ആളുമാറി ദഹിപ്പിച്ച ശോശാമ്മയുടെ ചിതാഭസ്മം പള്ളിയിൽ സംസ്കരിക്കും; കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങും
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിന് ചർച്ചയിലൂടെ പരിഹാരം. ആളുമാറി ദഹിപ്പിച്ച ചോറ്റി സ്വദേശിയായ പുത്തൻപറമ്പിൽ ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് കല്ലറയിൽ നിക്ഷേപിക്കാൻ ധാരണയായി. ശോശാമ്മ ജോണിനെ ദഹിപ്പിച്ച സ്ഥലത്തുനിന്ന് ചിതാഭസ്മം ശേഖരിച്ച് കൂട്ടിക്കൽ സെന്റ് ലൂക്സ് സിഎസ്ഐ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കാനാണ് ധാരണ. അതിനു മുന്നോടിയായി ചിതാഭസ്മം ചോറ്റിയിലെ വീട്ടിലെത്തിച്ച് പ്രാർഥന നടത്തും. പുത്തൻപറമ്പിൽ പരേതനായ പി.സി. ജോണിന്റെ (ജോയിക്കുട്ടി) ഭാര്യയാണ് ശോശാമ്മ ജോൺ. മൈലപ്ര കൊച്ചുകിഴക്കേതിൽ കുടുംബാംഗമാണ്.
ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ചെറുവള്ളി മാൻകുഴിയിൽ കമലാക്ഷിയമ്മയുടെ (80) മൃതദേഹം മക്കൾ ഏറ്റുവാങ്ങി സംസ്കരിക്കാനും ധാരണയായി. പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യയാണ് കമലാക്ഷിയമ്മ.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെയും തഹസിൽദാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്. ചിറക്കടവ് കവല സ്വദേശിനിയായ കമലാക്ഷിയുടെ മൃതദേഹെന്ന പേരിൽ, ചോറ്റി സ്വദേശിയായ ശോശാമ്മ ജോണിന്റെ മൃതദേഹം ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. മൃതദേഹം മതാചാരപ്രകാരം ദഹിപ്പിച്ച ശേഷമാണ് ആളു മാറിയതായി കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി 26–ാം മൈലിൽ പ്രവർത്തിക്കുന്ന മേരി ക്വീൻസ് ആശുപത്രിയിലാണ് അസാധാരണ സംഭവം നടന്നത്. ഇന്നു രാവിലെ പത്തു മണിക്കു നിശ്ചയിച്ചിരുന്ന ശോശാമ്മയുടെ സംസ്കാരത്തിനായി മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് ആളു മാറിയ വിവരം അറിയുന്നത്. ഉടൻ തന്നെ കമലാക്ഷിയമ്മയുടെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്കും മൃതദേഹം ദഹിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിതാഭസ്മം ശേഖരിച്ച് കുടുംബക്കല്ലറയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്. സംസ്കാര ശുശ്രൂഷകൾക്കു ശേഷം ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് ശോശാമ്മയുടെ കുടുംബം അറിയിച്ചു.
രണ്ടുദിവസം മുൻപാണ് ഹൃദയാഘാതത്തെത്തുടർന്ന് ശോശാമ്മ മരിക്കുന്നത്. ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നാണ് ശോശാമ്മയുടെ സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. രാവിലെ ശോശാമ്മയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് ആളുമാറിയതായി മനസിലാക്കുന്നത്.
മോർച്ചറിയിൽ ശോശാമ്മയുടെ മൃതദേഹം സൂക്ഷിച്ചിരുന്നപ്പോൾ തന്നെ സമാനപ്രായമുള്ള ചിറക്കടവ് സ്വദേശിനി കമലാക്ഷിയമ്മയുടെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. ശോശാമ്മയുടെ ബന്ധുക്കൾക്ക് കമലാക്ഷിയമ്മയുടെ മൃതദേഹമാണ് ആശുപത്രി അധികൃതർ നൽകിയത്. ഇതോടെ വലിയരീതിയിൽ പ്രതിഷേധം ഉയർന്നു. ശോശാമ്മയുടെ മൃതദേഹം ആവശ്യപ്പെട്ടപ്പോൾ മറ്റൊരുകൂട്ടർ കൊണ്ടുപോയി സംസ്‌കരിച്ചുവെന്ന വിശദീകരണമാണ് ആശുപത്രിയിൽ നിന്ന് ലഭിച്ചത്.
മൃതദേഹങ്ങൾ തമ്മിൽ എങ്ങനെയാണ് മാറി പോയതെന്ന് വ്യക്തമല്ല. ശോശാമ്മയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചതോടെ പൊലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ചർച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിച്ചത്. ശോശാമ്മയുടെ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിതാഭസ്‌മം ബന്ധുക്കൾക്ക് വിട്ടുനൽകും. കമലാക്ഷിയമ്മയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായെന്നും മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും ശോശാമ്മയുടെ കുടുംബം പറഞ്ഞു.
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
Pingback: സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകി; കിട്ടിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിച്ചു - MALAYALAM NEWS DESK