സി.ഇ.ഒമാരുടെ മെയിൽ ഹാക്ക് ചെയ്ത് തട്ടിയത് 36 ദശലക്ഷം ഡോളർ; അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘം ദുബൈയിൽ അറസ്റ്റിൽ

രാജ്യാന്തര സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേർ ദുബായിൽ അറസ്റ്റിലായി. വിവിധ കമ്പനികളിൽ നിന്ന് 36 ദശലക്ഷം ഡോളറാണ് സംഘം തട്ടിയെടുത്തത്. കമ്പനി സിഇഒമാരുടെ മെയിൽ ഹാക്ക് ചെയ്ത് ഡീപ് ഫേക്ക് മെയിലുകൾ അയച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. മോണോപൊളി എന്ന് പേരിട്ട ഒപ്പറേഷനിലൂടെയാണ് 43 പേരെ ദുബായ് പൊലീസ് പിടികൂടിയത്. വിവിധ രാജ്യങ്ങളിൽ സംഘത്തെ സഹായിച്ച 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സിഇഒയുടെ ഇമെയിൽ ഹാക്ക് ചെയ്ത് തങ്ങളുടെ കമ്പനികളുടെ ബ്രാഞ്ചുകളിൽ നിന്ന് ഒരു അക്കൗണ്ടിലേയ്ക്ക് 19 ദശലക്ഷം ഡോളർ ആരോ ട്രാൻസ്ഫർ ചെയ്യിച്ചു എന്ന് ഒരു ഏഷ്യൻ കമ്പനിയിൽ നിന്ന് ലഭിച്ച പരാതിയിലാണ് സംഘത്തെ കുറിച്ച് ദുബായ് പൊലീസ് അന്വേഷണമാരംഭിച്ചത്. 2018ൽ ആരംഭിച്ച ഒരു അക്കൗണ്ടിലേയ്ക്കാണ് ഈ തുക കൈമാറിയിട്ടുള്ളതെന്നും അക്കൗണ്ട് ഉടമ നിലവിൽ യുഎഇയിലില്ല എന്നും പൊലീസ് മനസിലാക്കി. തട്ടിയെടുത്ത തുക വിവിധ അക്കൗണ്ടുകളിലേയ്ക്ക് മാറ്റി ഒരു ഹോൾഡിങ് കമ്പനിയുടെയും ട്രാൻസ്പോർട്ട് കമ്പനിയുടെയും അക്കൗണ്ടുകൾ വഴി വെളുപ്പിച്ചെടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ അക്കൗണ്ടുകളെല്ലാം നിരീക്ഷണത്തിലായിരുന്നു.

ഇതിനിടെയാണ് യുഎഇക്ക് പുറത്തെ മറ്റൊരു കമ്പനിയുടെ ഇ-മെയിൽ അക്കൗണ്ടും ഈ സംഘം ഹാക്ക് ചെയ്തതായി പൊലീസിന് വിവരം ലഭിച്ചത്. ഈ തുക കൈമാറപ്പെടുന്ന അക്കൗണ്ടുകളെല്ലാം ട്രാക്ക് ചെയ്ത പൊലീസ് ഇവരെ ഓരോരുത്തരെയായി കസ്റ്റഡിയിലെടുത്തു. സംഘത്തിന്റെ കൈയിൽ നിന്ന് ആഡംബര കാറുകളും വൻതുക വിലയുള്ള കരകൗശല വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫ്രാൻസ്, ഹോങ്കോങ്, സിങ്കപ്പൂർ എന്നിവിടങ്ങളിലെ അന്വേഷണ ഏജൻസികളുമായി കൂടി സഹരിച്ചായിരുന്നു പൊലീസിന്റെ ഓപ്പറേഷൻ.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!