ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനിരിക്കെ കൊലപാതക കേസിൽ ജയിലിലായി; മൂന്ന് വർഷത്തെ ജയിൽ ജീവിതത്തിനൊടുവിൽ നിരപരാധിയെന്ന് തെളിഞ്ഞു, ദുരിതങ്ങൾക്കൊടുവിൽ പ്രവാസിക്ക് നാട്ടിലേക്ക് മടങ്ങാൻ വഴി തെളിഞ്ഞു
2007ൽ സൗദിയിലെ റിയാദിന് സമീപം അൽഖർജിലെ ഒരു കൃഷിതോട്ടത്തിൽ ജോലിക്കെത്തിയതായിരുന്നു ഉത്തർപ്രദേശ് സ്വദേശി മൊലയ് റാം. കരാർ പ്രകാരമുള്ള ജോലി പൂർത്തിയാക്കി ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കൊലപാതക കുറ്റത്തിന് സൌദിയിലെ ജയിലിലാകുന്നത്. നിരപരാധിത്വം തെളിയാൻ മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. ഇക്കാലമത്രെയും കൊലക്കുറ്റം ചുമത്തപ്പെട്ട് സൌദിയിലെ ജയിലിൽ കഴിയുകയായിരുന്നു.
2020 ലാണ് കേസിനാസ്പദമായ സംഭവം. കൂടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശി ഓടിച്ച വാഹനം ഇടിച്ച് മറ്റൊരു ബംഗ്ലാദേശി മരിച്ചു. സംഭവത്തിൽ മനപ്പൂർവമുള്ള നരഹത്യക്ക് പൊലീസ് കേസെടുത്തു. കൂടെയുണ്ടായിരുന്നവരെന്ന നിലയിൽ മൊലയ് റാം അടക്കമുള്ളവർ സംഭവത്തിൽ അറസ്റ്റിലാവുകയുമായിരുന്നു.
ഇതിനിടെയാണ് കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ടത്. ഇതോടെ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലായി. ഇത് മൂലം അറസ്റ്റിലായവർ വിചാരണാ തടവുകാരായി ജയിലിൽ കഴിയേണ്ടിയും വന്നു. മൊലയ് റാമിന്‍റെ ബന്ധുക്കൾ സുഹൃത്തുക്കൾ മുഖേന സഹായത്തിനായി റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ ബന്ധപ്പെട്ടു.
ഒടുവിൽ മൂന്ന് വർഷത്തെ ജയിൽവാസത്തിന് ശേഷം കേസിൽ മൊലയ് റാം നിരപരാധിയാണെന്ന് തെളിഞ്ഞ് ജയിൽ മോചിതനായി. എന്നാൽ നാട്ടിലേക്ക് പോകാൻ പിന്നെയും കടമ്പകൾ ഏറെ ഉണ്ടായിരുന്നു. ജയിലിലാകുന്നതിന് മുമ്പ് നാട്ടിലേക്ക് പോകാനായി ഫൈനൽ എക്സിറ്റ് അടിച്ചിരുന്നു. എന്നാൽ കേസിലടകപ്പെട്ടതോടെ യാത്ര സാധിച്ചില്ല. എക്സിറ്റ് അടിച്ച ശേഷം നിശ്ചിത സമയത്തിനകം സൗദിയിൽ നിന്നും പുറത്തു പോകാതിരുന്നതിനാൽ എക്സിറ്റ് വിസ റദ്ദാക്കുന്നതിനും വീണ്ടും എക്സിറ്റ് അടിക്കുന്നതിനുമായി 1,000 റിയാൽ പിഴ ഒടുക്കണമെന്നാണ് ചട്ടം. ഇത് ഇന്ത്യൻ എംബസ്സിയുടെ ഇടപെടലിൽ ഒഴിവായി കിട്ടി.
എന്നാൽ കേസിലെ വിധി നടപ്പായെങ്കിലും മറ്റു രേഖകൾ ശരിയാക്കുന്നതിന്ന് പിന്നെയും മാസങ്ങളെടുത്തു. കേളി ജീവകാരുണ്യ വിഭാഗത്തിന്‍റെ നിരന്തര ഇടപെടലും എംബസിയുടെ നിർലോഭമായ സഹകരണവും മൂലം എല്ലാ രേഖകളും ശരിയാക്കി മൊലയ് റാമിന് വീണ്ടും ഫൈനൽ എക്സിറ്റ് ലഭിച്ചു. സുമനസ്സുകൾ സമ്മാനിച്ച ടിക്കറ്റുമായി മൊലയ് റാം അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക