ടത്. പിന്നാലെ കണ്ടത് രാഹുലിന്റെ വെടിക്കെട്ടാണ്. രാഹുലും സെഞ്ചുറിയിലേക്ക് കുതിച്ചു. വെറും 62 പന്തുകളില്‍ നിന്ന് രാഹുല്‍ സെഞ്ചുറി നേടി. ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. സെഞ്ചുറിയ്ക്ക് പിന്നാലെ രാഹുല്‍ പുറത്തായി. 64 പന്തില്‍ 11 ഫോറും നാല് സിക്‌സുമടക്കം 102 റണ്‍സെടുത്ത രാഹുലിനെ ഡി ലീഡ് പുറത്താക്കി. ശ്രേയസ്സിനൊപ്പം 208 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും രാഹുലിന് സാധിച്ചു. മറുവശത്ത് ശ്രേയസ് 94 പന്തില്‍ 10 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 128 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വാന്‍ ഡെര്‍ മെര്‍വ്, വാന്‍ മീകെറെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!